ഒരുപാട് കളിയാക്കലുകളില്‍ നിന്നാണ് എനിക്ക് കോണ്‍ഫിഡന്‍സുണ്ടായത്: ബിബിന്‍ ജോര്‍ജ്
Entertainment
ഒരുപാട് കളിയാക്കലുകളില്‍ നിന്നാണ് എനിക്ക് കോണ്‍ഫിഡന്‍സുണ്ടായത്: ബിബിന്‍ ജോര്‍ജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 19th June 2025, 8:59 am

അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടനും തിരക്കഥാകൃത്തുമാണ് ബിബിന്‍ ജോര്‍ജ്. വിഷ്ണു ഉണ്ണികൃഷനുമായി ചേര്‍ന്ന് ഈ ഹിറ്റ് സിനിമയുടെ തിരക്കഥയൊരുക്കിയത് ബിബിനായിരുന്നു. ടി.വി പ്രോഗ്രാമുകള്‍ എഴുതി കൊണ്ടാണ് അദ്ദേഹം കരിയര്‍ ആരംഭിച്ചത്.

പിന്നീട് കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ, വെടിക്കെട്ട് എന്നീ ചിത്രങ്ങള്‍ക്ക് വിഷ്ണുവിനൊപ്പം തിരക്കഥയൊരുക്കി. വെടിക്കെട്ട് സംവിധാനം ചെയ്തതും ഇരുവരും ചേര്‍ന്നായിരുന്നു.

2018ല്‍ ഹിറ്റ് സംവിധായകന്‍ ഷാഫിയുടെ സംവിധാനത്തില്‍ എത്തിയ ഒരു പഴയ ബോംബ് കഥ എന്ന സിനിമയിലുടെ ബിബിന് നായകനുയി.

ഇപ്പോള്‍ കളിയാക്കലുകളില്‍ നിന്നാണ് തനിക്ക് ആത്മവിശ്വാസം ഉണ്ടായതെന്ന് പറയുകയാണ് ബിബിന്‍. കളിയാക്കലുകളില്‍ നിന്നും നമ്മുടെ ആഗ്രഹങ്ങളില്‍ നിന്നുമാണ് ആത്മവിശ്വസമുണ്ടാകുന്നതെന്നും എല്ലാവരുടെ കാര്യത്തിലും അത് അങ്ങനെ തന്നെയാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രിക്കറ്റൊക്കെ കളിക്കുന്ന സമയത്ത് പോലും ആരുമില്ലെങ്കില്‍ ഏറ്റവും അവസാനം വിളിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് താനെന്നും എല്ലാവരുടെയും മുമ്പില്‍ ഏറ്റവും ആദ്യം തന്റെ പേര് വിളിക്കണമെന്ന് താന്‍ അന്നേ തീരുമാനിച്ചിരുന്നുവെന്നും ബിബിന്‍ പറഞ്ഞു. ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു.

‘കളിയാക്കലില്‍ നിന്നാണ് എനിക്ക് കോണ്‍ഫിഡന്‍സുണ്ടായത്. പിന്നെ ആഗ്രഹത്തില്‍ നിന്നുമായിരിക്കും. എല്ലാവരും അങ്ങനെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എനിക്ക് മാത്രമല്ല അത്. എപ്പോഴെങ്കിലും നമ്മള്‍ കുറെ കളിയാക്കലുകള്‍ കേട്ടതിന്റെയും ഒക്കെയായിരിക്കും, അപ്പോള്‍ നമ്മള്‍ തീരുമാനിക്കുമല്ലോ.

ക്രിക്കറ്റൊക്കെ കളിക്കാന്‍ പോകുമ്പോള്‍ ഏറ്റവും ലാസ്റ്റ് വിളിക്കുന്നത് എന്റെ പേരായിരുന്നു. ആരുമില്ലെങ്കില്‍ അവസാനം വിളിക്കുമേല്ലാ അങ്ങനെയായിരുന്നു എന്നെ വിളിച്ചത്. ആ സമയത്തെ ഞാന്‍ എന്റെ ഉള്ളിന്റെ ഉള്ളില്‍ തീരുമാനിച്ചിട്ടുണ്ടായിരുന്നു. എന്നെങ്കിലും ഇവരുടെയൊക്കെ മുമ്പില്‍ ആദ്യം എന്റെ പേര് വിളിക്കുന്ന അവസ്ഥയിലേക്ക് എത്തണമെന്ന്. ഒന്നാമത് വിളിക്കുന്നയാളായിട്ട് വരണം എന്നത്. അത് വലിയൊരു ആഗ്രഹമായിരുന്നു.’ ബിബിന്‍ ജോര്‍ജ് പറയുന്നു.

Content Highlight: Bibin says that he gained confidence from others teasing.