ഛോട്ടാ മുംബൈ എന്ന പേരിനെ ഞാന്‍ എതിര്‍ത്തു; ടൈറ്റില്‍ മിഠായി കളറില്‍ എഴുതാമെന്ന് അദ്ദേഹം: ബെന്നി പി. നായരമ്പലം
Entertainment
ഛോട്ടാ മുംബൈ എന്ന പേരിനെ ഞാന്‍ എതിര്‍ത്തു; ടൈറ്റില്‍ മിഠായി കളറില്‍ എഴുതാമെന്ന് അദ്ദേഹം: ബെന്നി പി. നായരമ്പലം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 13th June 2025, 1:17 pm

അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ 2007ല്‍ പുറത്തിറങ്ങിയ സിനിമയാണ് ഛോട്ടാ മുംബൈ. മോഹന്‍ലാല്‍ നായകനായ ഈ ചിത്രം അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ എത്തുന്ന രണ്ടാമത്തെ സിനിമയായിരുന്നു.

ബെന്നി പി. നായരമ്പലത്തിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ഛോട്ടാ മുംബൈ നിര്‍മിച്ചത് മണിയന്‍പിള്ള രാജുവായിരുന്നു. മോഹന്‍ലാലിന് പുറമെ ഭാവന, സായ് കുമാര്‍, സിദ്ദിഖ്, കലാഭവന്‍ മണി, ഇന്ദ്രജിത്ത്, ജഗതി ശ്രീകുമാര്‍, രാജന്‍ പി. ദേവ്, മണിക്കുട്ടന്‍ തുടങ്ങി വലിയ താരനിരയായിരുന്നു ഈ സിനിമയില്‍ ഒന്നിച്ചത്.

ഛോട്ടാ മുംബൈ വര്‍ഷങ്ങള്‍ക്ക് ശേഷം റീ-റിലീസ് ചെയ്യപ്പെടുകയും തിയേറ്ററുകളില്‍ ഏറെ സ്വീകരിക്കപ്പെടുകയും ചെയ്തിരുന്നു. ഇപ്പോള്‍ മൂവിവേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ഛോട്ടാ മുംബൈ എന്ന ടൈറ്റിലിനെ കുറിച്ച് പറയുകയാണ് തിരക്കഥാകൃത്തായ ബെന്നി പി. നായരമ്പലം.

ഛോട്ടാ മുംബൈ എന്ന ടൈറ്റില്‍ അന്‍വറിന്റെ മനസില്‍ തുടക്കം മുതല്‍ക്കേ ഉണ്ടായിരുന്നു. ഈ കഥാപാത്രത്തെ കുറിച്ചും സന്ദര്‍ഭത്തെ കുറിച്ചും അന്‍വര്‍ ഞങ്ങളോട് ഡിസ്‌ക്കസ് ചെയ്യുമ്പോള്‍ തന്നെ ആ പേര് പറഞ്ഞിരുന്നു.

സത്യത്തില്‍ ഞാന്‍ ഛോട്ടാ മുംബൈ എന്ന പേരിനെ എതിര്‍ത്തിരുന്നു. ലാലേട്ടന്റെ പടം, ഛോട്ടാ മുംബൈ എന്ന പേര്. സിനിമ പറയുന്നത് ഒരു കോമഡി രീതിയിലാണ്. ലാലേട്ടന്‍ വരുന്നത് കുസൃതി നിറഞ്ഞ തമാശ കഥാപാത്രം പോലെയാണ്.

നരസിംഹവും ദേവാസുരവുമൊക്കെ കഴിഞ്ഞിട്ടാണ് ലാലേട്ടന്‍ നില്‍ക്കുന്നത്. അത്രയും ഹൈപ്പ് നിറഞ്ഞ ഇമേജിലാണ് ലാലേട്ടന്‍ അപ്പോഴുള്ളത്. അതുകൊണ്ട് ഛോട്ടാ മുംബൈ എന്നും ലാലേട്ടനെന്നും കേള്‍ക്കുമ്പോള്‍ ആളുകള്‍ക്ക് വേറെ പ്രതീക്ഷ വരും.

അവര് പ്രതീക്ഷിച്ചത് കിട്ടിയില്ലെങ്കില്‍ പിന്നെ അതിലൂടെ നമുക്ക് പണി കിട്ടും. ഞാന്‍ ഈ കാര്യങ്ങളൊക്കെ അന്‍വറിനോട് പറഞ്ഞിരുന്നു. അതിന് അന്‍വര്‍ പറഞ്ഞത് ‘ഛോട്ടാ മുംബൈ എന്ന് ടൈറ്റിലില്‍ നല്ല മിഠായി കളറില്‍ എഴുതാം’ എന്നായിരുന്നു.

ഭീകരപരിപാടി അല്ലെന്ന് അത് കണ്ടാല്‍ മനസിലാകുമെന്നും അന്‍വര്‍ പറഞ്ഞു. അങ്ങനെ ഡിസൈന്‍ ചെയ്താല്‍ ഒരു കളര്‍ഫുള്‍ പടമാണെന്ന് ആളുകള്‍ക്ക് മനസിലാകുമല്ലോ. എന്തൊക്കെ പറഞ്ഞിട്ടും എനിക്ക് പേടി ഉണ്ടായിരുന്നു. പക്ഷെ അന്‍വറിന് നല്ല കോണ്‍ഫിഡന്‍സ് ആയിരുന്നു.

നമുക്ക് വാസ്‌കോ എന്നോ വാസ്‌കോ ഡ ഗാമ എന്നോ ഇടാമെന്ന് ഞാന്‍ പറഞ്ഞതാണ്. അത്തരത്തിലുള്ള പല പേരുകള്‍ ഞാന്‍ പറഞ്ഞു കൊടുത്തിരുന്നു. പക്ഷെ അന്‍വര്‍ കുഴമില്ലെന്നും പറഞ്ഞ് ഈ പേരില്‍ തന്നെ പിടിച്ചു നിന്നു. അവസാനം ടൈറ്റിലിന്റെ ഡിസൈന്‍ കണ്ടപ്പോള്‍ കുഴപ്പമുണ്ടാകില്ല എന്ന് എനിക്കും തോന്നി,’ ബെന്നി പി. നായരമ്പലം പറഞ്ഞു.


Content Highlight: Benny P Nayarambalam Talks About Title Of Chotta Mumbai Movie