'സ്വാതന്ത്ര്യദിനത്തിലേത് മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗം'
Kerala News
'സ്വാതന്ത്ര്യദിനത്തിലേത് മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗം'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th August 2023, 10:43 pm

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി 77-ാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ നടത്തിയത് തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗമായെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.

മോദിയുടെ പ്രസംഗം പ്രസംഗം നിരാശാജനകം മാത്രമല്ല, പ്രതിസന്ധിയിലാഴ്ന്ന രാജ്യത്തെ മുന്നോട്ടുനയിക്കാനുള്ള ഒരു പദ്ധതിയും പരിപാടിയും മുന്നോട്ടുവെക്കാത്തതുമാണെന്നും ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം പറഞ്ഞു.

‘സ്വാതന്ത്ര്യദിനത്തില്‍ ഒരു രാജ്യതന്ത്രജ്ഞനില്‍നിന്നും രാജ്യം കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളല്ല ഒന്നരമണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ മോദി പറഞ്ഞത്. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രസംഗമായിട്ടുപോലും വിലക്കയറ്റത്തിലും തൊഴിലില്ലായ്മയിലും നട്ടംതിരിയുന്ന ജനത്തിന് ഒരാശ്വാസവും പ്രതീക്ഷയും നല്‍കാത്ത തെരഞ്ഞെടുപ്പുപ്രചാരണ പ്രസംഗമായി മോദിയുടെ 10-ാമത്തെ സ്വാതന്ത്ര്യദിന പ്രസംഗം മാറി.

‘ദ ഹിന്ദു’ ഉള്‍പ്പെടെയുള്ള ദിനപത്രങ്ങള്‍ ഇക്കാര്യം മുഖപ്രസംഗങ്ങളില്‍ തുറന്നെഴുതുകയും ചെയ്തു. സ്വാതന്ത്ര്യദിനത്തില്‍ സാധാരണ പ്രധാനമന്ത്രിമാര്‍ രാജ്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അത് എങ്ങനെയാണ് പരിഹരിക്കുക എന്നതിനെക്കുറിച്ചുമുള്ള ചിന്തകളാണ് പങ്കുവെക്കാറുള്ളത്. അതിനുപകരം ആത്മപ്രശംസയില്‍ അഭിരമിക്കുന്ന, പ്രധാന പ്രശ്നങ്ങളില്‍നിന്നും ഒളിച്ചോടുന്ന വാചകക്കസര്‍ത്ത് മാത്രമാണ് പ്രധാനമന്ത്രി നടത്തിയത്,’ എം.വി. ഗോവന്ദന്‍ പറഞ്ഞു.

ഇത് ‘മോദിയുടെ ഗ്യാരന്റി’, ‘മോദി പോരാടിക്കൊണ്ടിരിക്കുകയാണ്’ തുടങ്ങിയ വാചകങ്ങള്‍ ആത്മപ്രശംസയല്ലാതെ മറ്റൊന്നുമല്ല. ‘ഞാനാണ് രാഷ്ട്രം’ എന്ന് പറഞ്ഞില്ലെന്നേയുള്ളൂ. അധികാരത്തില്‍ തുടരാനുള്ള അതിയായ ആഗ്രഹം മോദി പ്രകടിപ്പിച്ചു. തനിക്ക് ബദല്‍ ഇല്ലെന്ന് ബി.ജെ.പി ആര്‍.എസ്.എസ് നേതൃത്വത്തോടു പറയാനുള്ള അവസരമാക്കി ഈ പ്രസംഗത്തെ മോദി മാറ്റി. നേരത്തേ ദല്‍ഹിയിലെ ഒരു ചടങ്ങില്‍ സംസാരിക്കവെ മൂന്നാംതവണയും താനാണ് പ്രധാനമന്ത്രിയാകുകയെന്നും ആ ഘട്ടത്തില്‍ ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുമെന്നും മോദി പറഞ്ഞിരുന്നു. അത് ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിലും ആവര്‍ത്തിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ത്യയിലെ ജനങ്ങള്‍ മോദിയുടെ കാപട്യം തിരിച്ചറിയുക തന്നെ ചെയ്യും. അതുകൊണ്ടുതന്നെ അടുത്ത ആഗസ്റ്റ് 15ന് ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തുന്നത് മോദി ആയിരിക്കില്ലെന്നും എം.വി. ഗോവന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: M.V. Govindan. said that Prime Minister’s  77th Independence Day at the Red Fort was an election campaign speech