അന്ന് ആ വിഷമത്തില്‍ നിന്നുകൊണ്ടാണ് ഞാന്‍ ബഡായി ബംഗ്ലാവിന് വേണ്ടി എഴുതി തുടങ്ങിയത്: ബിബിന്‍ ജോര്‍ജ്
Entertainment
അന്ന് ആ വിഷമത്തില്‍ നിന്നുകൊണ്ടാണ് ഞാന്‍ ബഡായി ബംഗ്ലാവിന് വേണ്ടി എഴുതി തുടങ്ങിയത്: ബിബിന്‍ ജോര്‍ജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 9th June 2025, 8:52 pm

അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടനും തിരക്കഥാകൃത്തുമാണ് ബിബിന്‍ ജോര്‍ജ്. വിഷ്ണു ഉണ്ണികൃഷനുമായി ചേര്‍ന്ന് ഈ ഹിറ്റ് സിനിമയുടെ തിരക്കഥയൊരുക്കിയത് ബിബിനായിരുന്നു. ടി.വി പ്രോഗ്രാമുകള്‍ എഴുതി കൊണ്ടാണ് അദ്ദേഹം കരിയര്‍ ആരംഭിച്ചത്.

പിന്നീട് കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ, വെടിക്കെട്ട് എന്നീ ചിത്രങ്ങള്‍ക്ക് വിഷ്ണുവിനൊപ്പം തിരക്കഥയൊരുക്കി. വെടിക്കെട്ട് സംവിധാനം ചെയ്തതും ഇരുവരും ചേര്‍ന്നായിരുന്നു.

2018ല്‍ ഹിറ്റ് സംവിധായകന്‍ ഷാഫിയുടെ സംവിധാനത്തില്‍ എത്തിയ ഒരു പഴയ ബോംബ് കഥ എന്ന സിനിമയിലുടെ ബിബിന് നായകനായി. ഇപ്പോള്‍ സില്ലിമോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ സങ്കടപ്പെട്ട് കൊണ്ട് എഴുതിയ പ്രോഗ്രാമിനെ കുറിച്ച് പറയുകയാണ് ബിബിന്‍ ജോര്‍ജ്.

‘എന്റെ അപ്പന്‍ ഒരു ആക്‌സിഡന്റില്‍ പെട്ടിട്ടാണ് മരിക്കുന്നത്. ആ സമയത്ത് എനിക്ക് 22 വയസോ മറ്റോവാണ് ഉള്ളത്. അപ്പോള്‍ ഞാന്‍ എഴുത്ത് നിര്‍ത്തി. എനിക്ക് എഴുതാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ‘ഇനി എന്തിനാണ്’ എന്ന ചോദ്യമായിരുന്നു അപ്പോള്‍ മനസില്‍ ഉണ്ടായിരുന്നത്.

എല്ലാവരുടെയും ജീവിതത്തില്‍ അത്തരമൊരു ശൂന്യത വരുമല്ലോ. ‘ഇനി ആരെ കാണിക്കാനാണ്’ എന്ന ചിന്തയായിരുന്നു എനിക്ക്. കാരണം അപ്പനായിരുന്നു ഞാന്‍ നടനാകണം എന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത്. അന്ന് ഞാന്‍ സിനിമയില്‍ ഒന്നുമില്ലാത്ത സമയമായിരുന്നു.

ചാനലില്‍ എഴുതുന്ന സമയമായിരുന്നു അത്. എഴുത്ത് നിര്‍ത്തിയിട്ട് ഞാന്‍ എറണാകുളത്ത് ഒരു സ്‌കൂളില്‍ അധ്യാപകനായിട്ട് ദിവസക്കൂലിക്ക് നിന്നു. മുന്നൂറ് രൂപയായിരുന്നു അന്ന് കിട്ടിയത്. ആ പൈസക്ക് വേണ്ടിയാണ് ഞാന്‍ അവിടെ ജോലി ചെയ്തത്.

അപ്പോഴും മനസിന് ഒരു കനമായിരുന്നു. ആ സമയത്ത് കഥ എഴുതാനായി പേന തൊടുന്നേ ഉണ്ടായിരുന്നില്ല. കൃത്യം അപ്പോഴാണ് എന്നെ ബഡായി ബംഗ്ലാവ് എഴുതാന്‍ വേണ്ടിയിട്ട് രമേഷേട്ടന്‍ (രമേഷ് പിഷാരടി) വിളിക്കുന്നത്. അതൊരു വന്‍ കോമഡി പ്രോഗ്രാമാണ്.

ആ വിഷമത്തില്‍ നിന്നു കൊണ്ടാണ് ഞാന്‍ ബഡായി ബംഗ്ലാവിന് വേണ്ടി എഴുതി തുടങ്ങുന്നത്. പിന്നെ എന്റെ ജീവിതം മാറി തുടങ്ങുന്നത് അമര്‍ അക്ബര്‍ അന്തോണി വന്നപ്പോഴാണ്. ആ സിനിമയുടെ കഥ കേള്‍ക്കാന്‍ പലരും തയ്യാറായതിന്റെ കാരണം പോലും ബഡായി ബംഗ്ലാവായിരുന്നു. അതാണ് എന്റെ ഓര്‍മയില്‍ ഞാന്‍ ഏറ്റവും വിഷമിച്ചിരിക്കുമ്പോള്‍ എഴുതിയ പ്രോഗ്രാം,’ ബിബിന്‍ ജോര്‍ജ് പറയുന്നു.


Content Highlight: Bibin George Talks About Badai Bangalow