പ്രതിപക്ഷം ആവശ്യപ്പെട്ട 'മുഖാമുഖം' നടന്നപ്പോള്‍ മാധ്യമങ്ങളുടെ അപ്രഖ്യാപിത ബ്ലാക്ക്‌ഔട്ട്; വിമര്‍ശനവുമായി ബിനീഷ് കോടിയേരി
Kerala
പ്രതിപക്ഷം ആവശ്യപ്പെട്ട 'മുഖാമുഖം' നടന്നപ്പോള്‍ മാധ്യമങ്ങളുടെ അപ്രഖ്യാപിത ബ്ലാക്ക്‌ഔട്ട്; വിമര്‍ശനവുമായി ബിനീഷ് കോടിയേരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th December 2025, 8:03 am

കണ്ണൂര്‍: മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിനീഷ് കോടിയേരി. പ്രസ് ക്ലബുകള്‍ സംഘടിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ ‘മുഖാമുഖം’ സംവാദം സംപ്രേക്ഷണം ചെയ്യാന്‍ മാധ്യമങ്ങള്‍ തയ്യാറാകുന്നില്ലെന്നാണ് വിമര്‍ശനം.

മനോരമ ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ്, മീഡിയവണ്‍, ന്യൂസ് മലയാളം, 24 ന്യൂസ് അടക്കമുള്ള വാര്‍ത്ത ചാനലുകളുടെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് ബിനീഷ് കോടിയേരിയുടെ പ്രതികരണം.

പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ട ‘മുഖാമുഖം’ നടന്നപ്പോള്‍ പ്രമുഖ മാധ്യമങ്ങള്‍ ഒന്നുകില്‍ തത്സമയ സംപ്രേക്ഷണം പൂര്‍ണമായി ഒഴിവാക്കിയെന്നും അല്ലെങ്കില്‍ കഷ്ണം കഷ്ണമായി മാത്രം നല്‍കിയെന്നും ബിനീഷ് ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ബിനീഷ് ഇക്കാര്യം പറഞ്ഞത്.

‘മുഖ്യമന്ത്രിയുടെ മുഖാമുഖവും മാധ്യമങ്ങളുടെ ഇരട്ടത്താപ്പും. ചോദ്യങ്ങളെ നേരിടുന്ന മുഖ്യമന്ത്രി, ഒളിച്ചോടുന്ന മാധ്യമങ്ങള്‍,’ എന്ന് പറഞ്ഞുകൊണ്ടാണ് ബിനീഷിന്റെ പോസ്റ്റ് ആരംഭിക്കുന്നത്.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കൂട്ടരും മുഖ്യമന്ത്രിക്ക് നേരെ ഉയര്‍ത്തുന്ന പ്രധാന ആരോപണം, അദ്ദേഹം മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നില്ല എന്നായിരുന്നുവെന്നും ബിനീഷ് കോടിയേരി ചൂണ്ടിക്കാട്ടി.

എന്നാല്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ‘മുഖാമുഖം’ എന്ന പേരില്‍ കൂടുതല്‍ തുറന്ന ഒരു വേദിയിയില്‍ മുഖ്യമന്ത്രി മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ എല്ലാ ചോദ്യങ്ങള്‍ക്കും അദ്ദേഹം ഉത്തരം നല്‍കുന്നുണ്ട്. പക്ഷേ ഇവിടെയാണ് രാഷ്ട്രീയ ധാര്‍മികതയുടെയും മാധ്യമ സത്യസന്ധതയുടെയും ചോദ്യചിഹ്നം ഉയരുന്നതെന്നും ബിനീഷ് പറയുന്നു.

മുഖ്യമന്ത്രി ചോദ്യങ്ങളെ നേരിടാന്‍ തയ്യാറായ സന്ദര്‍ഭത്തില്‍ മാധ്യമങ്ങള്‍ സ്വീകരിച്ച സമീപനം അങ്ങേയറ്റം ദുരൂഹവും ഇരട്ടത്താപ്പ് നിറഞ്ഞതുമാണെന്നും ബിനീഷ് കോടിയേരി വിമര്‍ശിച്ചു. ചില കണക്കുകളും വിവരങ്ങളും പങ്കുവെച്ചുകൊണ്ടാണ് ബിനീഷ് വിമര്‍ശനം തുടരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് മുഖാമുഖത്തിന്റെ ലൈവ് പൂര്‍ണമായി ഒഴിവാക്കി. 12 മണി ബുള്ളറ്റിനില്‍ ഒരു പാക്കേജായി ചുരുക്കി. മനോരമ ന്യൂസ് ഒട്ടും സംപ്രേക്ഷണം ചെയ്തില്ല. മീഡിയ വണ്‍ ലൈവ് ഒഴിവാക്കി. പകരം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പത്രസമ്മേളനത്തിന് പ്രാധാന്യം നല്‍കി. ജനം ടിവി സംപ്രേക്ഷണം ചെയ്തില്ല. 24 ന്യൂസ് 11.37 മുതല്‍ ഒരു മിനിട്ട് മാത്രം സംപ്രേക്ഷണം ചെയ്തു, തുടര്‍ന്ന് 11.38 മുതല്‍ വീണ്ടും. റിപ്പോര്‍ട്ടര്‍ 11.27 മുതല്‍ ഒരു മിനിട്ട് മാത്രം, തുടര്‍ന്ന് 11.48 മുതല്‍ 12.03 വരെ മാത്രം സംപ്രേക്ഷണം ചെയ്തു. ന്യൂസ് മലയാളം 24*7 11.27 മുതല്‍ 11.29 വരെ, തുടര്‍ന്ന് 11.52 മുതല്‍ 11.59 വരെ മാത്രമാണ് സംപ്രേക്ഷണം ചെയ്തത്. കൈരളി ന്യൂസ് മുഴുവന്‍ തത്സമയം സംപ്രേക്ഷണം ചെയ്തതായും ബിനീഷ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രതികരണങ്ങള്‍ ജനങ്ങളിലേക്ക് പൂര്‍ണമായി എത്തുന്നത് തടയുന്ന ഒരു അപ്രഖ്യാപിത ‘മീഡിയ ബ്ലാക്ക്ഔട്ട്’ ആയിരുന്നു ഇവിടെ സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Bineesh Kodiyeri strongly criticizes the media