മിമിക്രിയിലൂടെയും റിയാലിറ്റിഷോയിലൂടെയും സിനിമയിലേക്കെത്തിയ നടനാണ് ബിബിന്‍ ജോര്‍ജ്. വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയുടെ തിരക്കഥയൊരുക്കിക്കൊണ്ടായിരുന്നു സിനിമാ എന്‍ട്രി. ചെറിയ വേഷങ്ങളില്‍ തിളങ്ങിയ ബിബിന്‍ ഷാഫി സംവിധാനം ചെയ്ത ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയത്.
വിഷ്ണുവുമായുള്ള സൗഹൃദത്തെ കുറിച്ചും സിനിമയില്‍ തനിക്ക് ലഭിക്കുന്ന അവസരങ്ങളെ കുറിച്ചും കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് ബിബിന്‍ ജോര്‍ജ്.
‘വിഷ്ണു എന്നെ കൈചേര്‍ത്ത് പിടിച്ച് നടന്ന ഒരുത്തനാണ്. അവന്‍ നടനായി മാറിയപ്പോഴും എന്നെ അവന്‍ പോകുന്ന സ്ഥലത്തേക്കൊക്കെ കൊണ്ടുപോകുമായിരുന്നു. ഉദ്ഘാടനത്തിനൊക്കെ പോകുമ്പോള്‍ അവനെ ആയിരിക്കും വിളിക്കുക, എല്ലാവര്‍ക്കും അവനെ മതി. എന്നെ സത്യത്തില്‍ വേണ്ടായിരുന്നു.
എന്നെ കൂട്ടേണ്ടെന്ന് ഫോണിലൂടെയെല്ലാം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ബിബിനും കൂടെ ഉണ്ടെന്ന് പറയുമ്പോള്‍ വേണ്ട നീ മാത്രം മതിയെന്ന് വിഷ്ണുവിനോട് പറയുന്നതൊക്കെ കേട്ടിട്ടുണ്ട്. അവരെ പറഞ്ഞിട്ടും കാര്യമില്ല, കാരണം ഒരാളെക്കൂടി കൂട്ടികൊണ്ടുപോയാല്‍ അവര്‍ക്കാണല്ലോ ചെലവ് കൂടുതല്‍.
കുറച്ച് കഴിഞ്ഞപ്പോള്‍ എനിക്കുതന്നെ ഇത് മനസിലാകാന്‍ തുടങ്ങി. ഞാന്‍ തന്നെ എന്നിട്ട് അവനോട് പറഞ്ഞു ‘എടാ വിഷ്ണു ഇനി നീ നിന്റെ വഴിക്ക് പോകട്ടെ.. എന്നെങ്കിലും ഞാനും ആ വഴിക്ക് വരും’ എന്ന് പറഞ്ഞു. അത് കഴിഞ്ഞിട്ടാണ് ഞാന്‍ വെല്‍കം ടു സെന്‍ട്രല്‍ ജയിലിലെ ഒരു സീന്‍ ചെയ്യുന്നത്.
ആ ഒറ്റ സീന്‍ കണ്ടിട്ടാണ് റാഫി സാര്‍ എന്നെ റോള്‍ മോഡലില്‍ ഫഹദിന്റെ വില്ലനായി വിളിക്കുന്നത്. റോള്‍ മോഡല്‍സിലെ ഫൈറ്റ് കണ്ടിട്ടാണ് ബോംബുകഥ സ്‌ക്രിപ്റ്റ് എഴുതുന്നത്. ഇതെല്ലം കണക്ടഡാണ്. ബോംബുകഥ എന്റടുത്തേക്ക് വന്നു. ഞാനാണ് അത് ഷാഫിസാറിനോട് ആ സിനിമയുടെ കാര്യം പറയുന്നത്. അങ്ങനെയാണ് ഞാന്‍ നായകനാകുന്നത്,’ ബിബിന്‍ ജോര്‍ജ് പറയുന്നു.