പയ്യെ തിന്നാല്‍ പനയും തിന്നാം, മോദി ഇന്ത്യയെ നന്നാക്കാന്‍ നോക്കുകയാണ്, ബി.ജെ.പിയില്‍ വേറെ ഒരുത്തനേയും ഇഷ്ടമല്ല: ഭീമന്‍ രഘു
Film News
പയ്യെ തിന്നാല്‍ പനയും തിന്നാം, മോദി ഇന്ത്യയെ നന്നാക്കാന്‍ നോക്കുകയാണ്, ബി.ജെ.പിയില്‍ വേറെ ഒരുത്തനേയും ഇഷ്ടമല്ല: ഭീമന്‍ രഘു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 10th June 2022, 12:01 pm

തന്റെ താല്‍പര്യപ്രകാരമല്ല പത്തനാപുരത്തെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്ന് നടന്‍ ഭീമന്‍ രഘു. ജയിക്കില്ല എന്നറിഞ്ഞുകൊണ്ട് തന്നെയാണ് മത്സരിച്ചതെന്നും ബി.ജെ.പിയില്‍ തനിക്ക് ഇഷ്ടമുള്ള ഏക നേതാവ് നരേന്ദ്ര മോദി മാത്രമാണെന്നും ഭീമന്‍ രഘു കാന്‍ചാനല്‍മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘എന്‍.ഡി.എയില്‍ വരണമെന്നുള്ള ആഗ്രഹമൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. കേന്ദ്രത്തില്‍ നിന്നും ഒരാള്‍ വന്നൊരു ചോദ്യം ചോദിച്ചു, ദല്‍ഹിയില്‍ നിന്ന്, ആള്‍ടെ പേര് പറയുന്നില്ല. ഇപ്പോഴും പറയാന്‍ ഇഷ്ടപ്പെടാത്ത ഒരാളാണ്. രണ്ട് ആര്‍ട്ടിസ്റ്റുകള്‍ ഒരു സ്ഥലത്ത് സ്ഥാനാര്‍ത്ഥികളായി നില്‍ക്കുന്നുണ്ട്, താങ്കള്‍ക്ക് അവിടെ നിന്നൂടെയെന്ന് ചോദിച്ചു.

നിന്നാല്‍ ജയിക്കില്ല, ഉറപ്പല്ലേ അപ്പോള്‍ പിന്നെ ഞാന്‍ എന്തിനാണ് നില്‍ക്കുന്നത്. അല്ലടോ ഒന്ന് നിന്ന് നോക്ക്, കുറച്ചൊക്കെ ഇതിനെ പറ്റി പഠിക്ക്, താന്‍ പൊലീസിലല്ലേ, സിനിമയിലുമുണ്ടല്ലോ, രാഷ്ട്രീയവും കൂടി അറിയുന്നത് നല്ലതല്ലേ എന്ന് ചോദിച്ചു. എനിക്ക് താല്‍പര്യമൊന്നുമില്ല, നിര്‍ബന്ധമാണേല്‍ നില്‍ക്കാമെന്ന് പറഞ്ഞു. ബാക്കിയുള്ള കാര്യത്തെ പറ്റി ഒന്നുമറിയില്ല,’ ഭീമന്‍ രഘു പറഞ്ഞു.

‘അന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ്. അദ്ദേഹം എന്നെ വിളിച്ച് എന്‍.ഡി.എയില്‍ നില്‍ക്കാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ചു. താല്‍ര്യോമില്ല താല്‍പര്യകുറവുമില്ല എന്ന് ഞാന്‍ പറഞ്ഞു. എന്തായാലും നില്‍ക്കാന്‍ അദ്ദേഹം പറഞ്ഞു. നിന്നാലും കാര്യമൊന്നുമില്ല എന്നാലും ഞാന്‍ നില്‍ക്കാമെന്ന് പറഞ്ഞു. അങ്ങനെ പോയി നിന്നതാണ്.

ബി.ജെ.പിയില്‍ ഇഷ്ടപ്പെട്ട ഒരേ ഒരാളേ ഉള്ളൂ. നരേന്ദ്ര മോദി സര്‍. കാരണം അദ്ദേഹത്തിന്റെ ക്വാളിറ്റി. പയ്യെ തിന്നാല്‍ പനയും തിന്നാം. ഇപ്പോഴും ഇന്ത്യാ രാജ്യത്തെ നന്നാക്കാന്‍ ശ്രമിക്കുകയാണ് അദ്ദേഹം.

അദ്ദേഹത്തെ പറ്റി പുറത്തൊക്കെ എന്തൊക്കെയാ ആളുകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. അതൊന്നും കേള്‍ക്കാതെ അദ്ദേഹം മുമ്പോട്ട് പോവുകയാണ്. ആ മനുഷ്യനെ മാത്രമേ ഇഷ്ടമുള്ളൂ. ബാക്കി ബി.ജെ.പിയിലുള്ള ഒരുത്തനേം എനിക്ക് ഇഷ്ടമല്ല. അത് പോലെ അമിത് ഷാ. അവര്‍ നല്ല ടൈ അപ്പിലാണ്. പക്ഷേ അവരുടേത് പോലെയുള്ള രീതി കേരളത്തിലൊട്ടുമില്ല. കേരളത്തിലങ്ങനെ വരുമെന്ന് യാതൊരു പ്രതീക്ഷയുമില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Bheeman Raghu says Modi seeks to improve India and he does not like anyone else in BJP