മനുഷ്യനെ ബാഹ്യരൂപത്തിന്റെ പേരില്‍ അവഗണിക്കരുത് എന്ന ആശയം തന്നെയാണ് ആ സിനിമയുടേത്: ബെന്നി. പി. നായരമ്പലം
Entertainment
മനുഷ്യനെ ബാഹ്യരൂപത്തിന്റെ പേരില്‍ അവഗണിക്കരുത് എന്ന ആശയം തന്നെയാണ് ആ സിനിമയുടേത്: ബെന്നി. പി. നായരമ്പലം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 14th June 2025, 10:19 am

 

മലയാളികള്‍ക്ക് മികച്ച സിനിമകള്‍ സമ്മാനിച്ചിട്ടുള്ള തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് ബെന്നി പി. നായരമ്പലം. 1993ല്‍ പുറത്തിറങ്ങിയ കൗശലം എന്ന ചിത്രത്തിലൂടെയാണ് ബെന്നി തിരക്കഥാലോകത്തേക്ക് എത്തിയത്. ബെന്നി.പി. നായരമ്പലത്തിന്റെ തിരക്കഥയില്‍ ശശി ശങ്കര്‍ സംവിധാനം ചെയ്ത് 2002ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കുഞ്ഞിക്കൂനന്‍. ദിലീപ് നവ്യനായര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയത്.

ഇപ്പോള്‍ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ബെന്നി.പി. നായരമ്പലം. ഒരു വ്യക്തിയെ നിറത്തിന്റെ പേരിലോ ബാഹ്യരൂപത്തിന്റെ പേരിലോ കളിയാക്കരുതെന്നും ഈ പോളിസി തന്നെയാണ് താന്‍ കുഞ്ഞിക്കൂനന്‍ എന്ന സിനിമയില്‍ സ്വീകരിച്ചതെന്നും അദ്ദേഹം പറയുന്നു. ഒരാളുടെ ബാഹ്യരൂപമല്ല, നന്മയാണ് എന്നും നിലനില്‍ക്കുകയെന്നും തന്റെ സിനിമയുടെ ആശയവും അതുതന്നെയായിരുന്നുവെന്നും ബെന്നി. പി. നായരമ്പലം കൂട്ടിച്ചേര്‍ത്തു.

ഒരിക്കലും മനുഷ്യനെ അവന്റെ ബാഹ്യരൂപം കൊണ്ട് അളക്കാന്‍ കഴിയില്ലെന്നും സൗന്ദര്യം എന്നത് ആപേക്ഷികം മാത്രമാണെന്നും അദ്ദേഹം പറയുന്നു. മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു. ബെന്നി.പി.നായരമ്പലം.

‘ഒരാളെ നിറത്തിന്റെ പേരിലോ, ശരീരത്തിന്റെ രൂപത്തിന്റെ പേരിലോ നമ്മള്‍ കളിയാക്കാന്‍ പാടില്ല. ഈ പോളിസിയാണ് കുഞ്ഞിക്കൂനനില്‍ ചെയ്തത്. സിനിമയുടെ മെയ്ന്‍ തീം തന്നെ അതാണ്. അതില്‍ കോമഡികള്‍ പലതുണ്ടെങ്കിലും ഒരാളുടെ ബാഹ്യരൂപമല്ല മറിച്ച് അവന്റെ നന്മ, അവന്റെ പ്രവര്‍ത്തി മുതലായവയാണ് എപ്പോഴും നിലനില്‍ക്കുക എന്നത് തന്നെയായിരുന്നു സിനിമയുടെ ആശയം.

ഇതിലെ കഥാപാത്രം ഒരു കൂനുള്ള ആളായതുകൊണ്ട് അവന്‍ അവഗണിക്കപ്പെടേണ്ട ആളല്ല എന്ന് പറയുന്ന സംഭവമാണ് സിനിമയില്‍ മൊത്തതില്‍ കാണുന്നത്. മനുഷ്യനെ ബാഹ്യമായ രൂപം കൊണ്ട് അളക്കാന്‍ പറ്റുമോ, ഒരാള്‍ക്ക് സൗന്ദര്യമുള്ളതുകൊണ്ട് അയാള്‍ നല്ലവനാണോ, സൗന്ദര്യമുള്ള എത്ര വില്ലന്‍മാരുണ്ട്. ദുഷ്ടന്മാരുണ്ട്. സൗന്ദര്യം എന്നത് ആപേക്ഷികമല്ലേ. അത് എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെടാം,’ ബെന്നി.പി. നായരമ്പലം പറയുന്നു.

Content Highlight: Benny P. Nayarambalam talks about the movie Kunjikunan