ഗാസയുടെ പുനര്‍നിര്‍മ്മാണത്തിന് സഹായിക്കും; ഹമാസിന് ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ അവസരം നല്‍കില്ലെന്നും ഇസ്രാഈലിനോടുള്ള പ്രതിബദ്ധത തുടരുമെന്നും ബൈഡന്‍
World News
ഗാസയുടെ പുനര്‍നിര്‍മ്മാണത്തിന് സഹായിക്കും; ഹമാസിന് ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ അവസരം നല്‍കില്ലെന്നും ഇസ്രാഈലിനോടുള്ള പ്രതിബദ്ധത തുടരുമെന്നും ബൈഡന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd May 2021, 8:10 am

വാഷിംഗ്ടണ്‍: ഇസ്രാഈല്‍ – ഹമാസ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഗാസയെ പുനര്‍നിര്‍മ്മിക്കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളെയും പിന്തുണക്കുമെന്ന് അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇസ്രഈലിനൊപ്പം ഫലസ്തീന്‍ എന്ന സ്വതന്ത്ര രാഷ്ട്രവും സ്ഥാപിക്കുക എന്നു ദ്വി-രാഷ്ട്ര പദ്ധതി മാത്രമാണ് ഇസ്രഈല്‍ – ഫലസ്തീന്‍ പ്രശ്‌നങ്ങള്‍ക്കുള്ള ഏക പരിഹാരമെന്നും ബൈഡന്‍ പറഞ്ഞു.

ഫലസ്തീനിയന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബാസിനെ ഫലസ്തീനിയന്‍ ജനതയുടെ നേതാവായി തന്നെ കാണണമെന്നും ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് പറഞ്ഞതായും ബൈഡന്‍ അറിയിച്ചു. ഫലസ്തീനിലെ മറ്റൊരു ഭരണകേന്ദ്രമായ ഹമാസിനെ അമേരിക്ക അംഗീകരിച്ചിട്ടില്ല.

വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി അംഗീകരിച്ച ധാരണ പ്രകാരമുള്ള സഹായങ്ങള്‍ ഫലസ്തീനിന് നല്‍കണമെന്നും ബൈഡന്‍ ഇസ്രാഈലിനോട് ആവശ്യപ്പെട്ടു.

ജറുസലേമില്‍ ജൂതരും ഫലസ്തീനികളും തമ്മില്‍ നടത്തുന്ന ആഭ്യന്തര കലാപങ്ങള്‍ അവസാനിപ്പിക്കണമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. ഇസ്രാഈല്‍ പൗരന്മാരായ അറബ് വംശജരോടും ജൂതരോടും ഒരുപോലെ തന്നെ പെരുമാറണമെന്നും ആരോടെങ്കിലും വിവേചനം പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അമേരിക്കയ്ക്ക് ഇസ്രാഈലിന്റെ സുരക്ഷയ്ക്കുള്ള പ്രതിബദ്ധതയില്‍ ഒരംശം പോലും കുറവ് വന്നിട്ടില്ലെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. ഹമാസിന് വീണ്ടും ആയുധങ്ങള്‍ നിര്‍മ്മിക്കാനുള്ള അവസരം നല്‍കില്ലെന്നും ഇസ്രാഈല്‍ – ഫലസ്തീന്‍ വിഷയത്തില്‍ തങ്ങളുടെ കാഴ്ചപ്പാടുകളുമായി ചേര്‍ന്നുനില്‍ക്കുന്ന രാജ്യങ്ങളുമായി ചേര്‍ന്ന്് ഗാസയില്‍ വീടുകള്‍ പുനര്‍നിര്‍മ്മിക്കാനുള്ള വലിയ സാമ്പത്തിക സഹായം നല്‍കുമെന്നും ബൈഡന്‍ അറിയിച്ചു.

കഴിഞ്ഞ 11 ദിവസമായി ഫലസ്തീനെതിരെ നടത്തിവന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതായി വെള്ളിയാഴ്ചയാണ് ഇസ്രാഈല്‍ അറിയിച്ചത്. ഈജിപ്ത് മുന്നോട്ടുവെച്ച മധ്യസ്ഥ ഫോര്‍മുല അംഗീകരിച്ചതായും വെടിനിര്‍ത്തലിന് തങ്ങള്‍ തയ്യാറാണെന്നും ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിക്കുകയായിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ വെടി നിര്‍ത്തല്‍ നിലവില്‍ വന്നതായാണ് റിപ്പോര്‍ട്ട്. ഇസ്രാഈലിന് പിന്നാലെ ഹമാസും വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പതിനൊന്ന് ദിവസം നീണ്ട ഇസ്രാഈല്‍ ആക്രമണത്തില്‍ 232 ഫലസ്തീനികളാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 65 കുട്ടികളും 39 സ്ത്രീകളും ഉള്‍പ്പെടുന്നു.

1900 പേര്‍ ഗുരുതരമായ പരിക്കുകളോടെ ചികിത്സയില്‍ കഴിയുകയാണ്. ഹമാസ് നടത്തിയ പ്രത്യാക്രമണങ്ങളില്‍ രണ്ട് കുട്ടികളും ഒരു മലയാളിയും ഉള്‍പ്പെടെ 12 പേര്‍ ഇസ്രാഈലിലും കൊല്ലപ്പെട്ടു. ഇരുന്നൂറിലധികം പേര്‍ക്ക് പരിക്കുകളുമുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Content Highlight: Joe Biden says he will help to rebuild Gaza but will not recognise Hamas and will continue commitment with Israel