മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് ഛോട്ടാ മുംബൈ. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് 2007ല്‍ റിലീസ് ചെയ്ത ചിത്രം വലിയ വിജയമായി മാറി. മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍, ഇന്ദ്രജിത്, സിദ്ദിഖ്, കലാഭവന്‍ മണി തുടങ്ങി വന്‍ താരനിരയായിരുന്നു അണിനിരന്നത്. 4K സാങ്കേതിക വിദ്യയില്‍ റീമാസ്റ്റര്‍ ചെയ്ത് വീണ്ടും പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് വന്‍ വരവേല്പാണ് ലഭിച്ചത്.
ബെന്നി പി. നായരമ്പലമാണ് ഛോട്ടാ മുംബൈക്ക് വേണ്ടി തിരക്കഥ ഒരുക്കിയത്. ഇപ്പോള്‍ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. സംവിധായകന്‍ അന്‍വര്‍ റഷീദിന്റെ മേക്കിങ് കൊണ്ടുമാത്രം നിന്ന പടമാണ് ഛോട്ടാ മുംബൈ എന്നും മേക്കിങ് പാളിപ്പോയാല്‍ ചീറ്റിപോകേണ്ട പടമാണ് അതെന്നും ബെന്നി പി. നായരമ്പലം പറയുന്നു. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അന്‍വറിന്റെ മേക്കിങ് കൊണ്ട് നിന്ന പടമാണ് ഛോട്ടാ മുംബൈ. എവിടെയെങ്കിലും മേക്കിങ് പാളിപ്പോയാല്‍ ചീറ്റിപോകേണ്ട പടമാണ് അത്. കാരണം കഥ അങ്ങനെ ഗംഭീരമായൊന്നും ഇല്ലല്ലോ. തമാശകള്‍ വര്‍ക്ക് ഔട്ട് ചെയ്യിപ്പിക്കുക, പിന്നെ ഈ പാട്ടും ഡാന്‍സും ഒരു ആക്ഷന്‍ മൂഡ് പിടിക്കുക, ഒക്കെ ആയിരുന്നല്ലോ.
ബൈക്ക് ചേസിങ്ങൊക്കെ ഗംഭീരമായിട്ടാണ് അന്‍വര്‍ എടുത്തിരിക്കുന്നത്. അത് നൂറ് ശതമാനവും അന്‍വറിന്റെ ക്രെഡിറ്റ് തന്നെയാണ്. കഥയില്ലാതെ സിനിമയുണ്ടാകുന്നത് സത്യത്തില്‍ എഴുത്തുകാരന് ഒരു വെല്ലുവിളിയാണ്. എവിടെയെങ്കിലും ഒരു സീന്‍ ലൂസായാല്‍ പോലും പാളിപ്പോകാന്‍ ചാന്‍സുണ്ട്,’ ബെന്നി പി. നായരമ്പലം പറയുന്നു.