മഞ്ജുവിനോട് കണ്ട കാര്യങ്ങള്‍ പറഞ്ഞത് അതിജീവിതയല്ല, കാവ്യയുടെ അമ്മയാണ്; ഇവരുടെ കുടുംബ ജീവിതം ചര്‍ച്ച ചെയ്‌തേ പറ്റു: ഭാഗ്യലക്ഷ്മി
Kerala News
മഞ്ജുവിനോട് കണ്ട കാര്യങ്ങള്‍ പറഞ്ഞത് അതിജീവിതയല്ല, കാവ്യയുടെ അമ്മയാണ്; ഇവരുടെ കുടുംബ ജീവിതം ചര്‍ച്ച ചെയ്‌തേ പറ്റു: ഭാഗ്യലക്ഷ്മി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th April 2022, 3:33 pm

കൊച്ചി: നടി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ദിലീപ്, മഞ്ജു വാര്യര്‍, കാവ്യ മാധവന്‍ എന്നിവരുടെ കുടുംബ ജീവിതം വലിച്ചിഴക്കരുതെന്ന അഭിപ്രായങ്ങളോട് പ്രതികരിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. അതിജീവിതയ്ക്കുണ്ടായ അവസ്ഥ കാരണം ഇവരുടെ കുടുംബ ജീവിതത്തെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വിയോടായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.

ചാനലില്‍ കുടുംബ പ്രശ്‌നമെടുത്തിട്ടാണ് സംസാരിക്കുന്നതെന്ന് ചിലര്‍ പറയുന്നത് കേട്ടു. കുടുംബ പ്രശ്‌നത്തില്‍ നിന്നാണ് ഒരു പെണ്‍കുട്ടി തെരുവില്‍ അപമാനിക്കപ്പെട്ടത്, അതാണ് നമ്മള്‍ സംസാരിച്ചത്. ഒരു കുടുംബത്തിലുണ്ടായ പ്രശ്‌നം കാരണം, അവളുടെ ജീവിതം, അവളുടെ ഉറക്കം, മനസമാധാനം എല്ലാ നഷ്ടപ്പെടുമ്പോള്‍ ആ വിഷയം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്ന് ഭാഗ്യലക്ഷ്മി വ്യക്കമാക്കി.

കാവ്യ മാധവനുമായി ദിലീപിനുള്ള അടുപ്പമാണ് മഞ്ജു വിവാഹമോചനം നേടാന്‍ കാരണമായത്. ഈ ബന്ധം മഞ്ജു സ്ഥിരീകരിച്ചത് അതിജീവിത പറഞ്ഞപ്പോഴാണ്. അതാണ് ദിലീപിന്റെ വൈരാഗ്യത്തിന് കാരണം. എന്നാല്‍ ഇക്കാര്യം മഞ്ജുവിനോട് പറഞ്ഞത് അതിജീവിതയല്ല, കാവ്യയുടെ അമ്മയാണെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

നടിയെ ആക്രമിച്ച കേസില്‍ തുടരെ വന്നുകൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകളില്‍ ഞെട്ടിത്തരിച്ച അവസ്ഥയിലാണ് അതിജീവിതയെന്ന് ഭാഗ്യലക്ഷ്മി നേരത്തെ പറഞ്ഞിരുന്നു. സിനിമാ ലോകത്ത് മാത്രം ജീവിച്ച ആ പെണ്‍കുട്ടിക്ക് ഇനി എന്താണ് ചെയ്യേണ്ടെന്നതില്‍ ഭയമുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

ഈ കോടതിയില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടി അതിജീവിത നേരത്തെ കോടതികളെ സമീപിച്ചതാണ്. ആ ആവശ്യം കോടതി തള്ളിയതോടെ ഇനിയും ഞാന് നാണം കെടേണ്ടിവരുമോയെന്ന ഭയം അവരുടെ ഉള്ളിലുണ്ട്. കോടതിക്കെതിരെ പറഞ്ഞാല്‍ നമുക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുന്ന സ്ഥിതിയാണെന്നും ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തി.

രണ്ട് പബ്ലിക് പ്രോസിക്യൂട്ടര്‍മാരും രാജി വെച്ചപ്പോഴും ഞെട്ടിത്തരിച്ചിരിക്കുകയായിരുന്നു ആ പെണ്‍കുട്ടി. അവര്‍ക്കറിയില്ല എന്താണ് ചെയ്യേണ്ടതെന്ന്. ഇനി ചെയ്യേണ്ടതെന്തെന്നതിനെ സംബന്ധിച്ച് അന്വേഷണ സംഘവുമായി അവര്‍ സംസാരിച്ചേക്കും. നമുക്ക് പറയാന്‍ പറ്റുന്ന അഭിപ്രായം പോലും അവര്‍ക്ക് പറയാന്‍ പറ്റുന്നില്ല. അവരുടെ അവസ്ഥ ദയനീയമാണ്.

നമ്മളെല്ലാവരും പൊതുമധ്യത്തില്‍ സംസാരിക്കുന്നവരും ഇടപെടുന്നവരുമാണ്. ആ പെണ്‍കുട്ടി സിനിമ മാത്രം കണ്ട് ജീവിക്കുന്ന പെണ്‍കുട്ടിയാണ്. ഇതെല്ലാം കേട്ട് ഞെട്ടിത്തരിച്ച അവസ്ഥയിലാണ്, ഇനിയും സ്വമേധയാ മുന്നോട്ട് വരാന്‍ അവര്‍ക്ക് ഭയമുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

Content Highlights: Bhagyalakshmi says should speaks about kavya madhavan, Dileep, manju Warrier