സുരാജ് വെഞ്ഞാറമൂട് നായകനായ മദനോത്സവത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് ഭാമ അരുൺ. ആദ്യ ചിത്രത്തിലെ വേഷം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ വർഷത്തെ വലിയ വിജയങ്ങളിലൊന്നായ രേഖാചിത്രത്തിൽ ആസിഫ് അലിയുടെ നായികയായും ഭാമ വേഷമിട്ടു. മമ്മൂട്ടി നായകനായ ബസൂക്കയിലും ഭാമ അഭിനയിച്ചിട്ടുണ്ട്.
ബസൂക്ക എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ഭാമ അരുൺ. ബസൂക്ക തന്റെ സ്വപ്ന സാക്ഷാത്കാരമാണെന്ന് ഭാമ പറയുന്നു. മദനോത്സവത്തിലെ ആലീസ് എന്ന കഥാപത്രം കണ്ടിട്ടാണ് സംവിധായകൻ ഡീനോ ഡെന്നീസ് തന്നെ ബസൂക്കയിലേക്ക് വിളിക്കുന്നതെന്നും ആക്ഷൻ ഒക്കെയുള്ള കഥാപാത്രമാണെന്നും കിക് ബോക്സിങ് പഠിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നുവെന്നും ഭാമ പറഞ്ഞു.
ബസൂക്കയും തൻ്റെ സിനിമാ എൻട്രിയുമായി ഒരു കണക്ഷനുണ്ടെന്നും ബസൂക്ക അനൗൺസ് ചെയ്‌ത ദിവസമാണ് തന്റെ ആദ്യ സിനിമയായ മദനോത്സവത്തിന്റെ ടീസർ പുറത്തിറങ്ങിയതെന്നും നടി കൂട്ടിച്ചേർത്തു.
‘അവസാനം ഒരു മമ്മൂട്ടി ചിത്രത്തിൽ, ബസൂക്ക എന്റെ സ്വപ്ന സാക്ഷാത്കാരമാണ്. സിനിമയും എന്റെ കഥാപാത്രമായ സാനിയയും മികച്ച പ്രതികരണം നേടി മുന്നോട്ട് പോകുമ്പോൾ സന്തോഷത്തിന് അതിർവരമ്പില്ല. മദനോത്സവത്തിലെ ആലീസ് നാടൻ ലുക്കുള്ള സാധാരണക്കാരിയായിരുന്നു. ആ കഥാപാത്രം കണ്ടിട്ടാണ് സംവിധായകൻ ഡീനോ ഡെന്നിസ് എന്നെ ബസൂക്കയിലെ പൊലീസുകാരിയാകാൻ വിളിക്കുന്നത്.
തികച്ചും വ്യത്യസ്‌തമായ കഥാപാത്രം എന്നെക്കൊണ്ടു ചെയ്യാൻ കഴിയുമെന്ന് ഡീനോ വിശ്വസിച്ചിടത്തു നിന്നാണ് എൻ്റെ സ്വപ്‌നത്തിന് ചിറകുവെച്ചത്. ആക്ഷൻ ഒക്കെയുള്ള കഥാപാത്രമാണെന്നും കിക് ബോക്സിങ് പഠിക്കണമെന്നും പറഞ്ഞു. പരിശീലനം തുടങ്ങിയതിനൊപ്പം തന്നെ ഡീനോ ആവശ്യപ്പെട്ടില്ലെങ്കിൽ കൂടി ശരീരഭാരം കുറച്ചു കൂടാതെ പൊലീസുദ്യോസ്ഥരെ നിരീക്ഷിച്ച് അവരുടെ മാനറിസങ്ങളും മനസിലാക്കി. അങ്ങനെ ഞാൻ സാനിയയായി.
ബസൂക്കയും എൻ്റെ സിനിമാ എൻട്രിയുമായി ഒരു കണക്ഷനുണ്ട്. ബസൂക്ക അനൗൺസ് ചെയ്‌ത ദിവസമാണ് എന്റെ ആദ്യ സിനിമയായ മദനോത്സവത്തിന്റെ ടീസർ പുറത്തിറങ്ങുന്നത്. എന്നാൽ അന്നൊന്നും ചിന്തിച്ചിട്ടേയില്ല ബസൂക്കയിൽ ഞാനുമൊരു ഭാഗമാകുമെന്ന്.
ബസൂക്കക്ക് ശേഷം അഭിനയിച്ച സിനിമയാണ് രേഖാചിത്രം. അതിലും ‘മമ്മൂക്ക ഉണ്ട്’ എന്നതാണ് മറ്റൊരു ത്രിൽ. രേഖാചിത്രം റീലീസായി അധികം വൈകാതെ ബസൂക്കയും കൂടിയെത്തിപ്പോൾ എനിക്ക് ഡബിൾ ധമാക്ക. കരിയറിലെ മൂന്നു സിനിമകളിലും വേറിട്ട കഥാപാത്രങ്ങൾ ലഭിച്ചു എന്നത് ഹാട്രിക് സന്തോഷമാണ്,’ ഭാമ അരുൺ പറയുന്നു.