ലാലേട്ടന്റെ കുസൃതിയുള്ള കഥാപാത്രം; അത് ബാലന്‍സ് ചെയ്യാനാണ് കൂടെ ആ നടന്മാരെയിട്ടത്: ബെന്നി പി. നായരമ്പലം
Entertainment
ലാലേട്ടന്റെ കുസൃതിയുള്ള കഥാപാത്രം; അത് ബാലന്‍സ് ചെയ്യാനാണ് കൂടെ ആ നടന്മാരെയിട്ടത്: ബെന്നി പി. നായരമ്പലം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 13th June 2025, 6:30 am

മലയാളികള്‍ക്ക് മികച്ച സിനിമകള്‍ സമ്മാനിച്ചിട്ടുള്ള തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് ബെന്നി പി. നായരമ്പലം. 1993ല്‍ പുറത്തിറങ്ങിയ കൗശലം എന്ന ചിത്രത്തിലൂടെയാണ് ബെന്നി തിരക്കഥാലോകത്തേക്ക് എത്തിയത്.

പിന്നീട് അദ്ദേഹം ചട്ടമ്പിനാട്, ചാന്തുപൊട്ട്, തൊമ്മനും മക്കളും, ഛോട്ടാ മുംബൈ, അണ്ണന്‍ തമ്പി തുടങ്ങി ഹിറ്റ് സിനിമകള്‍ക്ക് തിരക്കഥയൊരുക്കി. ഇപ്പോള്‍ കുസൃതിയുള്ള ചില കഥാപാത്രങ്ങളെ പ്രേക്ഷകര്‍ സ്വീകരിക്കാത്തതിന്റെ കാരണം പറയുകയാണ് ബെന്നി പി. നായരമ്പലം.

ഏത് മനുഷ്യനും കുസൃതി കാണിക്കാന്‍ ഒരു രൂപവും പ്രായവുമുണ്ടെന്നും ആ പ്രായം കഴിഞ്ഞാല്‍ അയാള്‍ കുസൃതി കാണിച്ചാല്‍ ആളുകള്‍ക്ക് ചിലപ്പോള്‍ ഇഷ്ടപ്പെടില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. മൂവിവേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബെന്നി.

ഛോട്ടാ മുംബൈ സിനിമയില്‍ മോഹന്‍ലാലിന്റെ കഥാപാത്രം കുറച്ച് കുസൃതിയുള്ള ആളാണെന്നും അത് ബാലന്‍സ് ചെയ്യാന്‍ വേണ്ടിയാണ് മണിക്കുട്ടന്‍, ബിജു കുട്ടന്‍, സിദ്ദിഖ് എന്നിവരെയൊക്കെ കൂടെയിട്ടതെന്നും അദ്ദേഹം പറയുന്നു.

‘പ്രായം ഒരു വിഷയമാണ്. ഏത് മനുഷ്യനും കുസൃതി കാണിക്കാന്‍ ഒരു രൂപവും പ്രായവുമുണ്ട്. ആ പ്രായം കഴിഞ്ഞാല്‍ അയാള്‍ കുസൃതി കാണിച്ചാല്‍ ആളുകള്‍ക്ക് ചിലപ്പോള്‍ ഇഷ്ടപ്പെടില്ല. അതായത് കാണാന്‍ വളരെ പക്വതയുള്ള ഒരാള്‍ പിള്ളേരെ പോലെ പെരുമാറിയാല്‍ ‘ഇവന് ഇപ്പോഴും കുട്ടിക്കളി മാറിയിട്ടില്ല’ എന്നല്ലേ തോന്നുകയുള്ളൂ.

അതേസമയം അതിന് അനുസരിച്ചുള്ള പ്രായമുള്ള ഒരാളാണ് കുസൃതി കാണിക്കുന്നതെങ്കില്‍ നമ്മളത് ജെനുവിനായിട്ട് എടുക്കും. അതായത് കുസൃതിയുള്ള കഥാപാത്രമാണ് ചെയ്യുന്നതെങ്കില്‍ കൂടെ പ്രായത്തിന് അനുസരിച്ചിട്ടുള്ള കഥാപാത്രങ്ങളെയും എടുക്കണം.

ഛോട്ടാ മുംബൈയില്‍ ലാലേട്ടന്റെ കഥാപാത്രം കുറച്ച് കുസൃതിയുള്ള കഥാപാത്രമാണ്. അത് ബാലന്‍സ് ചെയ്യാന്‍ വേണ്ടിയാണ് മണിക്കുട്ടന്‍, ബിജു കുട്ടന്‍, സിദ്ദിഖ് എന്നിവരെയൊക്കെ കൂടെയിട്ടത്. അങ്ങനെയുള്ള ബുദ്ധി കാണിക്കണം.

അങ്ങനെയാണെങ്കില്‍ പ്രായത്തിനൊത്തെ തമാശകള്‍ പറയാം. തൊമ്മനും മക്കളും എന്ന സിനിമ ശ്രദ്ധിച്ചിട്ടുണ്ടോ. അതില്‍ രാജന്‍ പി. ദേവ് തമാശ പറയുന്നില്ലേ. മമ്മൂക്കയും ലാലേട്ടനും (ലാല്‍) പറയുന്നില്ലേ,’ ബെന്നി പി. നായരമ്പലം പറയുന്നു.


Content Highlight: Benny P Nayarambalam Talks About Character Of Mohanlal In Chotta Mumbai Movie