ബെന്നി പി. നായരമ്പലത്തിന്റെ രചനയില്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് ചാന്തുപൊട്ട്. ദിലീപ് രാധാകൃഷ്ണന്‍ എന്ന വേഷത്തിലെത്തിയ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. ദിലീപിനെ കൂടാതെ ഗോപിക, ലാല്‍, ഭാവന, ഇന്ദ്രജിത്, രാജന്‍ പി. ദേവ് തുടങ്ങിയ മികച്ച അഭിനേതാക്കള്‍ ചിത്രത്തിന് വേണ്ടി അണിനിരന്നിരുന്നു.
തന്റെ സഹപാഠിയില്‍ നിന്ന് പ്രചോദനമുള്‍കൊണ്ടാണ് ചാന്തുപൊട്ടിലെ കഥാപാത്രത്തെ എഴുതിയതെന്ന് ബെന്നി പി. നായരമ്പലം പറയുന്നു. ചാന്തുപൊട്ടിലെ കഥാപാത്രം ട്രാന്‍സ്ജെന്‍ഡര്‍ അല്ലെന്നും പെണ്‍കുട്ടിയെപോലെ വളര്‍ത്താന്‍ ശ്രമിച്ചതുകൊണ്ട് അറിയാതെ സ്‌ത്രൈണത വന്നതാണെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ഉദ്ദേശിച്ചതുപോലെയല്ല സിനിമക്ക് പുറത്തേക്ക് ആ കഥാപാത്രം വന്നതെന്നും ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു കഥാപാത്രമാണതെന്നും ബെന്നി കൂട്ടിച്ചേര്‍ത്തു. പലരും പരിഹസിക്കാനായി ആ കഥാപാത്രത്തെ ഉപയോഗിക്കുന്നത് കണ്ടപ്പോള്‍ വ്യക്തിപരമായി വിഷമമുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.
‘ചാന്തുപൊട്ടിലെ കഥാപാത്രം എന്റെ കൂടെ എട്ടാം ക്ലാസില്‍ ഒരു ബെഞ്ചില്‍ ഇരുന്ന് പഠിച്ച എന്റെ സഹപാഠിയായിരുന്നു. അവന് കുറച്ച് സ്‌ത്രൈണത ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ കുട്ടികളെല്ലാം അവനെ കളിയാക്കും. അത് കേള്‍ക്കുമ്പോള്‍ അവന് പലപ്പോഴും ദേഷ്യം വരുമായിരുന്നു. പലപ്പോഴും അവന്‍ ക്ലാസില്‍ വരാതെയായി.
അങ്ങനെ കുറേകാലം കഴിഞ്ഞ് ഞാന്‍ അവനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ മാനസികനില തെറ്റി വീട്ടില്‍ തന്നെ ചങ്ങലക്കിട്ടേക്കുകയാണെന്ന് അറിഞ്ഞു. ആ ഒരു വേദന മനസില്‍ കിടന്നതില്‍ നിന്നാണ് പിന്നീട് ഞാന്‍ ചാന്തുപൊട്ടിന്റെ കഥ എഴുതുന്നത്. നാടകരൂപത്തിലാണ് ഞാന്‍ ആ കഥ ആദ്യം എഴുതിയത്. അറബിക്കടലും അത്ഭുതവിളക്കും എന്ന പേരില്‍ ഞാന്‍ അതിനെ ആദ്യം നാടകമാക്കി ഞാനും രാജേട്ടനും (രാജന്‍ പി. ദേവ്) അതിലഭിനയിച്ചു.
സത്യം പറഞ്ഞാല്‍ അതൊരു ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രമല്ല. വളര്‍ത്ത് ദോഷംകൊണ്ട് അല്ലെങ്കില്‍ ഒരു പെണ്‍കുട്ടിയെപോലെ വളര്‍ത്താന്‍ ശ്രമിച്ചതുകൊണ്ട് അറിയാതെ സ്‌ത്രൈണത അയാളില്‍ കടന്ന് കൂടുകയും അയാള്‍ പുരുഷനാണെന്ന് തെളിയിക്കുകയും ചെയ്യുന്ന ഒരു കഥാപാത്രമാണ്. അയാള്‍ക്ക് ഒരു കുട്ടിയെല്ലാം ജനിക്കുന്നുണ്ട്.
ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു കഥാപാത്രമാണത്. സിനിമക്ക് പുറത്തേക്ക് ആ കഥാപാത്രം വന്നപ്പോള്‍ അവരെ നോക്കികണ്ടത് വേറെ രീതിയിലാണ്, പരിഹസിക്കപ്പെടുന്ന രീതിയിലാണ്. അത് പലപ്പോഴും വ്യക്തിപരമായി എനിക്ക് ദുഃഖമുണ്ടാക്കിയിട്ടുണ്ട്. പല വേദിയിലും ഞാനത് തുറന്ന് പറഞ്ഞിട്ടുമുണ്ട്,’ ബെന്നി പി. നായരമ്പലം പറയുന്നു.