മലയാള സിനിമ ലോകത്ത് വലിയ ചർച്ചയായി മാറിയിരിക്കുകയാണ് നവാഗത സംവിധായകൻ സവിൻ സ ഒരുക്കിയ ‘വാഴ 2- ബയോപിക്ക് ഓഫ് ബില്യൺ ബോയ്സ് ’. ആദ്യ ദിനം തന്നെ അഞ്ച് കോടിയിലേറെ ആഗോള കളക്ഷൻ നേടി ചിത്രം ശ്രദ്ധ പിടിച്ചുപറ്റുമ്പോൾ, സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ചിത്രത്തിലെ താരങ്ങളുടെ വിശേഷങ്ങളാണ്.
ഇൻസ്റ്റാഗ്രാം റീൽസിലൂടെ ശ്രദ്ധ നേടിയ ഹാഷിറും ടീമും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന്റെ വിജയത്തിന് പിന്നിലെ പ്രധാന കാരണവും ഇവർ തന്നെയാണ്. ഇപ്പോഴിതാ ഹാഷിറിനെ കുറിച്ച് ബിജുക്കുട്ടൻ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.
‘ഹാഷിറിന്റെയും ടീമിന്റെയും വീഡിയോസ് ഞാൻ കണ്ടിട്ടുണ്ട്. എന്റെ വീട്ടിൽ എന്റെ മക്കളൊക്കെ എപ്പോഴും കാണുന്നതാണ്. ഞാനും ഇപ്പോൾ സോഷ്യൽ മീഡിയയിലൊക്കെ അത്യാവശ്യം ആക്റ്റീവ് ആണ്. ഇവരുടെ അത്ര വ്യൂവേഴ്സ് ഇല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന ആളാണ്.
ഇവരുടെ റീലുകളൊക്കെ കാണുന്നത് കൊണ്ട് തന്നെ നമുക്ക് അറിയാം ഇവരുടെ കൂടെ പിടിച്ചു നിൽക്കണമെങ്കിൽ അത്യാവശ്യം പാടാണെന്ന്. അതുകൊണ്ടാണ് ഞാനും സോഷ്യൽ മീഡിയയിൽ സജീവമായത്. അതും കൂടെയില്ലായിരുന്നെങ്കിൽ ഞാനും അടിയിൽ ആയേനെ.
നമ്മളൊക്കെ ഉണ്ടെങ്കിലും നമ്മളെ മാറ്റി ഹാഷിർ വന്നില്ലേ എന്നാണ് ആരാധകർ ചോദിക്കുക. നമ്മളെ ഒന്നും കാണാൻ ആർക്കും താത്പര്യം ഇല്ല. ഇതവരുടെ കഴിവാണ്, അത് അംഗീകരിച്ച് കൊടുത്തേ പറ്റു.
ചെറിയ കുട്ടികളൊക്കെ സെറ്റിൽ വരുമായിരുന്നു. എല്ലാവരെയും നിയന്ത്രിച്ച് നിർത്തിയത് ഞാനായിരുന്നു. അത്രയും ആരാധകരാണ് ഇവർക്ക്,’ ബിജുക്കുട്ടൻ പറഞ്ഞു.
ഇൻസ്റ്റഗ്രാം റീൽസിലൂടെ പ്രശസ്തരായ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക്, അമീൻ തുടങ്ങിയ ഒരുപറ്റം യുവതാരങ്ങൾ അണി നിരന്ന ചിത്രത്തിൽ സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയ പ്രമുഖരും പ്രധാന വേഷത്തിലെത്തുന്നു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.