ബെംഗളൂരു അപകടം; സ്വമേധയാ കേസെടുത്ത് കര്‍ണാടക ഹൈക്കോടതി
national news
ബെംഗളൂരു അപകടം; സ്വമേധയാ കേസെടുത്ത് കര്‍ണാടക ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th June 2025, 1:42 pm

ബെംഗളൂരു: ചിഹ്നസ്വാമി സ്റ്റേഡിയത്തിന് സമീപം തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് കര്‍ണാടക ഹൈക്കോടതി. 11 പേരുടെ മരണത്തിനിടയാക്കുകയും 47 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട കേസ് കര്‍ണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ന് (വ്യാഴാഴ്ച) രാവിലെ അഭിഭാഷകര്‍ ഇടപെട്ട് ഹൈക്കോടതിയില്‍ വിഷയം അടിയന്തിരമായി പരാമര്‍ശിച്ചിരുന്നു. ആക്ടിങ് ചീഫ് ജസ്റ്റിസ് വി. കാമേശ്വര റാവു, ജസ്റ്റിസ് സി.എം ജോഷി എന്നിവരുടെ മുമ്പാകെയാണ് അടിയന്തര ഇടപെടലുണ്ടായത്. ഉച്ചയ്ക്ക് രണ്ടരയോടെ കോടതി കേസ് പരിഗണിക്കുമെന്നാണ് വിവരം.

ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും വിശദമായ വസ്തുതാ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സംസ്ഥാനത്തെ പ്രതിനിധീകരിച്ച് അഡ്വക്കേറ്റ് ജനറല്‍ ശശി കിരണ്‍ ഷെട്ടി കോടതിയെ അറിയിച്ചിരുന്നു.

സംസ്ഥാനത്തെ ഏതൊരു പൗരനെയും പോലെ തങ്ങള്‍ക്കും ആശങ്കയുണ്ടെന്നും ഏത് നിര്‍ദേശവും സ്വീകരിക്കാന്‍ തയ്യാറാണെന്നും എന്താണുണ്ടായതെന്ന് അന്വേഷിക്കുകയാണെന്നും അഭിഭാഷകന്‍ പറഞ്ഞു.

അതേസമയം 11 പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്നലെ ഉത്തരവിട്ടിരുന്നു. ദുരന്തം ഉണ്ടായത് എങ്ങനെയാണ് എന്ന കാര്യം പരിശോധിക്കാനാണ് അന്വേഷണം. 15 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഈ ദുരന്തം ഒഴിവാക്കാമായിരുന്നെന്നും സിദ്ധരാമയ്യ പ്രതികരിച്ചു. പരിപാടിയുടെ മുന്നൊരുക്കത്തിന് ലഭിച്ചത് ചുരുങ്ങിയ സമയമായിരുന്നെന്ന് പറഞ്ഞ സിദ്ധരാമയ്യ വിഷയത്തില്‍ ജില്ലാ ഭരണകൂടത്തില്‍ നിന്ന് വിശദീകരണം തേടുമെന്നും അറിയിച്ചു. വിഷയത്തെ രാഷ്ട്രീയവത്ക്കരിക്കരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി കുംഭമേളയിലടക്കം അപകടം നടന്നിട്ടില്ലേയെന്നും ചോദിച്ചിരുന്നു.

സംഭവത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ടീം വിശദീകരണവുമായി ഇന്നലെ രംഗത്തെത്തിയിരുന്നു. ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ് നടന്നതെന്നും ദുരന്തത്തില്‍ തങ്ങള്‍ അതീവ ദുഖിതരാണെന്നും ടീം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിക്കുകയുണ്ടായി.

മാധ്യമങ്ങളിലൂടെയാണ് തങ്ങള്‍ ഈ വിവരങ്ങള്‍ അറിഞ്ഞതെന്ന് പറഞ്ഞ ടീം പ്രശ്നങ്ങള്‍ അറിഞ്ഞയുടനെ പരിപാടിയില്‍ മാറ്റം വരുത്തിയതായും പ്രാദേശിക ഭരണകൂടത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചതായും അറിയിച്ചു.

ആര്‍.സി.ബി വിജയാഘോഷത്തിനിടെയാണ് തിക്കിലും തിരക്കിലും പെട്ട് 11പേര്‍മരിച്ചത്.
ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് അപകടം. പരിക്കേറ്റവരെ ബൗറിങ് ആശുപത്രിയിലും ലേഡി കഴ്സണ്‍ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.

അപകട സാധ്യത മുന്നില്‍ കണ്ട് പൊലീസ് നേരത്തെ വിക്ടറി പരേഡിന് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ കെ.സി.എയുടെ (കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ) നിര്‍ബന്ധപ്രകാരമാണ് പരിപാടി നടത്താന്‍ തീരുമാനിച്ചത്. അവസാന നിമിഷമാണ് പരേഡിന് സര്‍ക്കാര്‍ അനുമതി ലഭിച്ചത്. ഒന്നര കിലോ മീറ്റര്‍ ദൂരമാണ് പരേഡ് നടത്താന്‍ തീരുമാനിച്ചത്. പരേഡ് ഉണ്ടാവുമെന്ന് അറിയിച്ചതോടെ സ്റ്റേഡിയത്തിന് സമീപത്തേക്ക് വലിയ ജനക്കൂട്ടം എത്തിച്ചേരുകയായിരുന്നു.

Content Highlight: Bengaluru accident; Karnataka High Court registers suo motu case