സച്ചിന്‍ ബേബിയെയും ധവാനെയും കൈവിട്ടു; മലയാളി താരം ബേസില്‍ തമ്പിയെ നിലനിര്‍ത്തി ഹൈദരാബാദ്
ipl 2018
സച്ചിന്‍ ബേബിയെയും ധവാനെയും കൈവിട്ടു; മലയാളി താരം ബേസില്‍ തമ്പിയെ നിലനിര്‍ത്തി ഹൈദരാബാദ്
ന്യൂസ് ഡെസ്‌ക്
Friday, 16th November 2018, 12:04 am

ഹൈദരാബാദ്: ഐ.പി.എല്‍ പുതിയ സീസണിന് മുന്നോടിയായി സച്ചിന്‍ ബേബി ഉള്‍പ്പെടെ 9 താരങ്ങളെ റിലീസ് ചെയ്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ശിഖര്‍ ധവാനെ ഉള്‍പ്പടെ അലക്‌സ് ഹെയില്‍സ്, വൃദ്ധിമന്‍ സാഹ, കാര്‍ലോസ് ബ്രാത്‌വൈറ്റ്, ക്രിസ് ജോര്‍ദ്ദാന്‍ എന്നിവരെയാണ് ഹൈദരാബാദ് ഒഴിവാക്കിയത്.

മലയാളി താരം ബേസില്‍ തമ്പിയെ ടീമില്‍ നിലനിര്‍ത്തിക്കൊണ്ടാണ് സണ്‍റൈസേഴ്‌സ് അഴിച്ചുപണി നടത്തിയത്. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് ഈ സീസണില്‍ താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കിയ വിവാദ നായകന്‍ ഡേവിഡ് വാര്‍ണറെയും ടീം നിലനിര്‍ത്തിയിട്ടുണ്ട്. ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ത്ഥ് കൗള്‍ തുടങ്ങി 17 താരങ്ങളെയും ധവാന് പകരം കിട്ടിയ മൂന്ന് താരങ്ങളെയും ഉള്‍പ്പെടെ 20 താരങ്ങളെയാണ് സണ്‍റൈസേഴ്‌സ് നിലനിര്‍ത്തിയിരിക്കുന്നത്.

Read Also : ഐ.പി.എല്‍; 11 ഇന്ത്യന്‍ താരങ്ങളെ നിലനിര്‍ത്തി രാജസ്ഥാന്‍; 10 താരങ്ങളെ ഒഴിവാക്കി മുംബൈ ഇന്ത്യന്‍സ്

അതേസമയം സണ്‍റൈസേഴ്സ് ഹൈദരാബാദിനായി വീണ്ടും കളിക്കാനായതില്‍ സന്തോഷമുണ്ടെന്ന് പേസര്‍ ബേസില്‍ തമ്പി പറഞ്ഞു. ഐ.പി.എല്‍ ഇന്ത്യന്‍ ടീമിലേക്കുള്ള വഴിയാണ്. അവിടെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞാല്‍ സെലക്റ്റര്‍മാരുടെ ശ്രദ്ധനേടാന്‍ സാധിക്കുമെന്നും ബേസില്‍ പറഞ്ഞു.

സണ്‍റൈസേഴ്സ് ഒരു സന്തുലിതമായ ടീമാണ്. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അവര്‍ക്കൊപ്പം കളിക്കാന്‍ കഴിയുന്നത് വലിയകാര്യം. വിദേശ താരങ്ങളെ ഉപയോഗിക്കുന്നതില്‍ പോലും വ്യക്തമായ പദ്ധതിയുണ്ട് ടീമിന്. അങ്ങനെയൊരു ടീമില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു.