ബംഗാള്‍ ഗവര്‍ണര്‍ ബി.ജെ.പി സേവകനും കഴിവുകെട്ടവനും; ബി.ജെ.പി നേതാക്കള്‍ക്ക് ആയുധങ്ങള്‍ കൈമാറുന്നു: തൃണമൂല്‍ എം.പി
India
ബംഗാള്‍ ഗവര്‍ണര്‍ ബി.ജെ.പി സേവകനും കഴിവുകെട്ടവനും; ബി.ജെ.പി നേതാക്കള്‍ക്ക് ആയുധങ്ങള്‍ കൈമാറുന്നു: തൃണമൂല്‍ എം.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th November 2025, 5:00 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദ ബോസിനെതിരെ ഗുരുതര ആരോപണങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി) എം.പി.

ടി.എം.സി പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ബി.ജെ.പി നേതാക്കളായ കുറ്റവാളികള്‍ക്ക് ആനന്ദ ബോസ്
ആയുധങ്ങളും അഭയവും നല്‍കുകയാണെന്ന് തൃണമൂല്‍ എം.പി കല്യാണ്‍ ബാനര്‍ജി ആരോപിച്ചു. ഗവര്‍ണര്‍ ഈ നടപടി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബി.ജെ.പി സേവകനും കഴിവുകെട്ടവനുമായ ഒരു ഗവര്‍ണര്‍ നിലവിലുള്ളിടത്തോളം കാലം പശ്ചിമ ബംഗാളില്‍ ഒരു നല്ല കാര്യവും സംഭവിക്കാന്‍ പോകുന്നില്ലെന്നും കല്യാണ്‍ ബാനര്‍ജി പറഞ്ഞു.

അതേസമയം, തൃണമൂല്‍ എം.പിയുടെ വാക്കുകള്‍ വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്.

ബാനര്‍ജിയുടെ ആരോപണങ്ങള്‍ പ്രകോപനപരവും നിരുത്തരവാദപരവുമാണെന്ന് ഗവര്‍ണര്‍ ആനന്ദ ബോസ് പറഞ്ഞു. എം.പി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ് ഭവനിനുള്ളില്‍ ആയുധങ്ങളും വെടിക്കോപ്പുകളും ഉണ്ടെന്ന് ഒരു എം.പി പറയുമ്പോള്‍ സംസ്ഥാനത്ത പൊലീസ് സേനയിലുള്ള വിശ്വാസക്കുറവ് പ്രകടിപ്പിക്കുകയാണോ എന്നും ഗവര്‍ണര്‍ ചോദ്യം ചെയ്തു.

രാജ്ഭവന്‍ കല്യണ്‍ ബാനര്‍ജിക്കും പൊതുജനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും വേണ്ടി തുറന്നിട്ടിരിക്കുകയാണ്. എല്ലാവര്‍ക്കും വന്ന് നോക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബാനര്‍ജി മാപ്പ് പറയണമെന്ന് ഔദ്യോഗികമായി രാജ് ഭവന്‍ ഓഫീസ് ആവശ്യപ്പെടുകയും ചെയ്തു.

പൊലീസ് കാവല്‍ നില്‍ക്കുന്ന രാജ്ഭവന്റെ പരിസരത്തേക്ക് ആയുധങ്ങളും വെടിക്കോപ്പുകളും എങ്ങനെ കൊണ്ടുവരാന്‍ സാധിക്കും. ഗവര്‍ണറുടെ Z കാറ്റഗറി സുരക്ഷയെ ചോദ്യം ചെയ്യുന്ന നടപടിക്ക് എതിരെ അന്വേഷണം വേഗത്തിലാക്കണമെന്നും രാജ് ഭവന്‍ ആവശ്യപ്പെട്ടു.

തൃണമൂല്‍ കോണ്‍ഗ്രസിന്റെയും മമത ബാനര്‍ജിയുടെയും മാനസികനില തെറ്റിയിരിക്കുകയാണ് ബി.ജെ.പി എം.പി ജഗനാഥ് സര്‍ക്കാര്‍ പറഞ്ഞു. പാര്‍ലമെന്റ് അംഗത്തിന്റെ ഇത്തരമൊരു പരാമര്‍ശത്തിനെതിരെ നടപടി വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

Content Highlight: Bengal Governor is a BJP servant and incompetent; Handing over weapons to BJP leaders: Trinamool MP