പാട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്ന് ആവര്‍ത്തിച്ച് അവകാശപ്പെട്ട പുതിയ രാഷ്ട്രീയ പാര്‍ട്ടി ജന്‍ സ്വരാജിനും മുന്‍രാഷ്ട്രീയ തന്ത്രജ്ഞനും പാര്‍ട്ടി സ്ഥാപക നേതാവുമായ പ്രശാന്ത് കിഷോറിനും വന്‍ തിരിച്ചടി നല്‍കി ബീഹാര്‍ തെരഞ്ഞെടുപ്പ്.
ബീഹാറിലെ ജാതി രാഷ്ട്രീയത്തിന് ബദലെന്ന് ഉയര്‍ത്തിക്കാണിച്ച് മികച്ച ആശയങ്ങള്‍ മുന്നോട്ട് വെച്ചെങ്കിലും ജനങ്ങളുടെ വോട്ട് നേടി വിജയത്തിലെത്താന്‍ പ്രശാന്ത് കിഷോര്‍ അവതരിപ്പിച്ച സ്ഥാനാര്‍ത്ഥികള്‍ക്കായില്ല.
2024 ഒക്ടോബര്‍ രണ്ടിന് നിലവില്‍ വന്ന ജന്‍ സ്വരാജ് പാര്‍ട്ടി ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയങ്കെിലും ഒരു സീറ്റില്‍ പോലും ലീഡ് നിലയില്‍ മുന്നിലെത്താന്‍ സാധിച്ചില്ല.
പുതിയ പാര്‍ട്ടിയെന്ന ലേബലില്‍ ശ്രദ്ധേയമായ പാര്‍ട്ടി ഇത്രയേറെ ഫണ്ട് ചെലവഴിച്ച് പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചതും മുഴുവന്‍ മണ്ഡലത്തിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.
ഇപ്പോഴിതാ ജന്‍സ്വരാജ് പാര്‍ട്ടിയുടെ തോല്‍വിയുടെ അഞ്ച് കാരണങ്ങള്‍ വിശകലനം ചെയ്യപ്പെടുകയാണ്.
1. സംഘടനാ തലത്തിലെ വീഴ്ച
ജന്‍ സ്വരാജ് പാര്‍ട്ടിക്ക് അടിസ്ഥാന തലത്തില്‍ വേരുകളില്ലാത്തത് വലിയ തിരിച്ചടിയായെന്നാണ് റിപ്പോര്‍ട്ടുകള്‍. ബി.ജെ.പി, ജെ.ഡി.യു, ആര്‍.ജെ.ഡി തുടങ്ങിയ പാര്‍ട്ടികളെ പോലെ ബൂത്ത് തലത്തില്‍ ശക്തമായ സംഘടനാ സംവിധാനമില്ലാത്തതും കേഡര്‍ സ്വഭാവത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തതും പാര്‍ട്ടിയെ പരാജയത്തിലേക്ക് നയിച്ചു. ദേശീയ മാധ്യമങ്ങളിലടക്കം പ്രശാന്ത് കിഷോര്‍ നിറഞ്ഞ് നിന്നെങ്കിലും ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിച്ചെല്ലാന്‍ ജന്‍ സ്വരാജിന് സാധിച്ചില്ല.
2. തിടുക്കപ്പെട്ട് തെരഞ്ഞെടുപ്പ് ഗോദയിലേക്ക്
ജന്‍ സ്വരാജ് പാര്‍ട്ടി രൂപീകരിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ തന്നെ മുഴുവന്‍ സീറ്റുകളിലേക്കും മത്സരിച്ച് ഒരു എടുത്തുചാട്ടമായി കണക്കാക്കാം. സ്വാധീനമുള്ള കുറച്ച് സീറ്റുകളില്‍ പാര്‍ട്ടിയുടെ ശക്തി വര്‍ധിപ്പിച്ചതിന് ശേഷം മാത്രം പതിയെ മുഴുവന്‍ സീറ്റുകളിലേക്കും നീങ്ങാമായിരുന്നെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
കൂടാതെ, പാര്‍ട്ടിക്ക് ഒരു മുഖം മാത്രമെയുള്ളൂ, അത് പ്രശാന്ത് കിഷോറാണ്. അതുകൊണ്ടുതന്നെ പാര്‍ട്ടിയുടെ പ്രചാരണങ്ങളടക്കം ഉപരിപ്ലവമായി തുടര്‍ന്നു. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി ചെല്ലാന്‍ മധ്യസ്ഥരായ നേതാക്കള്‍ പാര്‍ട്ടിക്കുണ്ടായില്ല. സ്ഥാനാര്‍ത്ഥികള്‍ക്ക് പുറമെ സാധാരണക്കാരായ ജനങ്ങളോട് സംവദിക്കാനും അടിസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കാനും മധ്യത്തിലൊരു നേതാവ് പോലുമില്ലാത്തത് പാര്‍ട്ടിക്ക് തിരിച്ചടിയായി.
3. എന്നും ഒരേ വാദങ്ങള്‍
തെരഞ്ഞെടുപ്പിന് മുന്നോടിയായും തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തുമെല്ലാം തുടര്‍ച്ചയായി പ്രശാന്ത് കിഷോര്‍ ഉന്നയിച്ചത് ഒരേയൊരു വിഷയം മാത്രമായിരുന്നു. ബീഹാറിന് രാഷ്ട്രീയ ബദല്‍ വേണമെന്ന ആവശ്യം. ഇക്കാര്യം ശക്തമായി തന്നെ ഉന്നയിക്കപ്പെട്ടെങ്കിലും ഒരു വ്യക്തമായ പ്രകടന പത്രിക മുന്നോട്ടുവെയ്ക്കാന്‍ പോലും പാര്‍ട്ടിക്ക് സാധിച്ചില്ല.
