ആഷിക് അബു സംവിധാനം ചെയ്ത ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തിലൂടെ അഭിനയലോകത്തേക്ക് കടന്നുവന്ന നടനാണ് ബിനു പപ്പു. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് ബിനു പപ്പു ശ്രദ്ധേയനായി. വൈറസ്, പുഴു, സൗദി വെള്ളക്ക തുടങ്ങിയ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായും ബിനു പപ്പു പ്രവര്‍ത്തിച്ചിട്ടുണ്ട്.
അച്ഛനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് ബിനു പപ്പു. അവസാനമായി അദ്ദേഹം അഭിനയിച്ചത് സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന സിനിമയിലായിരുന്നെന്നും ആ സിനിമയുടെ സെറ്റില്‍ വെച്ചാണ് ആരോഗ്യം വഷളായതെന്നും ബിനു പപ്പു പറഞ്ഞു. ഊട്ടിയിലായിരുന്നു ഷൂട്ടെന്നും ആദ്യത്തെ ദിവസം തന്നെ വയ്യാതായതുകൊണ്ട് സെറ്റില്‍ നിന്ന് മടങ്ങിയെന്നും ബിനു കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആരോഗ്യം മോശമാകുന്നതിന് മുമ്പ് അച്ഛന്‍ അവസാനം അഭിനയിച്ചത് സമ്മര്‍ ഇന്‍ ബത്‌ലഹേമിലാണ്. സുന്ദരകില്ലാഡിയുടെ സെറ്റില്‍ നിന്നാണ് അച്ഛന്‍ ആ പടത്തിലേക്ക് പോയത്. കലാഭവന്‍ മണി ചെയ്ത റോളില്‍ ആദ്യം അച്ഛനായിരുന്നു. മോനായി എന്ന ക്യാരക്ടറായിട്ട്. ഊട്ടിയിലായിരുന്നു ആ പടത്തിന്റെ ഷൂട്ട് നടന്നത്.
ആദ്യത്തെ ദിവസം തന്നെ ഒരു പാട്ടായിരുന്നു ഷൂട്ട് ചെയ്തത്. അതില്‍ പടി കയറി പോകുന്ന സീന്‍ എടുത്തപ്പോഴേക്ക് അച്ഛന് വയ്യാതായി. ശ്വാസമൊന്നും എടുക്കാന്‍ പറ്റാതെ മാറിയിരുന്നു. നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയായി. ‘എനിക്ക് തീരെ വയ്യ, ഞാന്‍ പോവുകയാണ്’ എന്ന് പറഞ്ഞ് അച്ഛന്‍ സെറ്റില്‍ നിന്ന് ഇറങ്ങി.
ജീവിതത്തില്‍ ആദ്യമായിട്ടാണ് അച്ഛന്‍ അങ്ങനെ ഒരു സെറ്റില്‍ നിന്ന് പോകുന്നത്. അത്രമാത്രം വയ്യാതായതുകൊണ്ടാണ് അങ്ങനെ ചെയ്തത്. നേരെ ഹോസ്പിറ്റലില്‍ അഡ്മിറ്റായി. പരിശോധിച്ചപ്പോള്‍ ശ്വാസകോശത്തിന് പ്രശ്‌നമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തിരിച്ച് കിട്ടില്ല എന്ന് ഉറപ്പുള്ള പോയിന്റില്‍ നിന്ന് അച്ഛനെ തിരിച്ച് കിട്ടി. പിന്നീട് അച്ഛന്‍ സിനിമയൊന്നും ചെയ്യാതിരിക്കാന്‍ ഞങ്ങള്‍ ശ്രദ്ധിച്ചു,’ ബിനു പപ്പു പറയുന്നു.
രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് 1998ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സമ്മര്‍ ഇന്‍ ബത്‌ലഹേം. സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യര്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. അവസാന അഞ്ച് മിനിറ്റില്‍ അതിഥിവേഷത്തിലെത്തിയ മോഹന്‍ലാലിന്റെ സാന്നിധ്യവും സിനിമയെ കൂടുതല്‍ മികച്ചതാക്കി.
Content Highlight: Binu Pappu about Kuthiravattam Pappu and Summer in Bethlehem movie