കൃഷി മന്ത്രിയുടെ വീടിന് മുന്നില്‍ ഭാരതാംബയുടെ ചിത്രത്തില്‍ തിരികൊളുത്തി പ്രതിഷേധിക്കാന്‍ ബി.ജെ.പി ശ്രമം; പ്രതിഷേധ സൂചകമായി മരത്തൈ നട്ട് സി.പി.ഐ
Kerala News
കൃഷി മന്ത്രിയുടെ വീടിന് മുന്നില്‍ ഭാരതാംബയുടെ ചിത്രത്തില്‍ തിരികൊളുത്തി പ്രതിഷേധിക്കാന്‍ ബി.ജെ.പി ശ്രമം; പ്രതിഷേധ സൂചകമായി മരത്തൈ നട്ട് സി.പി.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th June 2025, 12:13 pm

ആലപ്പുഴ: ഭാരതാംബ വിവാദത്തെ തുടര്‍ന്ന് കൃഷി മന്ത്രി പി. പ്രസാദിന്റെ വീടിന് മുമ്പില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍. ഭാരതാംബ ചിത്രത്തിന് മുമ്പില്‍ തിരികൊളുത്തി പ്രതിഷേധിക്കാന്‍ ശ്രമിച്ച ബി.ജെ.പി പ്രവര്‍ത്തകരെ സി.പി.ഐ പ്രവര്‍ത്തകരെത്തി തടഞ്ഞതിന് പിന്നാലെ സംഘര്‍ഷാവസ്ഥ ഉണ്ടാവുകയായിരുന്നു.

മന്ത്രിയുടെ ആലപ്പുഴ നൂറനാട് വീടിന് മുന്നിലാണ് സംഘര്‍ഷമുണ്ടായത്. ഭാരതാംബയുടെ ചിത്രവുമുയര്‍ത്തിയാണ് ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്.

വിഷയമറിഞ്ഞ് സി.പി.ഐ പ്രവര്‍ത്തകരെത്തുകയും പരസ്പരം മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. പിന്നീട് പൊലീസെത്തി ക്രമസമാധാനം നിലനിര്‍ത്തുകയുമായിരുന്നു.

പിന്നാലെ പ്രതിഷേധ സൂചകമായി മന്ത്രിയുടെ വീടിന് മുന്നില്‍ സി.പി.ഐ പ്രവര്‍ത്തകര്‍ ദേശീയ പതാക വെക്കുകയും മരത്തൈ നടുകയുമായിരുന്നു.

ഇന്ന് സി.പി.ഐ സംസ്ഥാനത്ത് ബ്രാഞ്ചുകളിലെല്ലാം മരത്തൈ നട്ടുകൊണ്ട് പ്രതിഷേധം നടത്തുമെന്ന് അറിയിച്ചിരുന്നു. തുടര്‍ന്ന് തൃശൂരില്‍ ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തില്‍ മരത്തൈ നടുകയും ചെയ്തു.

ഭാരതാംബ വിവാദത്തിനിടെ ദേശീയ പതാകയാണ് ഭാരത മാതാവിന്റെ പ്രതീകമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞിരുന്നു. തുടര്‍ന്നാണ് ജൂണ്‍ ഏഴിന് ദേശീയ പതാക ഉയര്‍ത്തി അതിന് മുന്നില്‍ എല്ലാ സി.പി.ഐ ബ്രാഞ്ചുകളിലും വൃക്ഷത്തൈകള്‍ നടാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചത്.

പരിസ്ഥിതിദിനാഘോഷത്തിനായി വ്യാഴാഴ്ച രാവിലെയാണ് രാജ് ഭവന്‍ കൃഷിവകുപ്പിനെ ചടങ്ങുമായി ബന്ധപ്പെട്ട് തിരി തെളിക്കലും പുഷ്പാര്‍ച്ചനയും വേണമെന്ന് അറിയിച്ചത്. പിന്നാലെ ഒരു കാരണവശാലും സര്‍ക്കാര്‍ പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വെക്കാന്‍ കഴിയില്ലെന്ന് ഓഫീസ് മറുപടി നല്‍കുകയായിരുന്നു. പിന്നാലെയാണ് വിവാദമാരംഭിച്ചത്.

Content Highlight: BJP attempts to protest by setting fire to a portrait of Bharatamba in front of the Agriculture Minister’s house; CPI plants a sapling as a sign of protest