ബീഹാർ തെരഞ്ഞെടുപ്പ്; 42% എം.എൽ.എമാർ ഗുരുതര ക്രിമിനൽ കേസുകളിലെ പ്രതികൾ: റിപ്പോർട്ട്
India
ബീഹാർ തെരഞ്ഞെടുപ്പ്; 42% എം.എൽ.എമാർ ഗുരുതര ക്രിമിനൽ കേസുകളിലെ പ്രതികൾ: റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th November 2025, 10:03 pm

പട്ന: ബീഹാർ തെരഞ്ഞെടുപ്പിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 130 (53%) എം.എൽ.എമാർ ക്രിമിനൽ കുറ്റങ്ങൾ നേരിടുന്നവരും 102 (42%) പേർ ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾ നേരിടുന്നവരുമാണെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്‌ റിഫോംസിന്റെ റിപ്പോർട്ട്.

2025 ലെ ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച 243 സ്ഥാനാർത്ഥികളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്.

2020 ലെ കണക്ക് പ്രകാരം ഇതിൽ നേരിയ പുരോഗതിയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 163 (68%) എം.എൽ.എമാർ ക്രിമിനൽ കുറ്റങ്ങൾ നേരിട്ടിരുന്നെന്നും 123 പേർ (50%) ഗുരുതരമായ ക്രിമിനൽ കേസുകളുള്ളവരാണെന്നുമായിരുന്നു കഴിഞ്ഞ റിപ്പോർട്ടിലെ കണക്ക്.

ഇപ്പോൾ വിജയിച്ച 102 എം.എൽ.എമാർ കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റകൃത്യങ്ങളിലെ പ്രതികളാണ്. അഴിമതി കുറ്റകൃത്യങ്ങളും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ഇതിൽ ഉൾപ്പെടുന്നു.

ബി.ജെ.പിയുടെ 43 എം.എൽ.എമാർക്കെതിരെയാണ് ക്രിമിനൽ കേസുകളുള്ളത്. ജെ.ഡി.യുവിൽ നിന്നുള്ള 23 പേരും ആർ.ജെ.ഡിയിൽ നിന്നുള്ള 14 പേരും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്.

കോൺഗ്രസിന്റെ ആകെയുള്ള ആറ് എം.എൽ.എമാരിൽ മൂന്ന് പേരും ക്രിമിനൽ കേസിലെ പ്രതികളാണ്. കേന്ദ്ര മന്ത്രി ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിയുടെ 19 എം.എൽ.എമാരിൽ പത്ത് പേർക്കെതിരെയും ക്രിമിനൽ കേസുകളുണ്ട്.

‘2025 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പുതുതായി തെരഞ്ഞെടുക്കപെട്ട 102 എം.എൽ.എമാർ, ഏകദേശം ആകെ എം.എൽ.എമാരിൽ 42 ശതമാനം പേർക്കുമെതിരെ ഗുരുതരമായ ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

കൊലപാതകം, കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, നിയമവിരുദ്ധമായി ആയുധങ്ങൾ കൈവശം വയ്ക്കൽ എന്നീ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ചുമത്തപ്പെട്ടിട്ടുള്ളത്,’ എ.ഡി.ആർ ബീഹാർ സംസ്ഥാന കോർഡിനേറ്റർ രാജീവ് കുമാർ പറഞ്ഞതായി ഇ.ടി.വി ഭാരത് റിപ്പോർട്ട് ചെയ്തു.

എല്ലാ രാഷ്ട്രീയ പാർട്ടികളും ഇപ്പോഴും ഇത്തരം കുറ്റകൃത്യങ്ങൾ നടത്തിയവരെ തെരഞ്ഞെടുപ്പിലേക്ക് മത്സരിപ്പിക്കുന്നുണ്ടെന്നും ഇത് വോട്ടർമാർക്ക് മികച്ച സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാനുള്ള അവസരം നഷ്ട്പ്പെടുത്തുന്നെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Bihar elections; 130 MLAs accused in criminal cases, 102 in serious criminal cases: Report