സിനിമയില്‍ അര്‍ജുന്‍ അശോകന് പകരം ഞങ്ങള്‍ കാസ്റ്റ് ചെയ്തത് മറ്റൊരാളെ ആയിരുന്നു: ബിനു പപ്പു
Entertainment
സിനിമയില്‍ അര്‍ജുന്‍ അശോകന് പകരം ഞങ്ങള്‍ കാസ്റ്റ് ചെയ്തത് മറ്റൊരാളെ ആയിരുന്നു: ബിനു പപ്പു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 23rd May 2025, 5:10 pm

റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് മോഹന്‍ലാല്‍ ചിത്രം തുടരും. ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് തന്നെ കോടികള്‍ സ്വന്തമാക്കാന്‍ ചിത്രത്തിന് സാധിച്ചിരുന്നു. തരുണ്‍മൂര്‍ത്തിയുടെ സംവിധാനത്തില്‍ പുറത്തുവന്ന ചിത്രം സിനിമാപ്രേമികള്‍ക്കും, മോഹന്‍ലാല്‍ ആരാധകര്‍ക്കും തിയേറ്ററില്‍ ഒരു ദൃശ്യ വിസ്മയം തന്നെയായിരുന്നു.

മോഹന്‍ലാലിന് പുറമെ ശോഭന, ബിനു പപ്പു, പ്രകാശ് വര്‍മ എന്നിവരും സിനിമയില്‍ പ്രധാനവേഷത്തില്‍ എത്തിയിരുന്നു. സിനിമയില്‍ ഒരു ചെറിയ വേഷത്തില്‍ അര്‍ജുന്‍ അശോകനും അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ അര്‍ജുന്‍ അശോകനെ കുറിച്ച് സംസാരിക്കുകയാണ് നടനും സിനിമയുടെ കോ ഡയറക്ടറുമായ ബിനു പപ്പു.

അര്‍ജുന്‍ അശോകന് പകരം സിനിമയില്‍ മറ്റൊരാളെ ആയിരുന്നു ആദ്യം കാസ്റ്റ് ചെയ്തതെന്നും ചില സാങ്കേതിക കാരണത്താല്‍ അദ്ദേഹത്തിന് വരാന്‍ സാധിച്ചില്ലെന്നും ബിനു പപ്പു പറയുന്നു. പിന്നീട് ഈ കഥാപാത്രത്തിന് അര്‍ജുന്‍ അശോകന്‍ ആപ്റ്റായിരിക്കുമെന്ന് തങ്ങള്‍ക്ക് തോന്നിയെന്നും അങ്ങനെ അദ്ദേഹത്തെ വിളിക്കുകയായിരുന്നുവെന്നും ബിനു പപ്പു കൂട്ടിച്ചേര്‍ത്തു.

അര്‍ജുനെ വിളിച്ച് ചോദിച്ചപ്പോള്‍ തന്നെ അദ്ദേഹം ചെയ്യാന്‍ തയ്യാറായെന്നും മോഹന്‍ലാലിന്റെ കൂടെ അര്‍ജുന്‍ ഇതുവരെ അഭിനയിച്ചിട്ടെല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസില്‍ സംസാരിക്കുകയായിരുന്നു ബിനു പപ്പു.

‘അര്‍ജുന് പകരം വേറെ ഒരാളയായിരുന്നു ആദ്യം കാസ്റ്റ് ചെയ്തത്. ലാസ്റ്റ് മൊമെന്റ് വരെ ചിലപ്പോള്‍ അങ്ങനെ മാറികോണ്ടിരിക്കും. വേറെ ഒരാള്‍ ആയിരുന്നു നമ്മള്‍ അപ്രോച്ച് ചെയ്തിരുന്നത്. അയാള്‍ക്ക് ചില സാങ്കേതിക കാരണത്താല്‍ വരാന്‍ കഴിഞ്ഞില്ല. അങ്ങനെ വന്നപ്പോള്‍ പിന്നെ അര്‍ജുന്‍ ഓക്കെയല്ലേ എന്ന് ഞങ്ങള്‍ വിചാരിച്ചു.

കാരണം ഈ കഥാപാത്രം കുറച്ച് ചൂടാവണമല്ലോ, ചിരിക്കുന്നൊന്നും ഇല്ലല്ലോ. അപ്പോള്‍ അവന് നന്നായിരിക്കും, അവനെ ഒന്ന് വിളിച്ചുനോക്കാം എന്ന് വിചാരിച്ചു. അങ്ങനെ ഇവനെ വിളിച്ചതും എപ്പോഴാ വരണ്ടത് ഞാന്‍ വരാം എന്നാണ് പറഞ്ഞത്. കാരണം അവന്‍ ലാലേട്ടന്റെ കൂടെ അഭിനയിച്ചിട്ടില്ല. അങ്ങനെ വന്നു നല്ല രസമായിട്ട് ഷൂട്ട് ചെയ്തു,’ ബിനു പപ്പു പറയുന്നു.

Content highlight: Binu pappu talks about Arjun ashokan