പാകിസ്ഥാന്റെ വഴിയെ ശ്രീലങ്ക; സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തില്‍ ഒപ്പുവെച്ച് പ്രതിപക്ഷം
World News
പാകിസ്ഥാന്റെ വഴിയെ ശ്രീലങ്ക; സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തില്‍ ഒപ്പുവെച്ച് പ്രതിപക്ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th April 2022, 1:53 pm

കൊളംബോ: ശ്രീലങ്കയില്‍ പ്രതിസന്ധി രൂക്ഷമായി തന്നെ തുടരവെ ഗോതബയ രജപക്‌സെ- മഹിന്ദ രജപക്‌സെ സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തില്‍ ഒപ്പുവെച്ച് പ്രതിപക്ഷം. മുഖ്യ പ്രതിപക്ഷ സഖ്യമായ യുണൈറ്റഡ് പീപ്പിള്‍സ് ഫോഴ്സ് അഥവാ സമാഗി ജന ബലവേഗയ (എസ്.ജെ.ബി) ആണ് അവിശ്വാസ- ഇംപീച്ച്‌മെന്റ് പ്രമേയത്തില്‍ ഒപ്പുവെച്ചത്.

എസ്.ജെ.ബിയിലെ 50ഓളം അംഗങ്ങളാണ് പ്രമേയത്തില്‍ ഒപ്പുവെച്ചത്.

പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ തന്നെ ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

”മാറ്റം കാണാതെ ഞങ്ങള്‍ പിന്മാറില്ല,” എന്നായിരുന്നു പ്രമേയത്തില്‍ താന്‍ ഒപ്പുവെച്ചതിന്റെ ഫോട്ടോകള്‍ പങ്കുവെച്ച് കൊണ്ട് സജിത് പ്രേമദാസ ട്വീറ്റ് ചെയ്തത്.

നിലവില്‍, കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രമേയത്തില്‍ ഒപ്പം ചേരാന്‍ കാത്തിരിക്കുകയാണ് എസ്.ജെ.ബി.

പാര്‍ലമെന്റില്‍ പ്രമേയം അവതരിപ്പിക്കുന്നതിന് മുമ്പെ, വിവിധ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നായി 40 പാര്‍ലമെന്റംഗങ്ങളുടെ പിന്തുണയും ഒപ്പുമാണ് എസ്.ജെ.ബിക്ക് വേണ്ടത്.

രാജി വെക്കാന്‍ തയാറാകാതിരുന്ന ഗോതബയയുടെ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് നേരത്തെ തന്നെ പ്രതിപക്ഷം മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു.

നേരത്തെ, ശ്രീലങ്കന്‍ സര്‍ക്കാരിലെ മന്ത്രിസഭ രാജിവെച്ചിരുന്നു. പ്രധാനമന്ത്രി മഹിന്ദ രജപക്സെയുടെ മകന്‍ നമല്‍ രജപക്സെ അടക്കമുള്ളവരായിരുന്നു രാജിവെച്ചത്.

പുതിയ മന്ത്രിസഭയില്‍ രജപക്‌സെ കുടുംബത്തില്‍ നിന്നുള്ളവര്‍ ഉണ്ടാകില്ലെന്നും പ്രസ്താവന പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് തള്ളിയ പ്രതിപക്ഷം പ്രസിഡന്റ്, പ്രധാനമന്ത്രി പദങ്ങളില്‍ ഗോതബയ രജപക്‌സെയും ജ്യേഷ്ഠ സഹോദരന്‍ മഹിന്ദ രജപക്‌സെയും തുടരുന്നത് കാരണമാണ് ഇപ്പോള്‍ അവിശ്വാസ പ്രമേയ നീക്കത്തിലേക്ക് കടന്നിരിക്കുന്നത്.

Content Highlight: Sri Lanka’s Opposition Signs No-Trust and Impeach Motion against the government of President Gotabaya Rajapaksa