അടുത്തകാലത്ത് കണ്ടതില്‍ ഏറ്റവും ഇഷ്ടപ്പെട്ട തമിഴ് ചിത്രം; ചിരിപ്പിക്കും അപ്പോള്‍ത്തന്നെ കരയിക്കുകയും ചെയ്യും, ആ ഗ്രാഫാണ് എന്നെ ആകര്‍ഷിച്ചത്: ബിബിന്‍ ജോര്‍ജ്
ഈ വര്‍ഷത്തെ ഏറ്റവും മികച്ച തമിഴ് സിനിമയെന്ന് നിരൂപകരും പ്രേക്ഷകരും ഒരുപോലെ പ്രശംസിച്ച ചിത്രമാണ് ടൂറിസ്റ്റ് ഫാമിലി. നവാഗതനായ അബിഷന്‍ ജീവിന്ത് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ശശികുമാര്‍, സിമ്രന്‍, മിഥുന്‍ ജയ്ശങ്കര്‍, കമലേഷ് ജഗന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം എല്ലാവരുടെയും മനസ് നിറക്കുന്ന ഫീല്‍ ഗുഡ് ചിത്രമാണ്. ഹൈപ്പിലെത്തിയ സൂര്യയുടെ റെട്രോയെക്കാള്‍ കളക്ഷന്‍ തമിഴ്നാട്ടില്‍ നിന്ന് ടൂറിസ്റ്റ് ഫാമിലി സ്വന്തമാക്കിയിരുന്നു.
ഇപ്പോള്‍ ടൂറിസ്റ്റ് ഫാമിലി എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ബിബിന്‍ ജോര്‍ജ്. എല്ലാ ഭാഷയിലെയും സിനിമകള്‍ കാണുന്ന ആളാണ് താനെന്നും അടുത്തകാലത്ത് കണ്ടതില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ടൂറിസ്റ്റ് ഫാമിലി എന്ന സിനിമയാണെന്നും ബിബിന്‍ ജോര്‍ജ് പറയുന്നു.
മലയാള സിനിമയിലെ സംവിധായകരായ പ്രിയദര്‍ശനും സിദ്ദിഖുമൊക്കെ ചെയ്യുന്നതുപോലെ ആദ്യം ചിരിപ്പിക്കുകയും പിന്നീട് കരയിപ്പിക്കും വീണ്ടും ചിരിപ്പിക്കുകയും ചെയ്ത സിനിമയാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബിബിന്‍ ജോര്‍ജ്.
‘എല്ലാ പടവും കാണുന്ന ആളാണ് ഞാന്‍. അടുത്തകാലത്ത് കണ്ടതില്‍ ഏറ്റവും ഇഷ്ടം ടൂറിസ്റ്റ് ഫാമിലി എന്ന സിനിമയാണ്. പ്രിയന്‍ സാറും സിദ്ദിഖ് സാറുമൊക്കെ ചെയ്ത സിനിമകളുണ്ട്. ആദ്യം ചിരിപ്പിച്ചിട്ട് കുറച്ചുകഴിയുമ്പോള്‍ കരയിക്കുന്നത്. വീണ്ടും അത് സന്തോഷത്തിലേക്ക് എത്തിയാകാം അവസാനിക്കുക. ടൂറിസ്റ്റ് ഫാമിലിയുടെ പ്രത്യേകതയെന്താണെന്ന് ചോദിച്ചാല്‍ ചിരിപ്പിക്കും അപ്പോള്‍ത്തന്നെ കരയിക്കുകയും ചെയ്യും. അവസാനംവരെ ഇങ്ങനെ തുടരുകയാണ്. ആ ഗ്രാഫാണ് എന്നെ ആകര്‍ഷിച്ചത്,’ ബിബിന്‍ ജോര്‍ജ് പറയുന്നു.