ഭീഷ്മര്‍ അവതരിച്ചു; ഭീഷ്മ പര്‍വ്വത്തിലെ ടൈറ്റില്‍ ട്രാക്ക് പുറത്തിറങ്ങി
Film News
ഭീഷ്മര്‍ അവതരിച്ചു; ഭീഷ്മ പര്‍വ്വത്തിലെ ടൈറ്റില്‍ ട്രാക്ക് പുറത്തിറങ്ങി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 6th March 2022, 8:36 pm

മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വം തിയേറ്ററുകളില്‍ നിറഞ്ഞാടുകയാണ്. ആരാധകര്‍ മാത്രമല്ല, യൂത്തും കുടുംബപ്രേക്ഷകരും ഒന്നടങ്കമാണ് ചിത്രത്തെ ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നത്.

മമ്മൂട്ടിയുടെ അഭിനയ മികവിനും അമല്‍ നീരദിന്റെ സംവിധാനത്തിനുമൊപ്പം തന്നെ കയ്യടിയാണ് സുഷിന്‍ ശ്യാമിന്റ സംഗീതത്തിനും ലഭിക്കുന്നത്. ആദ്യം പുറത്തിറങ്ങിയ ‘പറുദീസ’യും ശേഷമിറങ്ങിയ രതിപുഷ്പവും ചിത്രത്തിലെ ബാക്ക് ഗ്രൗണ്ട് സ്‌കോറുകളും എല്ലാം തന്നെ ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ ഒഫീഷ്യല്‍ ടൈറ്റില്‍ ട്രാക്ക് പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംഗീത സംവിധായകനായ സുഷിന്‍ ശ്യാം. തന്റെ യൂട്യൂബ് ചാനല്‍ വഴിയാണ് സുഷിന്‍ ടൈറ്റില്‍ ട്രാക്ക് പങ്കുവെച്ചിരിക്കുന്നത്. ‘ബി നൊട്ടോറിയസ്’ എന്ന ടൈറ്റില്‍ ട്രാക്ക് ഇതിനോടകം തന്നെ നിരവധി ആളുകളാണ് കണ്ടിരിക്കുന്നത്.

അതേസമയം, മൈക്കിളപ്പന്‍ കയറി കൊളുത്തി എന്നാണ് പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. ദിവസം കഴിയും തോറും തിയേറ്ററുകളിലെ തിരക്ക് കൂടുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.

ഭീഷ്മ പര്‍വ്വത്തിന്റെ ടിക്കറ്റ് ലഭിക്കാനായി തിയേറ്ററുകള്‍ക്ക് മുന്നില്‍ വലിയ തിരക്കാണ് രൂപപ്പെടുന്നത്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് മുന്നില്‍ വലിയ ഗതാഗത കുരുക്ക് സൃഷ്ടിക്കപ്പെടുന്ന സ്ഥിതിയുമുണ്ടാകുന്നുണ്ട്.

കഴിഞ്ഞ ദിവസം കോഴിക്കോട് മാവൂര്‍ റോഡിലെ കൈരളി ശ്രീ തിയേറ്ററിന് മുന്നില്‍ രൂപപ്പെട്ട ഗതാഗത കുരുക്കിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. അരയിടത്ത് പാലം വരെ നീണ്ട ഗതാഗത കുരുക്കാണ് മാവൂര്‍ റോഡിലുണ്ടായത്.

400 ഓളം സ്‌ക്രീനില്‍ കളിച്ചിട്ടും ഓരോ ദിവസം കൂടുതോറും, കൂടെയുള്ള പടങ്ങളുടെ എല്ലാം തിയേറ്റര്‍ എടുത്ത് കളിച്ചിട്ടും അഡീഷണല്‍ പുലര്‍ച്ചെ ഷോകള്‍ ഓടിയിട്ടും ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണുള്ളത്.

ഏറെ നാളുകള്‍ക്ക് ശേഷം മമ്മൂട്ടി മാസ് ലുക്കിലെത്തിയ ചിത്രം എല്ലാവരേയും ഒരുപോലെ തൃപ്തിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.

വിദേശരാജ്യങ്ങളിലും സിനിമ നിറഞ്ഞ തിയേറ്ററുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. യു.എ.ഇയില്‍ ഹോളിവുഡ് ചിത്രം ബാറ്റ്മാന്‍ ഭീഷ്മയുടെ വരവോടെ പല തിയേറ്ററുകളില്‍ നിന്നും മാറ്റപ്പെട്ടു.

ബിഗ് ബിയുടെ തുടര്‍ച്ചയായ ‘ബിലാലാ’ണ് മമ്മൂട്ടിയും അമല്‍ നീരദും നേരത്തെ ചെയ്യാനിരുന്നതെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ പ്രോജക്റ്റ് നീളുകയായിരുന്നു. പകരം ഭീഷ്മ പര്‍വ്വം അപ്രതീക്ഷിതമായി പ്രഖ്യാപിക്കുകയായിരുന്നു.

അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മാണം. എ ആന്‍ഡ് എയാണ് ചിത്രത്തിന്റെ വിതരണം. ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്.


അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ഭീഷ്മ പര്‍വത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സുഷിന്‍ ശ്യാമാണ് സംഗീതം ഒരുക്കിയത്.

 

Content Highlight: Bheeshma Parvam , Title Track Rleased