എങ്ങനെയാണ് ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ മോചിപ്പിക്കുക; ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീം കോടതി
national news
എങ്ങനെയാണ് ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ മോചിപ്പിക്കുക; ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th August 2023, 11:25 pm

ന്യൂദല്‍ഹി: 2002 ലെ ഗുജറാത്ത് കലാപത്തിനിടെ ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ ഗുജറാത്ത് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സുപ്രീം കോടതി. കുറ്റവാളികളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. ഇത്തരമൊരു സാഹചര്യത്തില്‍ 14 വര്‍ഷത്തിന് ശേഷം ഇവരെ എങ്ങനെ മോചിപ്പിക്കുമെന്ന് കോടതി ചോദിച്ചു. കേസിലെ 11 പ്രതികള്‍ക്ക് ഇളവ് അനുവദിച്ച ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് ബി.വി നഗരത്‌ന, ജസ്റ്റിസ് ഉജ്ജാല്‍ ബുയാന്‍ എന്നിവരാണ് ഹരജി പരിഗണിച്ചത്.

‘കുറ്റവാളികളുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു. ഇത്തരമൊരു സാഹചര്യത്തില്‍ എങ്ങനെയാണ് ഇവരെ 14 വര്‍ഷത്തെ തടവിന് ശേഷം മോചിപ്പിക്കുക. എന്തുകൊണ്ടാണ് മറ്റ് തടവുകാര്‍ക്ക് മോചന ഇളവ് നല്‍കാത്തത്? എന്തുകൊണ്ടാണ് ഈ പ്രതികള്‍ക്ക് മാത്രം തെരഞ്ഞെടുത്ത് ആനുകൂല്യം നല്‍കിയത്?,’ കോടതി സര്‍ക്കാരിനോട് ചോദിച്ചു.

എന്തുകൊണ്ടാണ് ഇളവിനുള്ള ആനുകൂല്യം തെരഞ്ഞെടുത്ത് നല്‍കിയതെന്നും മാനസാന്തരത്തിനുള്ള അവസരം എല്ലാവര്‍ക്കും ഒരു പോലെ നല്‍കണമെന്നും കോടതി പറഞ്ഞു.

’14 വര്‍ഷത്തിന് ശേഷം കുറ്റവാളികളെ വിട്ടയക്കുന്നതിലൂടെ അവര്‍ക്ക് മാനസാന്തരപ്പെടാനുള്ള അവസരം നല്‍കുന്നുണ്ട്. എന്തുകൊണ്ടാണ് ഇളവിനുള്ള ആനുകൂല്യം തെരഞ്ഞെടുത്ത് നല്‍കിയത്. മാനസാന്തരത്തിനുള്ള അവസരം എല്ലാവര്‍ക്കും ഒരു പോലെ നല്‍കണം. ഇത് ഇതുവരെ നടപ്പാക്കിയിട്ടുണ്ടോ? എന്തുകൊണ്ടാണ് ജയിലാകെ നിറഞ്ഞിരിക്കുന്നത്, വിവരങ്ങള്‍ തരൂ,’ കോടതി പറഞ്ഞു. കേസിലെ പ്രതികള്‍ക്കായി എന്തടിസ്ഥാനത്തിലാണ് ജയില്‍ ഉപദേശക സമിതി രൂപീകരിച്ചതെന്നും കോടതി ചോദിച്ചു. ഇതിന്റെ വിവരങ്ങള്‍ നല്‍കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വിചാരണ ഗോധ്ര കോടതിയില്‍ നടന്നിട്ടില്ലാ എന്നിരിക്കെ എന്തിനാണ് കോടതിയുടെ അഭിപ്രായം തേടിയതെന്നും സുപ്രീം കോടതി ചോദിച്ചു.

കഴിഞ്ഞ വര്‍ഷത്തെ സ്വാതന്ത്ര്യദിനത്തിലായിരുന്നു ബില്‍ക്കിസ് ബാനു കേസിലെ 11 പ്രതികളെ ജയില്‍ മോചിതരാക്കിയത്. 2008ലായിരുന്നു കേസില്‍ പ്രതികളെ ശിക്ഷിച്ചത്. തുടര്‍ന്ന് പ്രതികളിലൊരാളായ രാധേശ്യാം ഷാ താന്‍ 15 വര്‍ഷവും നാല് മാസവും ജയിലില്‍ കഴിഞ്ഞെന്നും കാട്ടി മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് വിഷയം പരിശോധിക്കാന്‍ കോടതി ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കേസിലെ പ്രതികളെയെല്ലാം സര്‍ക്കാര്‍ മോചിപ്പിക്കുകയായിരുന്നു.

Content Highlights: Bilkis banu case; how could convict be released; supreme court to gujarath government