മാറിയിരുന്നത് പേടിച്ചിട്ടാണെന്ന് അദ്ദേഹം മനസിലാക്കി; ഒരു തുടക്കക്കാരിയെ പോലെ ആയിരുന്നു ഞാന്‍: ഭാവന
Entertainment
മാറിയിരുന്നത് പേടിച്ചിട്ടാണെന്ന് അദ്ദേഹം മനസിലാക്കി; ഒരു തുടക്കക്കാരിയെ പോലെ ആയിരുന്നു ഞാന്‍: ഭാവന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 13th June 2025, 2:57 pm

മലയാളികളുടെ ഇഷ്ട നടിയാണ് ഭാവന. 2002ല്‍ കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയില്‍ എത്തുന്നത്.ബിഗ് സ്‌ക്രീനില്‍ എത്തിയ ഭാവന പിന്നീട് വളരെ പെട്ടെന്നായിരുന്നു തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി മാറിയത്.

ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഭാവന അഭിനയിച്ചിരുന്നു. ഇപ്പോള്‍ ഷാജി കൈലാസിനെ കുറിച്ചും ചിന്താമണി കൊലക്കേസ് സിനിമയെ കുറിച്ചും പറയുകയാണ് ഭാവന.

‘ഷാജി സാറിന് അദ്ദേഹത്തിന്റെ സിനിമയിലേക്ക് എന്താണ് വേണ്ടതെന്ന് കൃത്യമായി തന്നെ അറിയാം. പിന്നെ നമ്മള്‍ പെര്‍ഫോം ചെയ്യുമ്പോള്‍ തന്നെ റീ റെക്കോര്‍ഡിങ് ഇടുന്ന ഒരാളാണ്. ക്യാമറയുടെ പിന്നില്‍ ഇരുന്ന് അദ്ദേഹം തന്നെ ഇടക്കൊക്കെ ശബ്ദമുണ്ടാക്കുന്നത് കാണാം.

അത്രയും ഇന്‍വോള്‍വായി ഓരോ ഷോട്ടും എടുക്കുന്ന ആളാണ് അദ്ദേഹം. എപ്പോഴും ആ സിനിമയുടെ എഡിറ്റര്‍ വേര്‍ഷന്‍ അദ്ദേഹത്തിന്റെ മനസിലുണ്ടാകും. ഞാന്‍ വായിക്കാന്‍ തരുന്ന സീന്‍ വായിച്ചിട്ട് അവിടെ പോയി പറയുക മാത്രമാണ് ചെയ്യുന്നത്.

നമ്മള്‍ എന്തെങ്കിലും ചെയ്യുമ്പോള്‍ കറക്ഷന്‍സുണ്ടെങ്കില്‍ സാര്‍ തന്നെ പറഞ്ഞു തരും. ഞാന്‍ അദ്ദേഹത്തോടൊപ്പം ചിന്താമണി ചെയ്യുമ്പോള്‍ എനിക്ക് നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഷാജി സാറിന്റെ പടം ചെയ്യാന്‍ പോകുകയാണെല്ലോ എന്ന പേടിയായിരുന്നു.

ഞാന്‍ അന്ന് ഒരു തുടക്കക്കാരിയെ പോലെ തന്നെ ആയിരുന്നല്ലോ. പക്ഷെ അവിടെ എത്തി രണ്ട് ദിവസം കൊണ്ട് തന്നെ ഞാന്‍ ഓക്കെയായി. എനിക്ക് അന്ന് പേടിയുണ്ടെന്ന് സാറിന് മനസിലായിരുന്നു. കാരണം ഞാന്‍ പലപ്പോഴും അവിടുന്ന് മാറി ഇരിക്കുകയായിരുന്നു.

സാര്‍ അത് കാണുമ്പോഴൊക്കെ അവിടെ അടുത്ത് വന്നിരിക്കാന്‍ പറയുമായിരുന്നു. എന്തിനാണ് അവിടെ മാറിയിരിക്കുന്നതെന്ന് സാര്‍ ചോദിക്കും. പിന്നീട് ഷോട്ടുകളെ കുറിച്ചൊക്കെ പറഞ്ഞുതന്ന് നമ്മളെ വളരെ നന്നായി ഇന്‍വോള്‍വ് ചെയ്യിക്കും. അത്തരത്തില്‍ അന്ന് എന്നെ വളരെ കംഫോര്‍ട്ടബിളാക്കി. അതോടെ ആ പേടിയൊക്കെ മാറി,’ ഭാവന പറഞ്ഞു.

Content Highlight: Bhavana Talks About Her Experience Of Chinthamani Kolacase Movie