ഗോവിന്ദന്‍ മാസ്റ്ററെന്നെ ചുവന്ന പൊന്നാടയണിയിച്ചു; ഓള്‍ ദി ബെസ്റ്റും പറഞ്ഞു: ഭീമന്‍ രഘു
Kerala News
ഗോവിന്ദന്‍ മാസ്റ്ററെന്നെ ചുവന്ന പൊന്നാടയണിയിച്ചു; ഓള്‍ ദി ബെസ്റ്റും പറഞ്ഞു: ഭീമന്‍ രഘു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th July 2023, 6:49 pm

തിരുവനന്തപുരം: ചുവന്ന പൊന്നാട അണിയിച്ച് നടന്‍ ഭീമന്‍ രഘുവിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. എ.കെ.ജി സെന്ററില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരായ വി. അബ്ദുറഹ്‌മാന്‍, വി. ശിവന്‍കുട്ടി, സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയി എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ഉണ്ടായിരുന്നു.

സി.പി.ഐ.എമ്മിലേക്ക് വരാനുള്ള കാരണം ബി.ജെ.പിയില്‍ നിന്ന് മാനസികമായി വലിയ പ്രയാസങ്ങള്‍ അനുഭവിച്ചതിനെ തുടര്‍ന്നാണെന്ന് ഭീമന്‍ രഘു പറഞ്ഞു. ‘ബി.ജെ.പിയില്‍ നിന്ന് ഓരോ നിമിഷവും ഇറങ്ങിയോടാനാണ് തോന്നിയത്. സി.പി.ഐ.എം തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണം പാര്‍ട്ടിയുടെ കൃത്യമായ നിലപാടാണ്. അവര്‍ക്ക് കൃത്യമായ ഒരു ഘടനയുണ്ട്.

ഇനി മൂന്നാം പിണറായി സര്‍ക്കാര്‍ വരും. അതിനൊരു സംശയവും വേണ്ട. പാര്‍ട്ടിയില്‍ എന്ത് റോള്‍ വഹിക്കണമെന്നുള്ള നിര്‍ദേശമൊന്നും എം.വി. ഗോവിന്ദന്‍ നല്‍കിയില്ല. ഓള്‍ ദി ബെസ്റ്റ് പറഞ്ഞു. ബാക്കിയൊക്കെ അവരുടെ തീരുമാനങ്ങളാണ്. നമുക്ക് പറയാനാകില്ല.

ബി.ജെ.പി അപമാനിക്കുകയല്ല, എന്നെ തഴയുകയാണ് ചെയ്തത്. ചിന്തിക്കാന്‍ കഴിയുന്നവര്‍ക്ക് ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. കഴിവുകള്‍ കാണിക്കാന്‍ അവസരം ബി.ജെ.പി തരുന്നില്ല,’ നടന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബി.ജെ.പി സ്ഥാനാര്‍ത്ഥി ആയിരിക്കെ 2016ലെ തെരഞ്ഞെടുപ്പ് സമയത്ത് ഒരുപാട് പ്രയാസം അനുഭവിച്ചെന്നും ഭീമന്‍ രഘു പറഞ്ഞു. ‘പ്രചാരണത്തിനായി സ്വന്തം വണ്ടിയെടുത്ത് ചെന്നപ്പോള്‍ പല സ്ഥലത്തും പാര്‍ട്ടി പ്രവര്‍ത്തകര്‍ കൃത്യസമയത്ത് എത്തിയിരുന്നില്ല. അതൊക്കെ മനപ്രയാസം ഉണ്ടാക്കി.

പത്തനാപുരത്ത് ഗണേഷ് കുമാറിന് വേണ്ടി മോഹന്‍ലാല്‍, പ്രിയദര്‍ശന്‍ അങ്ങനെ ഒരുപാട് ആളുകള്‍ വന്നു. അപ്പോള്‍ എനിക്കും സന്തോഷമുണ്ടായിരുന്നു. നമുക്ക് സുരേഷ് ഗോപിയൊക്കെ ഉണ്ടല്ലോ. അദ്ദേഹത്തെ ഞാന്‍ ഏഴും എട്ടും തവണ വിളിച്ചു നോക്കി കിട്ടിയില്ല.

ഈ കോളുകളെല്ലാം അദ്ദേഹത്തിന്റെ പി.എ ആണ് എടുത്തത്. സുരേഷ് ഗോപി സാര്‍ ബിസിയാണെന്ന് പറഞ്ഞു. ഞാന്‍ എന്നെ പരിചയപ്പെടുത്തി, ഇന്ന ആളാണെന്ന് പറഞ്ഞിട്ടും കാര്യമുണ്ടായില്ല. അവസാനം ഇനി വിളിക്കണ്ടെന്ന് വിചാരിച്ച് നില്‍ക്കുമ്പോഴാണ് സുരേഷ് ഗോപി ഫോണെടുക്കുന്നത്.

സുരേഷേ, ഇവിടുത്തെ ബഹളങ്ങളൊക്കെ അറിഞ്ഞില്ലേ, ഒരു ദിവസമെങ്കിലും ഈ പത്തനാപുരത്തൊന്ന് വന്നൂടെ എന്ന് ഞാന്‍ ചോദിച്ചു. അയ്യോ എന്റെ പൊന്നു ചേട്ടാ എനിക്ക് വരാന്‍ പറ്റില്ല. ഞാന്‍ പ്രധാനമന്ത്രിയുടെ കൂടെ ഉള്ള പ്രോഗ്രാമെല്ലാം ഏറ്റിരിക്കുകയാണെന്നാണ് മറുപടി നല്‍കിയത്,’ ഭീമന്‍ രഘു പറഞ്ഞു.

താഴേത്തട്ടില്‍ ഇറങ്ങി പ്രവര്‍ത്തിച്ചാലേ പച്ച പിടിക്കാന്‍ ബി.ജെ.പിക്ക് കഴിയൂവെന്നും രഘു കൂട്ടിച്ചേര്‍ത്തു. ‘സി.പി.എമ്മാണ കേരളത്തില്‍ ആ നിലയില്‍ പ്രവര്‍ത്തിക്കുന്നത്. 13,000 വോട്ട് തനിക്ക് പിടിക്കാനായി. മുമ്പ് 2000 വോട്ട് മാത്രമാണ് അവിടെ കിട്ടിയിരുന്നത്. നരേന്ദ്ര മോദി ബി.ജെ.പിയുടെ നേതാവാണ്. പ്രത്യേകിച്ച് ഒന്നും പറയാനില്ല.

രണ്ട് പേരാണ് കേരളത്തില്‍ ബി.ജെ.പിയെ ഭരിച്ചുകൊണ്ടിരിക്കുന്നത്. കെ. സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷ പദവിയില്‍ ശരിയായ പ്രവര്‍ത്തനമല്ല നടത്തിയത്. താന്‍ ബി.ജെ.പിക്കാരനായി പോയപ്പോ ഇപ്പൊ സിനിമയൊന്നും ഇല്ലേയെന്ന് പലയിടത്തും പലരും ചോദിച്ചു,’ അദ്ദേഹം പറഞ്ഞു.

 

Content Highlights: Bheeman reghu joins cpim and criticize bjp