യുക്തിയൊന്നും ചിന്തിച്ചില്ല; ആ ഡയലോഗിന് ശേഷമാണ് ബേസിലിന് വെച്ചടി വെച്ചടി കയറ്റമായത്: ബിനു പപ്പു
Entertainment
യുക്തിയൊന്നും ചിന്തിച്ചില്ല; ആ ഡയലോഗിന് ശേഷമാണ് ബേസിലിന് വെച്ചടി വെച്ചടി കയറ്റമായത്: ബിനു പപ്പു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 26th April 2025, 9:33 am

മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് ബിനു പപ്പു. കുതിരവട്ടം പപ്പുവിന്റെ മകനാണ് അദ്ദേഹം. 2014ല്‍ പുറത്തിറങ്ങിയ ഗുണ്ട എന്ന സിനിമയിലൂടെയാണ് ബിനു അഭിനയരംഗത്തേക്ക് കടക്കുന്നത്. പിന്നീട് ഹെലന്‍, വണ്‍, ഓപ്പറേഷന്‍ ജാവ, ഭീമന്റെ വഴി തുടങ്ങി നിരവധി ചിത്രങ്ങളിലെ പ്രകടനത്തിലൂടെ അദ്ദേഹം ശ്രദ്ധിക്കപ്പെടുകയായിരുന്നു.

ഐശ്വര്യ ലക്ഷ്മി – ടൊവിനോ തോമസ് ചിത്രമായ മായാനദി (2017) എന്ന സിനിമയില്‍ ബിനു പപ്പു അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്തിരുന്നു. ഇപ്പോള്‍ ചിത്രത്തിലെ ബേസില്‍ ജോസഫിന്റെ ‘മലയാള സിനിമ നശിച്ചു പോകട്ടെ’ എന്ന ഡയലോഗിനെ കുറിച്ച് പറയുകയാണ് ബിനു പപ്പു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മായാനദിയില്‍ ബേസില്‍ ‘മലയാള സിനിമ നശിച്ചു പോകട്ടെ’ എന്ന് പറയുന്ന ഒരു സീനുണ്ട്. സത്യത്തില്‍ ‘നശിച്ചു പോകട്ടെ’ എന്ന് മാത്രമായിരുന്നു ആ ഡയലോഗില്‍ ആദ്യം തീരുമാനിച്ചിരുന്നത്.

ഒരു സംവിധായകന്റെ സ്വാതന്ത്ര്യത്തില്‍ മറ്റൊരാള്‍ കൈ കടത്തിയത് കാരണം അയാള്‍ ആകെ നിരാശനായിട്ട് പറയുന്നതാണ് അത്. ഞങ്ങള്‍ ലാല്‍ മീഡിയയില്‍ വെച്ചായിരുന്നു ആ സീന്‍ ഷൂട്ട് ചെയ്തത്.

പക്ഷെ ബേസില്‍ സീനില്‍ ‘നശിച്ചു പോകട്ടെ’ എന്ന് മാത്രം പറയുമ്പോള്‍ ഡയലോഗ് അത്ര എവിഡെന്റാകില്ലായിരുന്നു. അപ്പോള്‍ ടേക്ക് പോകാന്‍ നേരം ഞാന്‍ പെട്ടെന്ന് മലയാള സിനിമ നശിച്ചു പോകട്ടെ എന്ന് പറയാന്‍ പറഞ്ഞു.

പ്രാകുന്നത് പോലെയാണ് ആ ഡയലോഗ് പറയാന്‍ പറഞ്ഞത് (ചിരി). ബേസില്‍ ഞാന്‍ പറഞ്ഞത് പോലെ തന്നെ ആ ഡയലോഗ് പറയുകയും ചെയ്തു. ആ സമയത്ത് യുക്തിയൊന്നും ചിന്തിച്ചില്ല.

ആ മൊമന്റ് തമാശയാക്കാന്‍ വേണ്ടി ചെയ്തതായിരുന്നു. പക്ഷെ അത് പോസിറ്റീവായ പ്രാക്കായിരുന്നു. മലയാള സിനിമയ്ക്ക് പിന്നെ വെച്ചടി വെച്ചടി കയറ്റമായിരുന്നു. ബേസിലിനും വെച്ചടി വെച്ചടി കയറ്റമായിരുന്നു,’ ബിനു പപ്പു പറയുന്നു.

മായാനദി:

2017ലാണ് ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി പുറത്തിറങ്ങുന്നത്. നടി ഐശ്വര്യ ലക്ഷ്മിയുടെ രണ്ടാമത്തെ സിനിമയാണ് ഇത്. അപ്പു എന്ന കഥാപാത്രമായി ഐശ്വര്യ ലക്ഷ്മി എത്തിയപ്പോള്‍ ടൊവിനോ തോമസ് മാത്തന്‍ എന്ന കഥാപാത്രമായാണ് അഭിനയിച്ചത്. ബേസില്‍ ജോസഫ് ഡയറക്ടര്‍ ജിനു എന്ന കഥാപാത്രമായിട്ടാണ് എത്തിയത്.


Content Highlight: Binu Pappu Talks About Basil Joseph’s Dialogue In Mayanadi Movie