സിനിമ ചെയ്യുക എന്ന് മാത്രമേ അദ്ദേഹത്തിനുള്ളൂ, പ്രതിഫലമോ മറ്റ് കാര്യങ്ങളോ പ്രധാനമല്ല: ബിനു പപ്പു
Entertainment
സിനിമ ചെയ്യുക എന്ന് മാത്രമേ അദ്ദേഹത്തിനുള്ളൂ, പ്രതിഫലമോ മറ്റ് കാര്യങ്ങളോ പ്രധാനമല്ല: ബിനു പപ്പു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 20th May 2025, 3:08 pm

ആഷിക് അബു സംവിധാനം ചെയ്ത ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തിലൂടെ അഭിനയലോകത്തേക്ക് കടന്നുവന്ന നടനാണ് ബിനു പപ്പു. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് ബിനു പപ്പു ശ്രദ്ധേയനായി. വൈറസ്, പുഴു, സൗദി വെള്ളക്ക തുടങ്ങിയ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായും ബിനു പപ്പു പ്രവര്‍ത്തിച്ചിട്ടുണ്ട്.

അച്ഛന്‍ കുതിരവട്ടം പപ്പുവിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് ബിനു പപ്പു. സിനിമ ചെയ്യുക എന്ന് മാത്രമേ അച്ഛന് ഉണ്ടായിരുന്നുള്ളൂവെന്ന്  അദ്ദേഹ പറഞ്ഞു. അതിനപ്പുറത്തേക്ക് പ്രതിഫലമോ മറ്റ് കാര്യങ്ങളോ അച്ഛന് പ്രധാനമല്ലെന്നും വിളിക്കുന്ന സിനിമകളിലെല്ലാം അഭിനയിക്കുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു ബിനു പപ്പു.

‘അച്ഛനെ സംബന്ധിച്ച് സിനിമ ചെയ്യുക എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രതിഫലമോ മറ്റ് കാര്യങ്ങളോ പുള്ളിയെ ബാധിക്കുന്നതല്ല. വേറെ ഒന്നും ആ കണക്കില്‍ പെടില്ല. സിനിമയില്‍ അഭിനയിക്കുക. വര്‍ഷം കറക്ടായിട്ട് എനിക്ക് ഓര്‍മയില്ല. ഐ.വി. ശശി സാര്‍ ഒരു വര്‍ഷം 16 സിനിമകള്‍ ചെയ്തിട്ടുണ്ട്. അതില്‍ 12 പടത്തില്‍ അച്ഛന്‍ അഭിനയിച്ചിട്ടുണ്ട്.

ആ വര്‍ഷം അച്ഛന്‍ 56 പടത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഒരു സെറ്റില്‍ നിന്ന് നേരെ അടുത്ത സെറ്റിലേക്ക് പോവുക. അതിനിടയില്‍ റെസ്‌റ്റൊക്കെ കുറവായിരുന്നു. ഇത്രയൊക്കെ കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും മനസിലാകുമല്ലോ. അദ്ദേഹത്തിന്റെ രീതി എന്തൊക്കെയാണ്, എങ്ങനെയൊക്കെയാണെന്ന്.അഭിനയിക്കുക എന്ന് മാത്രമേ അച്ഛനുണ്ടായിരുന്നുള്ളൂ,’ ബിനു പപ്പു പറയുന്നു.

കുതിരവട്ടം പപ്പുവിന്റെ അവസാനകാലങ്ങളിലെ അവസ്ഥയെക്കുറിച്ചും ബിനു പപ്പു പങ്കുവെച്ചു. ശ്വാസകോശരോഗവും ഹാര്‍ട്ട് അറ്റാക്കുമൊക്കെ നേരിട്ട ശേഷം വീട്ടില്‍ പരിപൂര്‍ണവിശ്രമമായിരുന്നെന്നും ആരും സിനിമയിലേക്ക് വിളിക്കാതിരിക്കാന്‍ തങ്ങള്‍ ശ്രദ്ധിച്ചിരുന്നെന്നും ബിനു പപ്പു പറഞ്ഞു. പബ്ലിക്കിലേക്കിറക്കരുതെന്ന് ഡോക്ടര്‍മാര്‍ പ്രത്യേകം നിര്‍ദേശിച്ചിരുന്നെന്നും ബിനു പറയുന്നു.

‘കിട്ടില്ല എന്ന് ഉറപ്പിച്ച പോയിന്റില്‍ നിന്നാണ് അച്ഛനെ തിരിച്ച് കിട്ടിയത്. പബ്ലിക്കിലേക്ക് ഇറക്കരുതെന്ന് ഡോക്ടര്‍മാര്‍ പ്രത്യേകം പറഞ്ഞിട്ടുണ്ടായിരുന്നു. ശ്വാസകോശത്തിലായിരുന്നു പ്രോബ്ലം. സിനിമയിലേക്ക് ആര് വിളിച്ചാലും അച്ഛന്‍ പോകും. അതുകൊണ്ട് അച്ഛന്റെ റൂമില്‍ ഒരു ഡമ്മി ഫോണായിരുന്നു ഞങ്ങള്‍ വെച്ചത്. വയര്‍ലെസ്സ് ഫോണ്‍ അടുക്കളയിലും വെച്ചു. ആരെങ്കിലും വിളിച്ചാല്‍ അവരോട് അമ്മയായിരുന്നു സംസാരിച്ചത്,’ ബിനു പപ്പു പറഞ്ഞു.

Content Highlight: Binu Pappu shares memories about his father