ഒരു സീനെടുത്തതിന് ശേഷമാണ് ഞാന്‍ പപ്പുവിന്റെ മകനാണെന്ന് രാജുവേട്ടനോട് പറയുന്നത്: ബിനു പപ്പു
Entertainment
ഒരു സീനെടുത്തതിന് ശേഷമാണ് ഞാന്‍ പപ്പുവിന്റെ മകനാണെന്ന് രാജുവേട്ടനോട് പറയുന്നത്: ബിനു പപ്പു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 3rd May 2025, 11:34 am

സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതനായ നടനും സഹസംവിധായകനുമാണ് ബിനു പപ്പു. മലയാളികളുടെ പ്രിയനടന്‍ കുതിരവട്ടം പപ്പുവിന്റെ മകനാണ് അദ്ദേഹം. 2014ല്‍ പുറത്തിറങ്ങിയ ഗുണ്ട എന്ന സിനിമയിലൂടെയാണ് ബിനു അഭിനയരംഗത്തേക്ക് കടക്കുന്നത്.

പിന്നീട് ഹെലന്‍, വണ്‍, ഓപ്പറേഷന്‍ ജാവ, ഭീമന്റെ വഴി, ലൂസിഫര്‍, തല്ലുമാല തുടങ്ങി നിരവധി ചിത്രങ്ങളിലെ പ്രകടനത്തിലൂടെ അദ്ദേഹം ശ്രദ്ധിക്കപ്പെടുകയായിരുന്നു. അതിനുപുറമെ ഗപ്പി, മായാനദി, അമ്പിളി, വൈറസ്, ഹലാല്‍ ലവ് സ്റ്റോറി, വണ്‍, നാരദന്‍, തല്ലുമാല, പുഴു, സൗദി വെള്ളക്ക, തുടരും എന്നീ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇപ്പോള്‍ മണിയന്‍പിള്ള രാജുവിനോട് താന്‍ കുതിരവട്ടം പപ്പുവിന്റെ മകനാണെന്ന് പറഞ്ഞ നിമിഷത്തെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ബിനു പപ്പു. സില്ലിമോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു നടന്‍.

‘ഞാന്‍ സഖാവ് എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് അവിടെ മണിയന്‍പിള്ള രാജു ചേട്ടനും ഇരിക്കുന്നുണ്ടായിരുന്നു. ഒരു സീന്‍ അഭിനയിച്ച് കഴിഞ്ഞതിന് ശേഷമാണ് ഞാന്‍ കുതിരവട്ടം പപ്പുവിന്റെ മകനാണ് എന്ന് പറയുന്നത്.

അപ്പോള്‍ അദ്ദേഹം എന്നോട് ചോദിച്ചത് ‘താന്‍ എന്താടോ അത് നേരത്തെ പറയാതിരുന്നത്’ എന്നായിരുന്നു. ഞാനും മിണ്ടാതെ ചിരിച്ചതേയുള്ളൂ. അദ്ദേഹം എന്നെ കെട്ടിപിടിച്ചു. ‘താന്‍ പറയാതിരുന്നത് എന്തിനാണ്. ഞാന്‍ തന്നെ വളരെ ചെറുപ്പത്തില്‍ കണ്ടതല്ലേ’യെന്ന് അദ്ദേഹം വീണ്ടും ചോദിച്ചു.

എനിക്ക് അവരെയൊന്നും ശല്യപ്പെടുത്തണമെന്ന് ഉണ്ടായിരുന്നില്ല. അല്ലാതെ നേരെ ചെന്ന് ‘ഞാന്‍ ഈ ആളുടെ മകനാണ്’ എന്ന് പറയാന്‍ സാധിക്കില്ലല്ലോ. അതല്ലല്ലോ യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടത്. അതുകൊണ്ട് തന്നെയാണ് പലപ്പോഴും മാറി നില്‍ക്കുന്നത്.

പക്ഷെ അവര്‍ക്കൊക്കെ അതില്‍ വളരെ വിഷമമാണ്. നമ്മള്‍ പറഞ്ഞില്ലല്ലോ എന്ന ചിന്തയാണ് അവര്‍ക്ക്. പിന്നീട് ചിന്തിച്ചപ്പോഴാണ് എനിക്കും കാര്യം മനസിലായത്. ഞാന്‍ ശരിക്കും അവരോട് പോയി പറയണമായിരുന്നു.

കാരണം അവരൊക്കെ എന്റെ അച്ഛന്റെ സുഹൃത്തുക്കളാണ്. ഒരുപാട് വര്‍ഷത്തെ പരിചയമാണ് അവര്‍ക്ക്. ഒരുപാട് സിനിമകളില്‍ വര്‍ക്ക് ചെയ്തവരാണ് അവര്‍. അവരൊക്കെ കൊളീക്‌സാണ്, കൂട്ടുക്കാരാണ്,’ ബിനു പപ്പു പറയുന്നു.

Content Highlight: Binu Pappu Talks About Kuthiravattam Pappu And Maniyanpilla Raju