മറ്റ് പാര്‍ട്ടികളില്‍ നിന്നും വ്യത്യസ്തമായി ഒരു വാഗ്ദാനം നല്‍കുന്നതില്‍ പോലും വീഴ്ച വരുത്തിയ പാര്‍ട്ടിയെ ജനങ്ങളും വിശ്വാസത്തിലെടുത്തില്ല. തെരഞ്ഞെടുപ്പില്‍ ആരുമായി സഖ്യമുണ്ടാക്കുമെന്ന വോട്ടര്‍മാരുടെ ചോദ്യത്തിനും പ്രശാന്ത് കിഷോറിന് മറുപടിയുണ്ടായിരുന്നില്ല.
ബീഹാറിന് ഒരു രാഷ്ട്രീയ ബദലും വികസന ബദലുമാകാന്‍ സാധിക്കുമെന്ന് പ്രശാന്ത് കിഷോര്‍ ജന്‍ സ്വരാജ് പാര്‍ട്ടിയെ കുറിച്ച് അഭിപ്രായപ്പെട്ടെങ്കിലും ആ ബദല്‍ എന്തായിരിക്കുമെന്ന് ജനങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കാനായില്ല. ബീഹാര്‍ രാഷ്ട്രീയം ജാതി രാഷ്ട്രീയവുമായി കുഴഞ്ഞുമറിഞ്ഞ് കിടക്കുകയാണ്. ഇതിന് എതിരായ ശക്തമായ ഒരു നിലപാട് ഉയര്‍ത്തിക്കാണിക്കുന്നതില്‍ ജന്‍ സ്വരാജ് പരാജയപ്പെട്ടു.
കൂടാതെ പ്രശാന്ത് കിഷോര്‍ രാഷ്ട്രീയ തന്ത്രജ്ഞനായതിനാല്‍ തന്നെ മുമ്പ് നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തന്ത്രങ്ങള്‍ ഉപദേശിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ ആരുടെ പക്ഷത്താണ് നിലകൊള്ളുന്നതെന്ന് വ്യക്തമാക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു.
ഒരിക്കല്‍ പ്രശാന്ത് കിഷോര്‍ തന്ത്രങ്ങള്‍ പറഞ്ഞുകൊടുത്ത നേതാക്കളെ ഇപ്പോള്‍ കുറ്റപ്പെടുത്തുന്നത് ജനങ്ങളില്‍ അദ്ദേഹത്തിന്റെ വിശ്വാസം നഷ്ടപ്പെടുത്തുന്നതിനിടയാക്കി. നിതീഷ് കുമാര്‍, തേജസ്വി യാദവ് തുടങ്ങിയ പ്രാദേശികതലത്തില്‍ സ്വാധീനമുള്ള നേതാക്കളെ എതിര്‍ക്കാന്‍ കഴിയാതെ പോയതും ബി.ജെ.പിയുടെ വളര്‍ച്ചയും പ്രശാന്ത് കിഷോറിന് തിരിച്ചടിയായി.
എല്ലാ കോണുകളില്‍ നിന്നും ശക്തമായി ഉയര്‍ന്ന ചോദ്യമായിരുന്നു എന്തുകൊണ്ട് പാര്‍ട്ടിയുടെ ശക്തമായ മുഖമായ പ്രശാന്ത് കിഷോര്‍ മത്സരിച്ചില്ല എന്നുള്ളത്. അദ്ദേഹത്തിന് അതിനുള്ള ധൈര്യമില്ലെന്ന് പല വോട്ടര്‍മാരും തെറ്റിദ്ധരിക്കാനും ഇക്കാര്യം ഇടയാക്കി.
മുഴുവന്‍ മണ്ഡലത്തിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയെങ്കിലും ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള നേതാക്കളെ തെരഞ്ഞെടുക്കുന്നതില്‍ പ്രശാന്ത് കിഷോര്‍ പരാജയപ്പെട്ടതും പാര്‍ട്ടിയുടെ സമ്പൂര്‍ണ പരാജയത്തിന് ആക്കം കൂട്ടി.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട വോട്ട് ഷെയര്‍ പട്ടികയില്‍ പോലും പാര്‍ട്ടിക്ക് ഇടം പിടിക്കാനായില്ല. അതേസമയം, പ്രതീക്ഷകളില്ലാതിരിന്നിട്ടും ബീഹാറിന്റെ മനസ് അടുത്തറിയുന്ന വ്യക്തിയായിട്ടും പ്രശാന്ത് കിഷോര്‍ എന്തിനാണ് മുഴുവന്‍ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതെന്നാണ് ഉയരുന്ന ചോദ്യം.
പ്രതിപക്ഷ സഖ്യമായ മഹാഗഡ്ബന്ധന്റെ വോട്ട് പിളര്‍ത്താനായി ബി.ജെ.പിയുടെയും എന്‍.ഡി.എ സഖ്യത്തിന്റെയും ഏജന്റായി പ്രവര്‍ത്തിക്കുകയാണ് പ്രശാന്ത് കിഷോറെന്ന വിമര്‍ശനും ശക്തമാവുന്നുണ്ട്. അദ്ദേഹത്തിന്റെ ഫണ്ട് വിനിയോഗത്തിലും സംശയം ഉയരുന്നുണ്ട്.
Content Highlight: Bihar Election 2025: without making any impact; Five reasons why Prashant Kishor’s Jan Swaraj collapsed