സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതനായ നടനും സഹസംവിധായകനുമാണ് ബിനു പപ്പു. മലയാളികളുടെ പ്രിയനടന്‍ കുതിരവട്ടം പപ്പുവിന്റെ മകനാണ് അദ്ദേഹം. 2014ല്‍ പുറത്തിറങ്ങിയ ഗുണ്ട എന്ന സിനിമയിലൂടെയാണ് ബിനു അഭിനയരംഗത്തേക്ക് കടക്കുന്നത്.
പിന്നീട് ഹെലന്‍, വണ്‍, ഓപ്പറേഷന്‍ ജാവ, ഭീമന്റെ വഴി, ലൂസിഫര്‍, തല്ലുമാല തുടങ്ങി നിരവധി ചിത്രങ്ങളിലെ പ്രകടനത്തിലൂടെ അദ്ദേഹം ശ്രദ്ധിക്കപ്പെടുകയായിരുന്നു. അതിനുപുറമെ ഗപ്പി, മായാനദി, അമ്പിളി, വൈറസ്, ഹലാല്‍ ലവ് സ്റ്റോറി, വണ്‍, നാരദന്‍, തല്ലുമാല, പുഴു, സൗദി വെള്ളക്ക, തുടരും എന്നീ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഈയിടെ ഇറങ്ങിയ അഭിലാഷം എന്ന സിനിമയിലും ഒരു പ്രധാനവേഷത്തില്‍ ബിനു പപ്പു അഭിനയിച്ചിരുന്നു. തിയേറ്ററില്‍ അത്ര വിജയം നേടിയില്ലെങ്കിലും ഒ.ടി.ടിയില്‍ എത്തിയപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് അഭിലാഷം.
ഇപ്പോള്‍ മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഈ സിനിമ ഒ.ടി.ടിയില്‍ ഇറങ്ങിയ ശേഷം തനിക്ക് ഒരുപാട് മെസേജുകള്‍ വരുന്നുണ്ടെന്ന് പറയുകയാണ് ബിനു പപ്പു. ക്ലൈമാക്‌സ് ക്ലീഷേ ആക്കാതെ നഷ്ടപ്രണയം അങ്ങനെ തന്നെ തുടരുന്നു എന്നതാണ് എല്ലാവര്‍ക്കും വളരെ ഇഷ്ടമായതെന്നും അദ്ദേഹം പറയുന്നു.
‘എനിക്ക് അഭിലാഷം എന്ന സിനിമയെ കുറിച്ച് പറഞ്ഞു കൊണ്ട് ഒരുപാട് മെസേജുകള്‍ വരുന്നുണ്ട്. ക്ലീഷേ ക്ലൈമാക്‌സിലേക്ക് പോകാതെ നഷ്ടപ്രണയം അങ്ങനെ തന്നെ തുടരുന്നു എന്നതാണ് എല്ലാവര്‍ക്കും വളരെ ഇഷ്ടമായത്.
എന്തായാലും ഈ സിനിമക്ക് ശേഷം കേരളത്തില്‍ ഒരുപാട് വിരഹ കാമുകന്മാര്‍ ഉണ്ടെന്ന് മനസിലായി. മിക്കവരുടെയും മെസേജ് അത്തരത്തിലാണ് (ചിരി). അനുഭവിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ മനസിലാകുള്ളൂ എന്നാണ് മിക്കവരും പറയുന്നത്. അങ്ങനെയുള്ള മെസേജുകളാണ് കൂടുതലും,’ ബിനു പപ്പു പറയുന്നു.
മണിയറയിലെ അശോകന്‍ എന്ന സിനിമക്ക് ശേഷം ഷംസു സെയ്ബ സംവിധാനം ചെയ്ത ചിത്രമായിരുന്നു അഭിലാഷം. സെക്കന്റ് ഷോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്‍ സരിഗ ആന്റണി, ശങ്കര്‍ദാസ് എന്നിവര്‍ ചേര്‍ന്നാണ് ഈ സിനിമ നിര്‍മിച്ചത്.
ജെനിത് കാച്ചപ്പിള്ളി തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ സൈജു കുറുപ്പ്, തന്‍വി റാം, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അവര്‍ക്ക് പുറമെ ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയ മികച്ച താരനിരയും അഭിലാഷത്തിനായി ഒന്നിച്ചിരുന്നു.
Content Highlight: Binu Pappu Talks About Messages About Abhilasham Movie