പാട്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആദ്യഘട്ടത്തിന്റെ വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ പ്രശാന്ത് കിഷോറിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ജന്‍സുരാജിന്റെ സ്ഥാനാര്‍ത്ഥി ബി.ജെ.പിയില്‍ ചേര്‍ന്നു.
മുന്‍ഗറിലെ തന്നെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ കുമാര്‍ പ്രണയുടെ കയ്യില്‍ നിന്നും ബി.ജെ.പി അംഗത്വം സ്വീകരിക്കുകയും എന്‍.ഡി.എക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
മുന്‍ഗറില്‍ ത്രികോണ മത്സരം പ്രതീക്ഷിച്ചിരിക്കെയാണ് സഞ്ജയ് സിങ് രാഷ്ട്രീയ ലോകത്തെ തന്നെ ഞെട്ടിച്ചുകൊണ്ട് കാലുമാറിയിരിക്കുന്നത്. ഇതോടെ മണ്ഡലത്തിലെ മത്സരം എന്‍.ഡി.എയും ആര്‍.ജെ.ഡി-കോണ്‍ഗ്രസ് നേതൃത്വത്തിന്റ മഹാഗഡ്ബന്ധനും തമ്മിലായി.
സഞ്ജയ് സിങ്
ബി.ജെ.പിയെയും നരേന്ദ്ര മോദിയെയും നിതീഷ് കുമാറിനെയും പുകഴ്ത്തി സംസാരിച്ച സഞ്ജയ് സിങ്, ജന്‍ സുരാജ് പാര്‍ട്ടിയുടെ ആശയം നല്ലതാണെന്നും പൊതുജനങ്ങള്‍ക്കിടയില്‍ പ്രതിധ്വനിക്കുന്നതാണെന്നും പ്രതികരിച്ചു.
എന്നാല്‍ യഥാര്‍ത്ഥ മാറ്റം കൊണ്ടുവരാന്‍ ഉറച്ചതും ശക്തവുമായ ഒരു നേതൃത്വം ആവശ്യമാണെന്നും ജന്‍സുരാജ് പാര്‍ട്ടിക്ക് അതില്ലെന്നും സഞ്ജയ് സിങ് കുറ്റപ്പെടുത്തി.
നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് എന്‍.ഡി.എയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം, നേരത്തെ തന്നെ ബി.ജെ.പി തന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറാനായി ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് രാഷ്ട്രീയ തന്ത്രജ്ഞനും ജന്‍സുരാജ് പാര്‍ട്ടി സ്ഥാപകനുമായ പ്രശാന്ത് കിഷോര്‍ വെളിപ്പെടുത്തിയിരുന്നു.