കമൽ സംവിധാനം ചെയ്ത് 2002ൽ പുറത്തിറങ്ങിയ നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ഭാവന സിനിമാമേഖലയിൽ എത്തുന്നത്. ചിത്രത്തിൽ പരിമളം എന്ന ഒരു ചെറിയ കഥാപാത്രമായിരുന്നു ഭാവനയുടേത്. മലയാള സിനിമയിലൂടെ ബിഗ് സ്‌ക്രീനിൽ എത്തിയ ഭാവന പിന്നീട് വളരെ പെട്ടെന്നായിരുന്നു തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി മാറിയത്. ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ഭാവന തന്റെ സാന്നിധ്യമറിയിച്ചു.
മൃഗങ്ങളോട് തനിക്കുള്ള സ്നേഹത്തെ കുറിച്ച് സംസാരിക്കുകയാണ് ഭാവന. എത്ര കാശ് തരാമെന്ന് പറഞ്ഞാലും, ലോകം തന്നെ തരാമെന്ന് പറഞ്ഞാലും താൻ ഒരു മൃഗത്തെയും അറിഞ്ഞുകൊണ്ട് ഉപദ്രവിക്കില്ലെന്ന് പറയുകയാണ് ഭാവന. എസ്. എസ് മ്യൂസിക് എന്റർടൈൻമെന്റ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഭാവന.
‘എത്ര കാശ് തരാം എന്ന് പറഞ്ഞാലും ഞാൻ ഒരു അനിമലിനെയും ഉപദ്രവിക്കില്ല. ഡോഗ്സ് എനിക്ക് സ്പെഷ്യൽ ആണ്. എന്നാലും ഡോഗ്‌സ് അല്ലാതെയും ഏത് മൃഗത്തിനെയും ഞാൻ അറിഞ്ഞുകൊണ്ട് ഒരിക്കലും ഉപദ്രവിക്കില്ല. ലോകം തന്നെ തരാമെന്ന് പറഞ്ഞാലും ഞാൻ ഒരു മൃഗത്തിനെ പോലും ഉപദ്രവിക്കില്ല. കാരണം എനിക്ക് മൃഗങ്ങളെ അത്രയേറെ ഇഷ്ടമാണ്,’ ഭാവന പറയുന്നു.
താൻ ചെയ്ത തമിഴ് സിനിമകളിൽ തനിക്ക് ഇഷ്ടപെട്ട ചിത്രങ്ങളെ കുറിച്ചും ഭാവന സംസാരിച്ചു.
‘ചിത്തിരം പേസുതെടി എന്ന സിനിമയാണ് തമിഴിൽ ഞാൻ ആദ്യമായി ചെയ്തത്. എന്റെ തമിഴ് എൻട്രിയാണ് ആ പടം. അതുകൊണ്ട് ആ സിനിമയെ ഒഴിവാക്കാൻ സാധിക്കില്ല. പിന്നീട് ചെയ്തത് വെയിൽ ആയിരുന്നു. ആ സിനിമയിൽ വളരെ കുറച്ച് സ്‌ക്രീൻ സ്‌പേസ് മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ.
പക്ഷേ, ഞാൻ ചെയ്തതിൽ ഏറ്റവും ഇന്റൻസായിട്ടുള്ള സീനുകൾ ആ സിനിമയിലാണ്. എന്റെ പേഴ്‌സണൽ ഫേവറെറ്റാണ് ആ പടം. അതുപോലെ ദീപാവലി. കുറച്ച് ഫണ്ണിയായിട്ടുള്ള, ഇടയ്ക്ക് ഓർമ പോകുന്ന ക്യാരക്ടറാണ് ആ പടത്തിൽ. അങ്ങനെയൊന്ന് ഞാൻ മുമ്പ് ചെയ്തിട്ടില്ല. ഇന്നും പലരും ആ പടത്തിനെക്കുറിച്ച് സംസാരിക്കാറുണ്ട്. അതുപോലെ എടുത്ത് പറയേണ്ട ഒന്നാണ് ജയം കൊണ്ടാൻ. ഇതൊക്കെയാണ് ആ ലിസ്റ്റിൽ എടുക്കേണ്ട സിനിമകൾ,’ ഭാവന പറഞ്ഞു.