നായകനായ ശേഷം തൊട്ടടുത്ത സിനിമയില്‍ വില്ലനായി, ജീവിതത്തിലും ഞാന്‍ അതുപോലെയാണെന്ന് കരുതി ചിത്ര ചേച്ചി പേടിച്ചു: ബിബിന്‍ ജോര്‍ജ്
Entertainment
നായകനായ ശേഷം തൊട്ടടുത്ത സിനിമയില്‍ വില്ലനായി, ജീവിതത്തിലും ഞാന്‍ അതുപോലെയാണെന്ന് കരുതി ചിത്ര ചേച്ചി പേടിച്ചു: ബിബിന്‍ ജോര്‍ജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 1st July 2025, 9:01 am

മിമിക്രിയിലൂടെയും റിയാലിറ്റിഷോയിലൂടെയും സിനിമയിലേക്കെത്തിയ നടനാണ് ബിബിന്‍ ജോര്‍ജ്. വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയുടെ തിരക്കഥയൊരുക്കിക്കൊണ്ടായിരുന്നു സിനിമാ എന്‍ട്രി. ചെറിയ വേഷങ്ങളില്‍ തിളങ്ങിയ ബിബിന്‍ ഷാഫി സംവിധാനം ചെയ്ത ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയത്.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ഒരു യമണ്ടന്‍ പ്രേമകഥ എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ബിബിന്‍ ജോര്‍ജ്. ചിത്രത്തില്‍ വില്ലനായാണ് താരം പ്രത്യക്ഷപ്പെട്ടത്. നായകനായി അരങ്ങേറിയ ശേഷം തൊട്ടടുത്ത സിനിമയില്‍ വില്ലനായി വേഷമിട്ടത് വലിയ ചലഞ്ചായിരുന്നെന്ന് ബിബിന്‍ പറഞ്ഞു.

ദുല്‍ഖറിന്റെ വില്ലനാവുക എന്നത് അതിലും വലിയ ചലഞ്ചായിരുന്നെന്നും ആളുകള്‍ എങ്ങനെ സ്വീകരിക്കുമെന്ന് അറിയില്ലായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. അടുത്തിടെ ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുത്തപ്പോള്‍ കെ.എസ്. ചിത്രയെ കണ്ടിരുന്നെന്നും തനിക്ക് ഒരുപാട് ഇഷ്ടമുള്ളയാളാണ് അവരെന്നും ബിബിന്‍ പറയുന്നു.

താന്‍ ചിത്രയുടെ കാല് തൊട്ട് അനുഗ്രഹം വാങ്ങിയെന്നും അവര്‍ തന്നെ അനുഗ്രഹിച്ചെന്നും താരം പറഞ്ഞു. യമണ്ടന്‍ പ്രേമകഥയിലെ വില്ലന്‍ കഥാപാത്രം കണ്ട ശേഷം തന്റെ സ്വഭാവം അതാണെന്ന് ചിത്ര വിചാരിച്ചെന്നും ഈ സംഭവത്തോടെ അത് മാറിയെന്നും ബിബിന്‍ കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു താരം.

‘അഭിനയിച്ച പടങ്ങളില്‍ കുറച്ച് പ്രഷര്‍ തന്ന ക്യാരക്ടര്‍ യമണ്ടന്‍ പ്രേമകഥയിലെ റോളായിരുന്നു. ഒരുപാട് ആലോചിച്ച ശേഷമാണ് ഞാന്‍ ആ ക്യാരക്ടര്‍ ചെയ്തത്. പഴയ ബോംബ് കഥയില്‍ നായകനായി അരങ്ങേറിയ ശേഷം തൊട്ടടുത്ത പടത്തില്‍ വില്ലനാവുക എന്ന് പറയുന്നത് കുറച്ച് ചാലഞ്ചിങ്ങായിരുന്നു. അതും ദുല്‍ഖറിന്റെ വില്ലനെന്ന് പറയുമ്പോള്‍ തന്നെ അത് കടുപ്പമാണെന്ന് അറിയാമല്ലോ. ഇമേജിനെക്കുറിച്ച് ചിലപ്പോഴെങ്കിലും നമ്മള്‍ ആലോചിക്കും.

ഈയടുത്ത് സ്റ്റാര്‍ സിംഗറില്‍ ഗസ്റ്റായിട്ട് പോയിരുന്നു. ആ സമയത്ത് ചിത്ര ചേച്ചിയെ കണ്ടു. ഞാന്‍ ചേച്ചിയുടെ വലിയ ഫാനാണ്. ആ പരിപാടിയുടെ ഇടക്ക് ചിത്ര ചേച്ചിയുടെ കാല് തൊട്ട് വണങ്ങി. എന്നെ എഴുന്നേല്പിച്ച ശേഷം കെട്ടിപ്പിടിച്ചു. ‘താന്‍ ഇത്ര പാവമാണോ, ഞാന്‍ വിചാരിച്ചു ആ സിനിമയില്‍ കണ്ടതുപോലെ വെറും ദുഷ്ടനാണെന്ന്’ എന്നായിരുന്നു ചിത്ര ചേച്ചി പറഞ്ഞത്. സിനിമയെക്കുറിച്ച് നല്ല അറിവുള്ള ആളാണ് അങ്ങനെ വിചാരിക്കുന്നത്,’ ബിബിന്‍ ജോര്‍ജ് പറയുന്നു.

Content Highlight: Bibin George about his character in Oru Yemandan Premakadha movie