ജോഷിയുടെ സംവിധാനത്തില്‍ മമ്മൂട്ടി, ഉഷ ഉതുപ്പ്, നെടുമുടി വേണു, ഗോപിക എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 2006ല്‍ പ്രദര്‍ശനത്തിനിറങ്ങിയ ചിത്രമാണ് പോത്തന്‍ വാവ. ലാല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ലാല്‍ നിര്‍മിച്ച ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിച്ചത് ബെന്നി പി. നായരമ്പലം ആണ്.
പോത്തന്‍ വാവയിലേക്ക് ഉഷ ഉതുപ്പിനെ കാസ്റ്റ് ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് ബെന്നി പി. നായരമ്പലം. പോത്തന്‍ വാവയിലെ ശക്തമായ സ്ത്രീ കഥാപാത്രമായ വക്കീലമ്മയെ ആര് ചെയ്യും എന്നതിനെ കുറിച്ച് ആലോചനകള്‍ വന്നിരുന്നുവെന്നും ഗോഡ്ഫാദറില്‍ എന്‍.എം പിള്ളയെ അവതരിപ്പിച്ചതുപോലെ ഫ്രഷ് ആയിട്ടുള്ള ആരെയെങ്കിലും ഇന്‍ട്രഡ്യൂസ് ചെയ്യണമെന്ന് നടന്‍ ലാല്‍ പറഞ്ഞെന്ന് ബെന്നി പി. നായരമ്പലം പറയുന്നു.
അങ്ങനെ ഉഷ ഉതുപ്പ് എന്ന പേരിലേക്ക് എത്തിയെന്നും കഥ പറഞ്ഞ ശേഷം ഉഷ ഉതുപ്പ് കരഞ്ഞെന്നും അദ്ദേഹം പറഞ്ഞു. എന്തിനാണ് കണ്ണ് നിറഞ്ഞെതെന്ന് ചോദിച്ചപ്പോള്‍ തന്റെയും കഥയിലേതുപോലെ ഒരു മിശ്ര വിവാഹം ആയിരുന്നെന്ന് ഉഷ ഉതുപ്പ് പറഞ്ഞെന്ന് ബെന്നി പി. നായരമ്പലം കൂട്ടിച്ചേര്‍ത്തു. സഫാരി ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പോത്തന്‍ വാവയില്‍ ശക്തമായ ഒരു സ്ത്രീ കഥാപാത്രം ഉണ്ട്. അമ്മയുടെ കഥാപാത്രം. വക്കീലമ്മ എന്ന് പറയുന്ന, ക്രിസ്ത്യാനി ആയിട്ടുള്ള നല്ല തന്റേടിയായിട്ടുള്ള ഒരു ക്യാരക്ടര്‍. ആ കഥാപാത്രമാകാന്‍ ഏത് നടിയെ സമീപിക്കണം എന്നുള്ളതിന് ഞങ്ങളുടെ ഇടയില്‍ ഒരു ആലോചന വന്നു. പലരുടെ പേരും നിര്‍ദേശങ്ങളില്‍ വന്നെങ്കിലും ലാലേട്ടന്‍ പറഞ്ഞത് ഇങ്ങനെ ഫ്രഷ് ആയിട്ടുള്ള ആരെങ്കിലും ആണെങ്കില്‍ നന്നായിരിക്കും എന്നാണ്.
ഗോഡ് ഫാദര്‍ എന്ന ചിത്രത്തിലെ എന്‍.എം പിള്ളയെയാണ് അദ്ദേഹം അതിന് ഉദാഹരണമായി പറഞ്ഞത്. എന്‍.എം പിള്ള സാറിനെ ഗോഡ്ഫാദറില്‍ കൊണ്ടുവന്നപോലെ ശക്തമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ നമുക്ക് ഇന്‍ട്രഡ്യൂസ് ചെയ്യാന്‍ പറ്റുന്ന ഒരാളായിരിക്കണം. അങ്ങനെ ഞങ്ങള്‍ പല പേരുകള്‍ ആലോചിച്ച കൂട്ടത്തിലാണ് ഗായിക ഉഷ ഉതുപ്പ് ആണെങ്കില്‍ എങ്ങനെ ഉണ്ടാകും എന്ന ആശയം വരുന്നത്.
ഞാനും ലാലേട്ടനും കൂടെ ഉഷ ചേച്ചിയുടെ അടുത്ത് പോയി കഥാപാത്രത്തെ കുറിച്ചും കഥയും പറഞ്ഞു. കഥ കേട്ടുകഴിഞ്ഞ ഉടനെ ഉഷ ചേച്ചിയുടെ കണ്ണെല്ലാം നിറഞ്ഞു. എന്തുപറ്റി, അത്രക്ക് ഫീലായോ എന്ന് ഞങ്ങള്‍ ചോദിച്ചപ്പോള്‍ ഉഷ ചേച്ചി പറഞ്ഞത് ‘എന്റെ ജീവിതവുമായി ഇതിന് വളരെ അടുത്ത ബന്ധമുണ്ട്, ഞാനും ഇന്റര്‍ കാസ്റ്റ് മാരേജ് ആണ്’ എന്നാണ്,’ ബെന്നി പി. നായരമ്പലം പറയുന്നു.