മലയാളികള്‍ക്ക് ഇന്ന് പരിചിതനായ നടനും സഹസംവിധായകനുമാണ് ബിനു പപ്പു. കുതിരവട്ടം പപ്പുവിന്റെ മകനാണ് അദ്ദേഹം. 2014ല്‍ പുറത്തിറങ്ങിയ ഗുണ്ട എന്ന സിനിമയിലൂടെയാണ് ബിനു അഭിനയരംഗത്തേക്ക് കടക്കുന്നത്.
പിന്നീട് ഹെലന്‍, വണ്‍, ഓപ്പറേഷന്‍ ജാവ, ഭീമന്റെ വഴി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടു. മോഹന്‍ലാലിന്റെ പുതിയ ചിത്രമായ തുടരും ചിത്രത്തിലും ബിനു പപ്പു പ്രധാനവേഷം ചെയ്തു, ചിത്രത്തിന്റെ സഹ സംവിധായകനുമാണ് അദ്ദേഹം.
തന്റെ അച്ഛന്‍ കുതിരവട്ടം പപ്പുവിനെ കുറിച്ച് സംസാരിക്കുകയാണ് ബിനു പപ്പു. അച്ഛന്റെ ശരിക്കുമുള്ള പേര് പത്മദളാക്ഷന്‍ ആണെന്നും പപ്പു എന്നത് അദ്ദേഹം അഭിനയിച്ച ഭാര്‍ഗവീനിലയം എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരാണെന്നും ബിനു പപ്പു പറയുന്നു.
ഭാര്‍ഗവീനിലയം എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ വൈക്കം മുഹമ്മദ് ബഷീറാണ് കുതിരവട്ടം പപ്പു എന്നാക്കിയതെന്നും അതിന് ശേഷം പത്മദളാക്ഷന്‍ കുതിരവട്ടം പപ്പു ആയെന്നും ബിനു പപ്പു കൂട്ടിച്ചേര്‍ത്തു.
‘എന്റെ അച്ഛന്റെ യഥാര്‍ത്ഥ പേര് പത്മദളാക്ഷന്‍ എന്നാണ്. റെക്കോഡിക്കലി അതാണ് അച്ഛന്റെ പേര്. എന്നാല്‍ പപ്പു എന്നത് അച്ഛന്‍ അഭിനയിച്ച ഭാര്‍ഗവീനിലയം എന്ന സിനിമയിലെ അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേരാണ്. ഭാര്‍ഗവീനിലയം എഴുതിയ വൈക്കം മുഹമ്മദ് ബഷീര്‍ സാറാണ് പപ്പുവിന്റെ കൂടെ കുതിരവട്ടം എന്ന് കൂടി നല്‍കിയത്.
അച്ഛന്റെ വീട് കുതിരവട്ടം ആയിരുന്നു. അതുകൊണ്ടാണ് വൈക്കം മുഹമ്മദ് ബഷീര്‍ സാര്‍ കുതിരവട്ടം എന്ന് പപ്പുവിന്റെ കൂടെ ചേര്‍ത്തിയത്. അങ്ങനെ പത്മദളാക്ഷന്‍ കുതിരവട്ടം പപ്പു ആയി,’ ബിനു പപ്പു പറയുന്നു.