എനിക്കെന്നും കംഫേര്‍ട്ടായ നടന്‍; ആദ്യ രണ്ടുദിവസം അടുത്ത് നില്‍ക്കുമ്പോള്‍ നെര്‍വസായിരുന്നു: ഭാവന
Entertainment
എനിക്കെന്നും കംഫേര്‍ട്ടായ നടന്‍; ആദ്യ രണ്ടുദിവസം അടുത്ത് നില്‍ക്കുമ്പോള്‍ നെര്‍വസായിരുന്നു: ഭാവന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 15th April 2025, 8:27 pm

മലയാളികളുടെ ഇഷ്ട നടിയാണ് ഭാവന. 2002ല്‍ കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയില്‍ എത്തുന്നത്. അതില്‍ പരിമളം എന്ന ഒരു ചെറിയ കഥാപാത്രമായിരുന്നു ഭാവനയുടേത്.

അങ്ങനെ ബിഗ് സ്‌ക്രീനില്‍ എത്തിയ ഭാവന പിന്നീട് വളരെ പെട്ടെന്നായിരുന്നു തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി മാറിയത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഭാവന അഭിനയിച്ചിരുന്നു.

മലയാള സിനിമയില്‍ ഭാവനയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ആസിഫ് അലി. 2012ല്‍ ഒഴിമുറി എന്ന സിനിമയിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് ഹണി ബീ, ഹണി ബീ2, അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ തുടങ്ങിയ സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചു.

ഇപ്പോള്‍ ആസിഫ് അലിയെ കുറിച്ച് പറയുകയാണ് ഭാവന. തങ്ങള്‍ രണ്ടുപേരും സമപ്രായക്കാരാണെന്നും ഒരുപോലെ ഉള്ളവരാണെന്നും നടി പറയുന്നു. തങ്ങള്‍ എപ്പോഴും അടുത്ത കൂട്ടുകാരാണെന്നും ഒരു സിനിമ കണ്ട് വന്നാല്‍ പോലും പരസ്പരം അതിനെ കുറിച്ച് പറയാറുണ്ടെന്നും ഭാവന പറഞ്ഞു. സിനിമാ വികടന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘ആസിഫിന്റെ കൂടെ ഞാന്‍ നാലോ അഞ്ചോ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഒഴിമുറി, ഹണി ബീ, ഹണി ബീ2, അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍. അങ്ങനെ ഒരുമിച്ച് ഒരുപാട് വര്‍ക്ക് ചെയ്തിട്ടുണ്ട്.

അവന്റെ കൂടെ ഞാന്‍ ആദ്യ സിനിമ ചെയ്യുമ്പോള്‍ അവന്‍ സിനിമയിലേക്ക് വന്ന ഒരു സമയമാണ്. ആദ്യത്തെ രണ്ട് ദിവസം എന്റെ അടുത്ത് നില്‍ക്കുമ്പോള്‍ വളരെ നെര്‍വസായിരുന്നു.

പിന്നെ വളരെ പെട്ടെന്നായിരുന്നു ഞങ്ങള്‍ തമ്മില്‍ നല്ല ഫ്രണ്ട്ഷിപ്പിലേക്ക് വരുന്നത്. ഞങ്ങള്‍ രണ്ടുപേരും സമപ്രായക്കാരായിരുന്നു. രണ്ടുപേരും ഒരുപോലെ ഉള്ളവരുമായിരുന്നു. ഞങ്ങള്‍ പരസ്പരം നന്നായി അടിയുണ്ടാക്കും.

ആസിഫ് പലപ്പോഴും എന്റെ കൂടെ അഭിനയിക്കാന്‍ കംഫേര്‍ട്ടാണെന്ന് പറയാറുണ്ട്. ഞാനും പലപ്പോഴും എനിക്ക് ഒരുപാട് കംഫേര്‍ട്ടായ നടന്‍ ആസിഫ് അലി ആണെന്ന് പറയാറുണ്ട്.

ഞങ്ങള്‍ എപ്പോഴും ബെസ്റ്റ് ഫ്രണ്ട്‌സാണ്. ഇപ്പോള്‍ പോലും ഒരു സിനിമ കണ്ട് വന്നാല്‍ പരസ്പരം അതിനെ കുറിച്ച് പറയാറുണ്ട്. തൃശൂരില്‍ എപ്പോള്‍ വന്നാലും വിളിച്ചിട്ട് വീട്ടിലുണ്ടോയെന്ന് ചോദിക്കും. പരസ്പരം അങ്ങനെ കാണാറുണ്ട്,’ ഭാവന പറയുന്നു.


Content Highlight: Bhavana Talks About Friendship With Asif Ali