സംവിധായകനായുള്ള ആദ്യ സിനിമയുടെ ആദ്യ ദിവസത്തെ ഷൂട്ടിങ്ങില് തന്നെ ഒരു താരത്തില് നിന്ന് ചതി നേരിടേണ്ടിവന്ന അനുഭവം പങ്കുവെച്ച് സംവിധായകന് ജിസ് ജോയ്.
ആസിഫ് അലി നായകനായെത്തിയ ‘ബൈസിക്കിള് തീവ്സ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. ആസിഫിനൊപ്പമുള്ള കോമ്പിനേഷന് സീനില് അഭിനയിക്കേണ്ട താരം മൂന്ന് മണിക്കൂര് കഴിഞ്ഞിട്ടും ലൊക്കേഷനില് എത്തിയില്ലെന്നും തുടര്ന്ന് നേരിട്ട് വിളിച്ചപ്പോഴാണ് താരം ദുബായിലാണെന്ന് അറിഞ്ഞതെന്നും ജിസ് ജോയ് പറഞ്ഞു.

‘എന്റെ ആദ്യ സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നത് സെപ്റ്റംബര് 14നാണ്. പിറ്റേന്ന് ഓണമാണ്. തേവര സേക്രഡ് ഹാര്ട്ട് കോളേജിലാണ് ഷൂട്ടിങ്. ആദ്യ സിനിമ തുടങ്ങുന്നതിന്റെ ഭയങ്കര എക്സൈറ്റ്മെന്റിലായിരുന്നു ഞാന്. അങ്ങനെ ആദ്യ ദിവസം ലൊക്കേഷനില് നില്ക്കുമ്പോള് ആസിഫിനൊപ്പം കോമ്പിനേഷന് സീനില് അഭിനയിക്കേണ്ട ഒരു താരം വന്നിട്ടില്ല.
പ്രൊഡക്ഷന് കണ്ട്രോളറോട് ചോദിച്ചപ്പോള് ഇപ്പോള് വരുമെന്നും വീട്ടില്നിന്ന് പുറപ്പെട്ടിട്ടുണ്ടെന്നുമാണ് പറഞ്ഞത്. അങ്ങനെ മൂന്ന് മണിക്കൂര് കാത്തുനിന്നപ്പോഴേക്കും എനിക്ക് മനസിലായി ഞാന് പറ്റിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന്. എന്റെ ആദ്യ സിനിമയുടെ ഫസ്റ്റ് ഡേ ഷൂട്ടാണെന്ന് ഓര്ക്കണം. താരത്തിന്റെ കയ്യില്നിന്ന് ചതി കിട്ടിക്കൊണ്ടിരിക്കുകയാണെന്ന് മനസിലായി.

അങ്ങനെ ഞാന് താരത്തെ വിളിച്ചു. അപ്പോള് അറബിയിലുള്ള വോയ്സ് ഓവറാണ് കേള്ക്കുന്നത്. ഞാന് തകര്ന്നുപോയി. നേരെ ഫോണെടുത്തു വിളിച്ചപ്പോള് അദ്ദേഹം ദുബായിലാണെന്ന് പറഞ്ഞു. സാര്, ഇന്ന് നമുക്ക് ഷൂട്ടിങ് ഉണ്ടെന്ന കാര്യം അറിയില്ലേ എന്ന് ചോദിച്ചപ്പോള്, തത്ക്കാലം വേറെ ആരെയെങ്കിലും വെച്ചോളൂ എന്നാണ് പറഞ്ഞത്.
സിനിമയുടെ ഒരു പരിപാടിയുണ്ടല്ലോ. അത് ഫസ്റ്റ് ഡേ തന്നെ എനിക്ക് മനസിലായി. ഞാന് പുള്ളിയുടെ കയ്യും കാലും പിടിച്ച് നിങ്ങളില്ലാതെ നടക്കില്ലെന്നും വേറെ ആരെയും പെട്ടെന്ന് കാസ്റ്റ് ചെയ്യാന് പറ്റില്ലെന്നുമൊക്കെ പറഞ്ഞു. അങ്ങനെ അന്ന് രാത്രിയിലെ ഫ്ളൈറ്റിന് അദ്ദേഹം വന്നു.
പിറ്റേന്ന് ഓണമാണ്. ആ ഓണം ഗംഭീരമായി സദ്യയൊക്കെ കഴിച്ച് ഞങ്ങള് ആ കോളേജില് ആഘോഷിച്ചു. ഓണം ആഘോഷിച്ചാണ് സിനിമ തുടങ്ങിയത്. ഓണം റിലീസ് എനിക്ക് ഉണ്ടായിട്ടില്ല,’ ജിസ് ജോയ് പറഞ്ഞു.
Betrayed by an actor on the first day of his debut film says Director Jis Joy
