സൂപ്പര്‍സ്റ്റാറുകളെ വെച്ച് ഹിറ്റടിച്ച ആള്‍; എന്നെ ഹീറോ ആക്കിയതാണ് അദ്ദേഹം ചെയ്ത വലിയ കാര്യം: ബിബിന്‍ ജോര്‍ജ്
Entertainment
സൂപ്പര്‍സ്റ്റാറുകളെ വെച്ച് ഹിറ്റടിച്ച ആള്‍; എന്നെ ഹീറോ ആക്കിയതാണ് അദ്ദേഹം ചെയ്ത വലിയ കാര്യം: ബിബിന്‍ ജോര്‍ജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 9th June 2025, 3:43 pm

മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനും തിരക്കഥാകൃത്തുമാണ് ബിബിന്‍ ജോര്‍ജ്. മിമിക്രിയില്‍ നിന്നാണ് അദ്ദേഹം സിനിമയിലേക്കെത്തിയത്. വിഷ്ണു ഉണ്ണികൃഷനുമായി ചേര്‍ന്ന് അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയത് ബിബിനായിരുന്നു. അവിടം മുതല്‍ക്കാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്.

പിന്നീട് കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ, വെടിക്കെട്ട് എന്നീ ചിത്രങ്ങള്‍ക്ക് വിഷ്ണുവിനൊപ്പം തിരക്കഥയൊരുക്കി. വെടിക്കെട്ട് സംവിധാനം ചെയ്തതും ഇരുവരും ചേര്‍ന്നായിരുന്നു. അമര്‍ അക്ബര്‍ അന്തോണി, വെല്‍ക്കം റ്റു സെന്‍ട്രല്‍ ജയില്‍, റോള്‍ മോഡല്‍സ് തുടങ്ങിയ ഏതാനും സിനിമകളില്‍ അഭിനയിച്ചതിന് ശേഷമാണ് ബിബിന്‍ ജോര്‍ജ് നായകനായി എത്തുന്നത്.

2018ല്‍ ഹിറ്റ് സംവിധായകന്‍ ഷാഫിയുടെ സംവിധാനത്തില്‍ എത്തിയ ഒരു പഴയ ബോംബ് കഥ എന്ന സിനിമയിലാണ് അദ്ദേഹം ആദ്യമായി നായകനാകുന്നത്. പിന്നീട് മികച്ച വേഷങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. ഇപ്പോള്‍ സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ഷാഫിയെ കുറിച്ച് പറയുകയാണ് ബിബിന്‍.

‘ഷാഫി സാറിനെ പറ്റി പറയാതെ നമുക്ക് മുന്നോട്ട് പോകാനാവില്ല. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും ഞാന്‍ നായകനാകും എന്ന കാര്യത്തില്‍ ഉറപ്പുണ്ടായിരുന്നില്ല. ഞാന്‍ നായകനാകുന്നത് അവരൊന്നും ചിന്തിച്ചിട്ട് പോലുമുണ്ടാവില്ല.

എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും അങ്ങനെ ചിന്തിക്കാന്‍ ആയിട്ടില്ല. ആത്മാര്‍ത്ഥമായി ചങ്ക് പോലെ കൊണ്ടു നടക്കുന്ന കൂട്ടുകാര്‍ പോലും ഞാന്‍ സിനിമയില്‍ നായകനല്ലാത്ത വേറെ കഥാപാത്രങ്ങള്‍ ചെയ്യുമെന്ന് കരുതിയിട്ടുണ്ടാകും. പക്ഷെ ഹീറോ ആയിട്ട് വരുമെന്ന് ചിന്തിച്ചിട്ടില്ല.

ആ സമയത്ത് എന്നെ ഹീറോ ആയിട്ട് കാണാന്‍ ഷാഫി സാര്‍ കാണിച്ച ഒരു ചങ്കൂറ്റമുണ്ട്. അദ്ദേഹം മമ്മൂക്കയും രാജുവേട്ടനും (പൃഥ്വിരാജ് സുകുമാരന്‍) ചാക്കോച്ചനും ഉള്‍പ്പെടെയുള്ള പല സൂപ്പര്‍സ്റ്റാറുകളെയും വെച്ച് ഹിറ്റടിച്ച ആളാണ്. മലയാളത്തില്‍ ഹിറ്റ് സിനിമകള്‍ നോക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റേതാകും കൂടുതല്‍.

പക്ഷെ അദ്ദേഹം ചെയ്ത ഏറ്റവും വലിയ കാര്യമായിട്ടും ഒരു മൈല്‍സ്റ്റോണ്‍ ആയിട്ടും കരുതേണ്ടത് എന്നെ പോലെ ഒരാളെ ഹീറോ ആക്കിയതാണ്. അദ്ദേഹം എന്നെ അന്ന് ഹീറോ ആക്കിയതിന് ശേഷമാണ് ആളുകള്‍ എന്നെ സ്വീകരിച്ച് തുടങ്ങിയത്.

സത്യത്തില്‍ ഞങ്ങളുടെ പുതിയ സിനിമയുടെ കഥ ഞാനും വിഷ്ണുവും പറയുകയും അദ്ദേഹം ഡയറക്ട് ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എല്ലാം സെറ്റായി നില്‍ക്കുന്ന സമയത്താണ് ഷാഫി സാര്‍ പോകുന്നത്. എനിക്ക് അദ്ദേഹം അയച്ച അവസാനത്തെ വോയിസ് മെസേജ് ഇപ്പോഴും ഓര്‍മയുണ്ട്.

എന്നെ വെച്ചിട്ട് ഒരു പടം ചെയ്യാനായി കഥ കേട്ടിട്ടുണ്ട് എന്ന് പറയുന്നതായിരുന്നു ആ വോയിസ് മെസേജ്. ഗുരുനാഥനില്‍ ഉപരിയായി എന്റെ ഫാമിലി തന്നെയാണ് അദ്ദേഹം. എന്റെ അപ്പന്‍ മരിച്ചപ്പോള്‍ ഉണ്ടായ വേദന തന്നെയായിരുന്നു എനിക്ക് അദ്ദേഹം പോയപ്പോഴും ഉണ്ടായിരുന്നത്,’ ബിബിന്‍ ജോര്‍ജ് പറയുന്നു.


Content Highlight: Bibin George Talks About Director Shafi