ആ സിനിമയിൽ മണി ചേട്ടൻ ചെയ്ത റോൾ ആദ്യം ചെയ്യാനിരുന്നത് അച്ഛനായിരുന്നു: ബിനു പപ്പു
Entertainment
ആ സിനിമയിൽ മണി ചേട്ടൻ ചെയ്ത റോൾ ആദ്യം ചെയ്യാനിരുന്നത് അച്ഛനായിരുന്നു: ബിനു പപ്പു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 18th May 2025, 12:25 pm

മലയാളികൾക്ക് ഇന്ന് പരിചിതനായ നടനും സഹസംവിധായകനുമാണ് ബിനു പപ്പു. കുതിരവട്ടം പപ്പുവിന്റെ മകനാണ് അദ്ദേഹം. 2014ൽ പുറത്തിറങ്ങിയ ഗുണ്ട എന്ന സിനിമയിലൂടെയാണ് ബിനു അഭിനയരംഗത്തേക്ക് കടക്കുന്നത്. പിന്നീട് ഹെലൻ, വൺ, ഓപ്പറേഷൻ ജാവ, ഭീമന്റെ വഴി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടു. മോഹൻലാലിന്റെ പുതിയ ചിത്രമായ തുടരും ചിത്രത്തിലും ബിനു പപ്പു പ്രധാനവേഷം ചെയ്തു, ചിത്രത്തിന്റെ സഹ സംവിധായകനുമാണ് അദ്ദേഹം.

ഇപ്പോൾ കുതിരവട്ടം പപ്പുവിനെ കുറിച്ചും അദ്ദേഹത്തിന് ഉണ്ടായിരുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചും സംസാരിക്കുകയാണ് ബിനു പപ്പു. സിനിമയിൽ അഭിനയിക്കുക എന്നതിലായിരുന്നു അച്ഛൻ ഏറ്റവും കൂടുതൽ പ്രാധ്യാന്യം കൊടുത്തിരുന്നതെന്ന് ബിനു പപ്പു പറയുന്നത്.

സുന്ദര കില്ലാടി എന്ന സിനിമക്ക് ശേഷം അദ്ദേഹം അഭിനയിക്കാൻ പോയത് സമ്മർ ഇൻ ബെത്‌ലഹേമിലാണെന്നും കലാഭവൻ മണി ചെയ്ത റോൾ ചെയ്യാനിരുന്നത് അദ്ദേഹമാണെന്നും ബിനു പറയുന്നു. ആരോഗ്യ പ്രശ്‌നങ്ങൾ മൂലം അച്ഛന് ആ വേഷം ചെയ്യാൻ കഴിഞ്ഞില്ലെന്നും ആദ്യമായി അന്നാണ് ഒരു സിനിമ താൻ ചെയ്യുന്നില്ല എന്ന് അച്ഛൻ പറഞ്ഞതെന്നും ബിനു പപ്പു കൂട്ടിച്ചേർത്തു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുന്ദര കില്ലാടിക്ക് പോയി കഴിഞ്ഞ് അവിടുന്ന് നേരെ അച്ഛൻ പോകുന്നത് സമ്മർ ഇൻ ബത്‌ലേഹമിൽ അഭിനയിക്കാൻ വേണ്ടിയാണ്. അതിൽ മണിചേട്ടൻ ചെയ്ത റോൾ ആദ്യം ചെയ്യാനിരുന്നത് അച്ഛനായിരുന്നു. അച്ഛൻ ആ സെറ്റിൽ ചെല്ലുന്നു. ആദ്യം എടുത്തത് സോങ്ങായിരുന്നു. സ്‌റ്റെപ്പ് ഓടികയറി വന്നപ്പോൾ ഭയങ്കരമായിട്ട് പുള്ളിക്ക് കിതപ്പ് ഫീൽ ചെയ്തു. അപ്പോൾ എനിക്ക് തീരെ വയ്യ എന്ന് പറഞ്ഞ് അച്ഛൻ റൂമിൽ പോയി.

അത് കഴിഞ്ഞിട്ടും അച്ഛന് ശ്വാസം വലിക്കാൻ ബുദ്ധിമുട്ടായി. അങ്ങനെ ആദ്യമായിട്ട് അച്ഛൻ ഒരു സിനിമ ചെയ്യുന്നില്ല എന്ന് പറഞ്ഞ്, ആരോഗ്യ പ്രശ്‌നം കൊണ്ട് തിരിച്ചു പോന്നു. കുറച്ച് വേണ്ടാത്ത കടും പിടിത്തങ്ങളൊക്കെ ഉണ്ട്. ഡോക്ടറുടെ അടുത്ത് പോകാൻ വിളിച്ചാൻ വരില്ല. അച്ഛന് തന്നെ തീരെ വയ്യ എന്നുള്ള ഒരു പോയിന്റിൽ എത്തുമ്പോളെ വരികയുള്ളു. അങ്ങനത്തെ കുറെ കടുംപിടിത്തങ്ങളും വാശിയുമൊക്കെ ഉള്ള ആളാണ്,’ബിനു പപ്പു പറയുന്നു.

Conte highlight: Binu Pappu talks about Kuthiravattam Pappu and the health problems he had.