ലിസ്റ്റ് എയില്‍ വൈഭവിന്റെ റെക്കോഡിന് ആയുസ് ഇല്ല; ചരിത്ര നേട്ടത്തില്‍ ബീഹാര്‍ ക്യാപ്റ്റന്‍
Sports News
ലിസ്റ്റ് എയില്‍ വൈഭവിന്റെ റെക്കോഡിന് ആയുസ് ഇല്ല; ചരിത്ര നേട്ടത്തില്‍ ബീഹാര്‍ ക്യാപ്റ്റന്‍
ശ്രീരാഗ് പാറക്കല്‍
Wednesday, 24th December 2025, 1:42 pm

വിജയ് ഹസാരെ ട്രോഫിയില്‍ ബീഹാറും അരുണാചല്‍ പ്രദേശും തമ്മിലുള്ള മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. റാഞ്ചിയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ബീഹാര്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ ബാറ്റിങ് അവസാനിച്ചതോടെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 574 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് ബീഹാര്‍ നേടിയത്.

ബീഹാറിന് വേണ്ടി അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചത് ഇന്ത്യന്‍ സൂപ്പര്‍ കിഡ് വൈഭവ് സൂര്യവംശിയാണ്. 84 പന്തില്‍ നിന്ന് 15 സിക്സും 16 ഫോറും ഉള്‍പ്പെടെ 190 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. 226.19 എന്ന സ്ട്രൈക്ക് റേറ്റിലാണ് താരം മിന്നും പ്രകടനം നടത്തിയത്. വെറും 10 റണ്‍സ് അകലെയാണ് വൈഭവിന് അര്‍ഹിച്ച ഡബിള്‍ സെഞ്ച്വറി നഷ്ടമായത്.

വെറും 36 പന്തിലായിരുന്നു വൈഭവ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇതോടെ ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമാകാനും വൈഭവ് സൂര്യവംശിക്ക് സാധിച്ചു. എന്നാല്‍ ഈ മത്സരത്തില്‍ വമ്പന്‍ ട്വിസ്റ്റാണ് പിറന്നത്.

ലിസ്റ്റ് എയില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടി ബീഹാര്‍ ക്യാപ്റ്റന്‍ സാക്കിബുള്‍ ഗാനി മാസ് കാണിച്ചു. വൈഭവ് മടങ്ങിയ ശേഷം ക്രീസിലെത്തിയ ഗാനി വെറും 32 പന്തില്‍ നിന്ന് സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് തിളങ്ങിയത്. വെറും 40 പന്തില്‍ നിന്ന് 12 സിക്‌സും 10 ഫോറും അടക്കം 128 റണ്‍സായിരുന്നു താരത്തിന്. 320 എന്ന ഗംഭീര സ്‌ട്രൈക്ക് റേറ്റും ഗാനി സ്വന്തമാക്കി.

ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരങ്ങള്‍, പന്ത്, വര്‍ഷം

സാക്കിബ് ഗാനി (ബീഹാര്‍) – 32 പന്തില്‍ – 2025*

ഇഷാന്‍ കിഷന്‍ (ജാര്‍ഖണ്ഡ്) – 33 പന്തില്‍ – 2025*

അന്‍മോള്‍പ്രീത് സിങ് (പഞ്ചാബ്) – 35 പന്തില്‍ – 2024

വൈഭവ് സൂര്യവംശി (ബീഹാര്‍) – 36 പന്തില്‍ – 2025*

(* ഇന്നത്ത വിജയ് ഹസാരെ ട്രോഫിയില്‍ സെഞ്ച്വറി അടിച്ചവര്‍)

അതേസമയം മത്സരത്തില്‍ ബീഹാറിന് വേണ്ടി ആയുഷ് ആനന്ദും സെഞ്ച്വറി നേടി മിന്നും പ്രകടനമാണ് നടത്തിയത്. 56 പന്തില്‍ 116 റണ്‍സ് നേടിയാണ് താരം തിളങ്ങിയത്. ടീമിന് വേണ്ടി പീയുഷ് സിങ് 77 റണ്‍സ് നേടി മികച്ച പ്രകടനം നടത്തിയാണ് മടങ്ങിയത്.

Content Highlight: Bihar captain Shakib Ghani and Vaibhav Suryavanshi in the list of best records

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