മോഹൻലാലിൻ്റെയുള്ളിലെ സ്‌ത്രൈണതയെ എക്‌സ്‌പ്ലോര്‍ ചെയ്ത ദൃശ്യങ്ങളായിരുന്നു അതില്‍: ബിജിബാല്‍
Malayalam Cinema
മോഹൻലാലിൻ്റെയുള്ളിലെ സ്‌ത്രൈണതയെ എക്‌സ്‌പ്ലോര്‍ ചെയ്ത ദൃശ്യങ്ങളായിരുന്നു അതില്‍: ബിജിബാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 29th July 2025, 3:56 pm

മോഹന്‍ലാലിനെ വെച്ച് പ്രകാശ് വര്‍മ ഒരുക്കിയ പരസ്യം ഇന്ന് സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടരുകയാണ്. സ്‌ത്രൈണത കൃത്യവും വ്യക്തവുമായി കാണിച്ചുതന്ന പരസ്യം ഏവരും ഏറ്റെടുത്തു. എല്ലാവരും മോഹന്‍ലാല്‍ കാണിച്ച ധൈര്യത്തെ അഭിനന്ദിച്ചു. എന്നാല്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച സ്‌ത്രൈണത എന്ന വികാരത്തെ നമ്മളിലേക്ക് ആഴത്തിലെത്തിക്കാന്‍ അതിലെ മ്യൂസിക്കിനും പ്രാധാന്യമുണ്ട്.

ആ പരസ്യത്തിന് സംഗീതം നല്‍കിയത് ബിജിബാലും ശബ്ദം നല്‍കിയത് സംഗീത ശ്രീകാന്തുമാണ്. അതിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ ബിജിബാല്‍.

പ്രകാശ് വര്‍മയെ തനിക്ക് നേരത്തേ പരിചയമുണ്ടെന്നും എന്നാല്‍ ആദ്യമായിട്ടാണ് ഒരു പ്രൊജക്ടില്‍ ഒന്നിക്കുന്നതെന്നും ബിജിബാല്‍ പറഞ്ഞു. ഷൂട്ട് കഴിഞ്ഞ്, എഡിറ്റുചെയ്ത വിഷ്വലുകള്‍ പ്രകാശ് വര്‍മ കാണിച്ചു തന്നിരുന്നെന്നും തനിക്ക് അദ്ദേഹം നിര്‍ദേശങ്ങള്‍ തന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനുചേരുന്ന ക്ലാസിക്കലൽ പദം ചെയ്യാന്‍പറ്റുമോ എന്നാണ് പ്രകാശ് ചോദിച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘ബിജിയുടെ സ്വാതന്ത്ര്യം പോലെ നന്നായി മനസിലാക്കി ചെയ്താല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ‘അളി വേണിയെന്തുചെയ്’ എന്ന സ്വാതിതിരുനാള്‍ കൃതിയിലെ പദമെടുത്ത് സംഗീതയെക്കൊണ്ട് പാടിച്ചു’ ബിജിബാല്‍ പറയുന്നു.

വീഡിയോ നേരത്തേ തന്നെ എടുത്തത് തനിക്ക് പ്രചോദനമായെന്നും ദൃശ്യങ്ങളുമായി ചേര്‍ന്നുപോകുന്ന രീതിയില്‍ സംഗീതം ചിട്ടപ്പെടുത്താന്‍ അതുകാരണം സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Singer Sangeetha and Bijibal

‘മോഹന്‍ലാല്‍ സാറിന്റെ ശാസ്ത്രീയനൃത്തം മുമ്പ് പല സിനിമയിലും നമ്മള്‍ കണ്ടിട്ടുണ്ട്. വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും അദ്ദേഹത്തിന്റെ ലാസ്യഭാവങ്ങള്‍ കാണുമ്പോള്‍ വളരെ രസമായിരുന്നു. അദ്ദേഹത്തിന്റെയുള്ളിലെ സ്‌ത്രൈണതയെ എക്‌സ്‌പ്ലോര്‍ ചെയ്യുന്ന ദൃശ്യങ്ങളായിരുന്നു. എല്ലാ പുരുഷനിലും ഒരു സ്ത്രീയുടെ അംശമുണ്ടെന്ന് പറയുന്നതുപോലെ ആഭരണം കാണുമ്പോള്‍ ആ ഭാവങ്ങള്‍ കൂടുതല്‍ പ്രകടമാവുന്നു. ഒരു പുരുഷന്‍ സ്‌ത്രൈണത കൈവരിക്കുമ്പോള്‍ ഉണ്ടാകുന്ന ഭാവം സംഗീതത്തിലും പ്രതിഫലിക്കണം’ ബിജിബാല്‍ പറയുന്നു.

താന്‍ സംഗീതം ചിട്ടപ്പെടുത്തിയപ്പോള്‍ അതിന് തീര്‍ത്തും യോജിച്ച സ്ത്രീശബ്ദവും വേണമെന്നുതോന്നിയെന്നും അങ്ങനെയാണ് സംഗീതയിലെത്തുന്നതെന്നും അദ്ദേഹം പറയുന്നു. സംഗീതസംവിധാനം വളരെ ഇഷ്ടപ്പെട്ട് ചെയ്യുന്നതാണെന്നും അത് ഏറ്റവും ഭംഗിയായി ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ബിജിബാല്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Bijibal Talking about Mohanlal and Prakash Varma