മലയാളത്തില്‍ 200 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അഭിനേത്രിയാണ് ബിന്ദു വരാപ്പുഴ. നാടകത്തിലൂടെ കരിയര്‍ ആരംഭിച്ച് നിരവധി ടെലിവിഷന്‍ സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുള്ള നടിയാണ് ബിന്ദു.
അവരുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണ് മോഹന്‍ലാല്‍ ചിത്രമായ സ്ഫടികത്തിലെ മുംതാസ് എന്ന കഥാപാത്രം. വി.കെ. ശ്രീരാമന്‍ അവതരിപ്പിച്ച പൂക്കോയ എന്ന കഥാപാത്രത്തിന്റെ മകളായിരുന്നു മുംതാസ്.
ചിത്രത്തില്‍ മുംതാസിന്റെ പ്രണയത്തെ കുറിച്ചും പറയുന്നുണ്ടായിരുന്നു. എന്നാല്‍ സിനിമയില്‍ തനിക്ക് കൂടുതല്‍ സീനുകള്‍ ഉണ്ടായിരുന്നുവെന്നും അത് ലെങ്ത്ത് കാരണം കട്ട് ചെയ്യുകയായിരുന്നുവെന്നും പറയുകയാണ് ബിന്ദു വരാപ്പുഴ. പ്രൈംഷോസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബിന്ദു.
‘സ്ഫടികത്തില്‍ എന്റെ എത്രയോ സീനുകള്‍ കട്ട് ചെയ്ത് പോയിട്ടുണ്ട്. ലെങ്ത്ത് കൂടിയത് കാരണം കട്ട് ചെയ്യേണ്ടി വന്നതായിരുന്നു. അതില്‍ ഞങ്ങളുടെ പ്രേമമൊക്കെ ഉണ്ടായിരുന്നു (ചിരി). ബോട്ടിലെ സീനൊക്കെ ഒത്തിരി ഉണ്ടായിരുന്നു.
അത് ഒരുപാട് ഷോട്ടുകള്‍ ഉണ്ടായിരുന്നു. അതൊക്കെ കട്ട് ചെയ്ത് പോകുകയായിരുന്നു. എന്നോട് അന്ന് ഡയറക്ടര്‍ ‘പടം തുടങ്ങിയിട്ട് ഇതിപ്പോള്‍ നിന്റെ ക്ലോസ് മാത്രമല്ലേയുള്ളൂ’ എന്ന് പറയുമായിരുന്നു.
അതില്‍ മുസ്‌ലിം കഥാപാത്രമായിട്ടാണല്ലോ വന്നത്, മുംതാസ്. മുസ്‌ലിം കഥാപാത്രങ്ങള്‍ എനിക്ക് നന്നായി ചേരുമായിരുന്നു. സംവിധായകന്‍ വിചാരിച്ചിരുന്നത് ഞാന്‍ ഒരു മുസ്‌ലിം പെണ്‍കുട്ടി തന്നെയാകും എന്നായിരുന്നു,’ ബിന്ദു വരാപ്പുഴ പറയുന്നു.
ഭദ്രന്‍ സംവിധാനം ചെയ്ത് 1995ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സ്ഫടികം. മോഹന്‍ലാല്‍ ആടുതോമയായി എത്തിയ ചിത്രത്തിന് ആരാധകര്‍ ഏറെയാണ്. തിലകന്‍, ഉര്‍വശി, രാജന്‍ പി. ദേവ്, ഇന്ദ്രന്‍സ്, ചിപ്പി, കെ.പി.എ.സി. ലളിത, സില്‍ക്ക് സ്മിത തുടങ്ങിയ മികച്ച താരനിര തന്നെയായിരുന്നു ചിത്രത്തില്‍ ഒന്നിച്ചത്.
content Highlight: Bindu Varappuzha Talks Aboout Her scenes In Spadikam Movie