സഹോദരന്റെ സംസ്‌കാരം നടന്ന് പിറ്റേദിവസമാണ് റോഷാക്ക് സെറ്റില്‍ ജോയിന്‍ ചെയ്തത്: ബിന്ദു പണിക്കര്‍
Film News
സഹോദരന്റെ സംസ്‌കാരം നടന്ന് പിറ്റേദിവസമാണ് റോഷാക്ക് സെറ്റില്‍ ജോയിന്‍ ചെയ്തത്: ബിന്ദു പണിക്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 23rd December 2022, 10:48 pm

തന്റെ സഹോദരന്റെ സംസ്‌കാരത്തിന് ശേഷമാണ് റോഷാക്കിന്റെ സെറ്റില്‍ ജോയിന്‍ ചെയ്തിരുന്നതെന്ന് ബിന്ദു പണിക്കര്‍. സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ കുടുംബത്തിലും മരണം നടക്കുന്നുണ്ടെന്നും അതുപോലെ ജീവിതത്തില്‍ അനുഭവിച്ച പല മുഹൂര്‍ത്തങ്ങളും സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്നും കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ബിന്ദു പണിക്കര്‍ പറഞ്ഞു.

‘ജീവിതത്തില്‍ എന്തുചെയ്യണം എന്ന് വിചാരിച്ച് നില്‍ക്കുമ്പോള്‍ അതിനെയൊക്കെ തരണം ചെയ്യാന്‍ എവിടുന്നോ ഒരു ശക്തി ലഭിക്കും. നമ്മുടെ വീട്ടില്‍ മാത്രം ആരും മരിക്കാന്‍ പാടില്ല എന്ന് പറയാന്‍ പാടില്ലല്ലോ. ജീവിതത്തില്‍ എല്ലാവര്‍ക്കും സംഭവിക്കുന്ന പ്രശ്‌നമാണ് അത്.

പ്രശ്‌നങ്ങളെ തരണം ചെയ്തുപോവുക എന്നുള്ളതാണ് ഏറ്റവും വലിയ ഭാഗ്യം. എന്തെങ്കിലും പ്രശ്‌നം വന്നാല്‍ ഇപ്പോള്‍ ഞാന്‍ കരയാറില്ല. പല പ്രശ്‌നങ്ങളിലൂടെ കടന്നുപോയ അനുഭവം ഉള്ളതുകൊണ്ടാവാം.

സഹോദരന്റെ സംസ്‌കാരം കഴിഞ്ഞതിന്റെ പിറ്റേദിവസമാണ് റോഷാക്കില്‍ ജോയിന്‍ ചെയ്യുന്നത്. റോഷാക്കിലും സീതയുടെ കുടുംബത്തില്‍ മരണങ്ങള്‍ നടക്കുന്നുണ്ട്. ജീവിതത്തിലെ സിറ്റുവേഷനുകള്‍ സിനിമയിലും വരുന്നുണ്ട്. ഇതുമാത്രമല്ല, അതുപോലെയുള്ള പല മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്,’ ബിന്ദു പണിക്കര്‍ പറഞ്ഞു.

റോഷാക്കില്‍ ബിന്ദു പണിക്കര്‍ അവതരിപ്പിച്ച സീത എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ബിന്ദു പണിക്കരുടെ കരിയരിലെ തന്നെ ഏറ്റവും മികച്ചതും ശക്തമായതുമായ കഥാപാത്രങ്ങളിലൊന്നാണ് ഇത്.

നേരത്തെ പല നടിമാരേയും സീതയെ അവതരിപ്പിക്കാന്‍ നോക്കിയെങ്കിലും ആരും തയാറായില്ലെന്നും ഈ കഥാപാത്രം അവതരിപ്പിക്കാന്‍ ബിന്ദു പണിക്കര്‍ കാണിച്ച ധൈര്യം കൂടിയാണ് സിനിമയുടെ വിജയമെന്നുമാണ് റോഷാക്ക് സക്‌സസ് സെലിബ്രേഷനില്‍ വെച്ച് മമ്മൂട്ടി പറഞ്ഞത്.

കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് റിലീസ് ചെയ്ത റോഷാക്ക് നവംബര്‍ 11മുതല്‍ ഡിസ്‌നി പ്ലസ് ഹോട് സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിച്ചിരുന്നു.

Content Highlight: bindu panicker talks about her brother and rorschach movie