'അവൻ അന്ന് വാശിപിടിച്ചാണ്‌ ആ സീറ്റിൽ കയറിയിരുന്നത്; എന്തോ സംഭവിക്കാൻ പോകുന്നപോലെ അന്നുതോന്നി'
Entertainment
'അവൻ അന്ന് വാശിപിടിച്ചാണ്‌ ആ സീറ്റിൽ കയറിയിരുന്നത്; എന്തോ സംഭവിക്കാൻ പോകുന്നപോലെ അന്നുതോന്നി'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 13th August 2023, 7:02 pm

ടെലിവിഷൻ പ്രോഗ്രാമിലൂടെ ഒട്ടേറെ പ്രേക്ഷകരെ ചിരിപ്പിച്ച മിമിക്രി ആർട്ടിസ്റ്റായിരുന്നു കൊല്ലം സുധി. അദ്ദേഹത്തിന്റെ നിര്യാണം പ്രേക്ഷകരെയും സുഹൃത്തുക്കളെയും കുറച്ചൊന്നുമല്ല തളർത്തിയത്. നടനും മിമിക്രി ആർട്ടിസ്റ്റുമായ ബിനു അടിമാലി സുധിയുടെ മരണത്തിന് കാരണമായ അപകടത്തെപ്പറ്റിയും അദ്ദേഹത്തിന്റെ ഓർമകളെപ്പറ്റിയും സംസാരിക്കുകയാണ്.

യാത്ര ചെയ്തപ്പോൾ വളരെ വാശിപിടിച്ചാണ് സുധി മുന്നിലത്തെ സീറ്റ് ചോദിച്ച് വാങ്ങിയതെന്ന് ബിനു അടിമാലി പറഞ്ഞു. ഇപ്പോഴും തനിക്ക് ആ അപകടത്തിന്റെ ഷോക്ക് മാറിയിട്ടില്ലെന്നും എന്തോ സംഭവിക്കാൻ പോകുന്നപോലെ മനസ്സിൽ ഒരു തോന്നൽ ഉണ്ടായിരുന്നെന്നും ബിനു അടിമാലി പറഞ്ഞു. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് അദ്ദേഹം.

‘അന്നത്തെ ആ അപകടത്തിന്റെ ഷോക്ക് ഇപ്പോഴും എന്നെ വിട്ടു മാറിയിട്ടില്ല. ഈ സംഭവം നടക്കുന്ന ദിവസം സുധി വളരെ വാശിപിടിച്ചാണ് ആ സീറ്റ് ചോദിച്ച് വാങ്ങിയത്. ഇതിനിടയിൽ ഭക്ഷണം കഴിക്കാൻ ഇറങ്ങി, അപ്പോഴും തിരികെ കയറാൻ നേരം ഓടിക്കയറി ആ സീറ്റിൽ പോയി ഇരിക്കുകയായിരുന്നു.

തിരിച്ച് പോന്നപ്പോൾ ഞാൻ ആ സീറ്റിൽ ഇരിക്കാൻ പോയപ്പോൾ എന്നെ മാറ്റിയിട്ട് അവൻ കയറി ഇരിക്കുകയായിരുന്നു. അവൻ എന്തോ അത് ചോദിച്ചുവാങ്ങിയപോലെ തോന്നി.

അന്നത്തെ ദിവസം അവന്റെ പെർഫോമൻസ് ഒക്കെ കണ്ടപ്പോൾ മനസ്സിൽ എന്തോ ഒരു ഫീലിംഗ് ആയിരുന്നു. എന്തോ സംഭവിക്കാൻ പോകുന്നപോലെ തോന്നി. ഇപ്പോഴും അത് മനസ്സിൽ നിന്ന് പോകുന്നില്ല.

ഞങ്ങൾ അങ്ങോട്ട് പോകുമ്പോൾ മഹേഷ് കുഞ്ഞുമോൻ ഞങ്ങളുടെ കൂടെ ഇല്ലായിരുന്നു. തിരിച്ച് പോന്നപ്പോൾ അവൻ വന്നിരിക്കുകയായിരുന്നു. തമാശ പറഞ്ഞ് നിങ്ങളുടെ കൂടെ വരാല്ലോ എന്നുപറഞ്ഞാണ് അവൻ വന്നിരുന്നത്. കുറെ നേരം ഞങ്ങൾ തമാശയൊക്കെ പറഞ്ഞു. അപകടം ഉണ്ടായത് ഞാൻ ശരിക്കും അറിഞ്ഞില്ല. ഒറ്റ ഇടിയിൽ തന്നെ എന്റെ ബോധം പോയിരുന്നു,’ ബിനു അടിമാലി പറഞ്ഞു.

Content Highlights: Binu Adimali on Kollam Sudhi