ദശമൂലം ദാമു ഇനിയുണ്ടാകില്ല; ആ സിനിമ വേണ്ടെന്ന് വെയ്ക്കാന്‍ കാരണങ്ങളുണ്ട്: ബെന്നി പി. നായരമ്പലം
Entertainment
ദശമൂലം ദാമു ഇനിയുണ്ടാകില്ല; ആ സിനിമ വേണ്ടെന്ന് വെയ്ക്കാന്‍ കാരണങ്ങളുണ്ട്: ബെന്നി പി. നായരമ്പലം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 13th June 2025, 8:21 am

മമ്മൂട്ടിയെ നായകനാക്കി 2009ല്‍ ഷാഫി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് ചട്ടമ്പിനാട്. ഈ സിനിമയില്‍ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച കഥാപാത്രമാണ് ദശമൂലം ദാമു.

പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമാപ്രേമികളും ട്രോളന്മാരും ഒന്നടങ്കം ദാമുവിനെ ഏറ്റെടുത്തിരുന്നു. ചട്ടമ്പിനാട് സിനിമയെക്കാളും മമ്മൂട്ടിയുടെ നായക വേഷത്തേക്കാളും ശ്രദ്ധ നേടാന്‍ സുരാജിന്റെ ദാമുവിന് സാധിച്ചിരുന്നു.

ഇതിനിടയില്‍ ദശമൂലം ദാമുവിനെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് ഒരു സിനിമ വരുമെന്ന പ്രഖ്യാപനം ഉണ്ടായിരുന്നു. അത് മലയാളികള്‍ ഏറ്റെടുത്തതുമാണ്. ദശമൂലം ദാമുവിന്റെ സിനിമ ഇനിയുണ്ടാകില്ലെന്ന് പറയുകയാണ് തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം.

ചട്ടമ്പിനാട് സിനിമക്ക് തിരക്കഥയൊരുക്കിയത് അദ്ദേഹമായിരുന്നു. ദശമൂലം ദാമുവിന്റെ സ്പിന്‍ ഓഫ് സിനിമ ഇനി വരില്ലെന്നും അങ്ങനെയൊരു സിനിമയ്ക്കുള്ള ശ്രമങ്ങള്‍ കുറേ നടത്തിയിരുന്നുവെന്നുമാണ് അദ്ദേഹം പറയുന്നത്.

സുരാജ് വെഞ്ഞാറമൂടിന് അതിനുള്ള ധൈര്യമില്ലെന്നും ആ സിനിമ ചെയ്യാമെന്ന് പറഞ്ഞിട്ട് പല സെറ്റപ്പിലും നോക്കിയിരുന്നെന്നും ബെന്നി പറയുന്നു. മൂവിവേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ദശമൂലം ദാമുവിന്റെ സ്പിന്‍ ഓഫ് സിനിമ ഇനി വരില്ല. അങ്ങനെയൊരു സിനിമയ്ക്കുള്ള ശ്രമങ്ങള്‍ കുറേ നടത്തിയിരുന്നു. പിന്നെ സുരാജിനും അതിനുള്ള ഒരു ധൈര്യമില്ല. ചെയ്യാമെന്ന് പറഞ്ഞിട്ട് പല സെറ്റപ്പിലും നോക്കിയിരുന്നു.

പിന്നെ അതിന്റെ പ്രസക്തിയങ്ങ് പോയി. ആ കഥാപാത്രം വന്നിട്ട് ഇപ്പോള്‍ ഒരുപാട് നാളായില്ലേ. എനിക്കും അതിനോടുള്ള താത്പര്യം നഷ്ടപ്പെട്ടു. അതുകൊണ്ട് എന്തായാലും ദശമൂലം ദാമു ഇനി ഉണ്ടാകില്ല,’ ബെന്നി പി. നായരമ്പലം പറയുന്നു.


Content Highlight: Benny P Nayarambalam Talks About Spinoff Of Dhashamoolam Damu