മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനും തിരക്കഥാകൃത്തുമാണ് ബിബിന്‍ ജോര്‍ജ്. വിഷ്ണു ഉണ്ണികൃഷനുമായി ചേര്‍ന്ന് അമര്‍ അക്ബര്‍ അന്തോണി എന്ന ഹിറ്റ് ചിത്രത്തിന് തിരക്കഥയൊരുക്കിയത് ബിബിനായിരുന്നു. അവിടം മുതല്‍ക്കാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്.
ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും തിരക്കഥയൊരുക്കി നാദിര്‍ഷയുടെ സംവിധാനത്തില്‍ 2016ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കട്ടപ്പനയിലെ ഋത്വിക് റോഷന്‍. സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു.
ഇപ്പോള്‍ ചിത്രത്തില്‍ ധര്‍മജന്‍ ബോള്‍ഗാട്ടി അവതരിപ്പിച്ച കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ബിബിന്‍ ജോര്‍ജ്. രാത്രി വിളിച്ച് ഇംഗ്ലീഷിന്റെ അര്‍ത്ഥം ചോദിക്കുന്നൊരു കൂട്ടുകാരന്‍ തനിക്കുണ്ടായിരുന്നുവെന്നും അതില്‍ നിന്ന് ഇന്‍സ്പയര്‍ ആയാണ് ധര്‍മജന്റെ കഥാപാത്രം ഉണ്ടായതെന്നും അദ്ദേഹം പറയുന്നു. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കട്ടപ്പനയിലെ ഋത്വിക് റോഷനിലെ ധര്‍മജന്റെ കഥാപാത്രം പോലെ രാത്രി വിളിച്ച് ഇംഗ്ലീഷ് ചോദിക്കുന്ന കൂട്ടുകാരന്‍ എനിക്കുണ്ട്. അവന് വിദ്യാഭ്യാസം കുറവാണ്. അവന് രാത്രി വിളിച്ച് ധര്‍മജന്‍ ചോദിക്കുന്നതുപോലെ ‘എടാ ഇതെന്താണെന്ന്, ഒന്ന് അര്‍ത്ഥം പറഞ്ഞ് താ’ എന്നൊക്കെ പറയും. അങ്ങനെ കുറെ കഥാപാത്രങ്ങള്‍ ജീവിതത്തില്‍ നിന്ന് തന്നെ എടുത്തതാണ്,’ ബിബിന്‍ ജോര്‍ജ് പറയുന്നു.
കട്ടപ്പനയിലെ ഋത്വിക് റോഷനിലെ ഹിറ്റ് ഡയലോഗുകളില്‍ ഒന്നായിരുന്നു പഴംപൊരിയെ നോക്കി ‘ഉണരൂ രതീഷ്’ എന്ന് പറയുന്നത്. ചിത്രത്തിലെ ഉണരൂ രതീഷ് വന്ന വഴിയേ കുറിച്ചും ബിബിന്‍ സംസാരിച്ചിരുന്നു.
’99 ശതമാനവും നമ്മള്‍ എഴുതുന്ന ക്യാരക്ടടേഴ്സും നമ്മുടെ നാട്, എന്റെ അമ്മ അങ്ങനെ അവിടുന്നൊക്കെ കിട്ടുന്നതാണ്. അതുപോലെ തന്നെയാണ് കട്ടപ്പനയിലെ ഋത്വിക് റോഷനില്‍ പറയുന്ന രതീഷ്. എനിക്ക് ആഴ്ച്ചയിലൊക്കെ ഒരു അസുഖമുണ്ടാകും, ചില വാക്കുകള്‍ ഇങ്ങനെ മനസില്‍ കുടുങ്ങും. രതീഷ് എന്നാണെങ്കില്‍ എല്ലാവരെയും ആ സമയത്ത് ഞാന്‍ രതീഷ് എന്ന് വിളിക്കും.
അങ്ങനെ ആ സ്‌ക്രിപ്റ്റ് എഴുതുന്ന സമയത്ത് ഞാനും വിഷ്ണുവും കൂടെ പ്ലാന്‍ ചെയ്തതാണ്, എന്തായാലും ഉറങ്ങി കിടക്കുന്ന പഴംപൊരിയെ എഴുന്നേല്‍പ്പിക്കുന്ന സംഭവം കിട്ടി. അങ്ങനെ ഒരു സീനാണെന്ന് കിട്ടി. അത് കഴിഞ്ഞ് പഴംപൊരിക്ക് ഒരു പേരും കൂടെ ഇടാം എന്ന് വെച്ചപ്പോള്‍ രതീഷ്. അങ്ങനെയാണ് രതീഷ് വന്നത്,’ ബിബിന്‍ ജോര്‍ജ് പറഞ്ഞു.