മലയാളികളുടെ ഇഷ്ട നടിയാണ് ഭാവന. 2002ൽ കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയിൽ എത്തുന്നത്. അതിൽ പരിമളം എന്ന ഒരു ചെറിയ കഥാപാത്രമായിരുന്നു ഭാവനയുടേത്.
അങ്ങനെ ബിഗ് സ്‌ക്രീനിൽ എത്തിയ ഭാവന പിന്നീട് വളരെ പെട്ടെന്നായിരുന്നു തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി മാറിയത്. ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഭാവന അഭിനയിച്ചിരുന്നു.
ഇപ്പോൾ താൻ സോഷ്യൽ മീഡിയയിൽ ആക്റ്റീവ് അല്ലെന്ന് പറയുകയാണ് ഭാവന. ഹണി ബീ എന്ന സിനിമ ചെയ്യുന്ന സമയത്ത് അതിന്റെ സംവിധായകൻ ജീൻ തന്നോട് ഫേസ്ബുക്ക് തുടങ്ങാൻ പറഞ്ഞെന്നും പ്രൊമോഷനെല്ലാം ഉപകാരമാകുമെന്ന് പറഞ്ഞതുകൊണ്ട് താൻ അക്കൗണ്ട് തുടങ്ങിയെന്നും ഭാവന പറയുന്നു.
എന്നാൽ ഹണി ബീ എന്ന സിനിമ ഇറങ്ങി കൃത്യം ഒരു വർഷം കഴിഞ്ഞപ്പോൾ താൻ അക്കൗണ്ട് ഡിലീറ്റ് ആക്കിയെന്നും ഭാവന പറഞ്ഞു. എസ്. എസ് മ്യൂസിക്കിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഭാവന.
‘ഞാൻ ഫേസ്ബുക്കിൽ അക്കൗണ്ട് തുടങ്ങുന്നതിൽ ഒരു കഥയുണ്ട്. ഞാൻ മലയാളത്തിൽ ഹണി ബീ എന്ന് പറയുന്നൊരു സിനിമ ചെയ്തുകൊണ്ടിരിക്കുകയിരുന്നു. അപ്പോൾ ആ സിനിമയുടെ സംവിധായകൻ ജീൻ എന്റെ അടുത്ത് വന്ന് എന്നോട് ഒരു ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങാൻ പറഞ്ഞു.
ഞാൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ, സിനിമയുടെ പ്രൊമോഷനെല്ലാം അത് സഹായിക്കും, നീ ഒരു അക്കൗണ്ട് എന്തായാലും തുടങ്ങെന്ന് പറഞ്ഞു. അങ്ങനെ ഞാൻ ഫേസ്ബുക്ക് തുടങ്ങി, ഒരാളെ അത് മാനേജ് ചെയ്യാൻ വേണ്ടി അപ്പോയ്‌മെന്റും ചെയ്തു. എല്ലാം നിങ്ങൾ തന്നെ നോക്കണം എന്ന് ഞാൻ പറഞ്ഞു.
അങ്ങനെ ഹണി ബീ വലിയ ഹിറ്റായി കൃത്യം ഒരു വർഷം കഴിഞ്ഞപ്പോൾ അദ്ദേഹം വിളിച്ചിട്ട്, ഓണമായി ഒരു ഓണം ഫോട്ടോഷൂട്ട് നടത്തി അയക്ക്, ഫേസ്ബുക്കിൽ ഇടണമെന്ന് പറഞ്ഞു. ഞാൻ അദ്ദേഹത്തോട് അക്കൗണ്ട് തന്നെ ഡിലീറ്റ് ആക്കാൻ പറഞ്ഞു.
അതൊന്നും പറ്റില്ലെന്ന് അവർ കുറേ പറഞ്ഞു. പക്ഷെ എനിക്ക് ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യണമെന്ന് ഞാൻ വാശിപിടിച്ചു. അപ്പോഴേക്കും ഒരുപാട് റീച്ചെല്ലാം കയറിയിട്ടുണ്ടായിരുന്നു,’ ഭാവന പറയുന്നു.